ഇന്ധനം നിറയ്ക്കാന്‍ വണ്ടി നിര്‍ത്തിയിട്ട് കാര്‍ ഡ്രൈവര്‍ ശുചിമുറിയില്‍ പോയി തിരിച്ചുവന്നപ്പോള്‍ കണ്ടത് കാറില്‍ തീപടരുന്ന കാഴ്ചയായിരുന്നു.  

ഹൈദരാബാദ്: പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നതിനിടെ കാര്‍ പൊട്ടിത്തെറിച്ചു. സ്കോഡാ സുപെര്‍ബ് ആണ് പൊട്ടിത്തെറിച്ചത്. ഇന്ധനടാങ്ക് അടച്ച ഉടനെ വാഹനത്തില്‍ നിന്ന് പുക ഉയരുകയും കത്തിപ്പിടിക്കുകയുമായിരുന്നു. ഇന്ധനം നിറയ്ക്കാന്‍ വണ്ടി നിര്‍ത്തിയിട്ട് കാര്‍ ഡ്രൈവര്‍ ശുചിമുറിയില്‍ പോയി തിരിച്ചുവന്നപ്പോള്‍ കണ്ടത് കാര്‍ കത്തിപ്പിടിച്ച കാഴ്ചയായിരുന്നു. 

ഏറെ ദൂരം ഡ്രൈവ് ചെയ്തതിനാല്‍ കാറ് ചൂടായതായിരിക്കാം ഇന്ധനം നിറച്ച ഉടനെ തീ പടരാന്‍ കാരണമായതെന്ന് പൊലീസ് പറഞ്ഞു. ആപകടത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. കാര്‍ കത്തിയതോടെ ഡ്രൈവറും ഉടമയും ഓടിയെത്തി. പെട്രോള്‍ പമ്പിലെ ജീവനക്കാരും സമനയോചിതമായി ഇടപെടുകയും അഗ്നിശമനസേനയെ വിവരമറിയിക്കുകയും ചെയ്തു.

പൊലീസും രക്ഷാപ്രവര്‍ത്തകരും 10 മിനുട്ടിനുള്ളില്‍ എത്തി. ജീവനക്കാരും പൊലീസും അഗ്നിശമനസേനയും ചേര്‍ന്ന് തീയണച്ചു. കാറില്‍നിന്ന് തീ പമ്പിലേക്ക് പടരാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. വാഹനം പൂര്‍ണ്ണമായി കത്തി നശിച്ചു. പെട്രോള്‍ പമ്പ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരിക്കുകയാണ്.