പാലക്കാട്: ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാര്‍ പുഴയില്‍ വീണു. കഴിഞ്ഞദിവസം രാത്രി പാലക്കാടാണ് സംഭവം.  പാലക്കാട് നിന്നും തൃശൂര്‍ പട്ടിക്കാട്ടേക്കു സഞ്ചരിച്ചവരാണ് അപകടത്തില്‍പ്പെട്ടത്.

പട്ടിക്കാട്ട് കാരിക്കൽ സെബാസ്റ്റ്യനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കുതിരാനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി പട്ടിക്കാട്ടേക്കു പോകാൻ ഗൂഗിള്‍ മാപ്പ് നോക്കിയാണ് ഓടിച്ചത്. അങ്ങനെ തിരുവില്വാമല വഴി കൊണ്ടാഴിയിലേക്കു പോകാൻ തടയണയിലൂടെ കയറി. പക്ഷേ രാത്രിയായതിനാൽ വെള്ളം യാത്രികരുടെ ശ്രദ്ധയിൽ പെട്ടില്ല. ഒഴുക്കിൽ പെട്ടതോടെ കാർ പുഴയിലേക്കു മറിയുകയായിരുന്നു. രാത്രി എട്ടരയോടെയാണ് സംഭവം. എഴുന്നള്ളത്തുകടവ് തടയണയുടെ തിരുവില്വാമല ഭാഗത്തു വച്ചാണ് കാര്‍ പുഴയിലേക്കു കൂപ്പു കുത്തിയത്.  കാറില്‍ അഞ്ചുപേരുണ്ടായിരുന്നു. ഇവര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. 

അടുത്തിടെ ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഈ സെപ്റ്റംബറില്‍ കാഞ്ഞങ്ങാട് നിന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു വന്ന കുടുംബം സഞ്ചരിച്ച കാർ തളിപ്പറമ്പില്‍ വച്ച് ചിറയില്‍ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. അതുപോലെ മൂന്നംഗ വിനോദയാത്രാസംഘം സഞ്ചരിച്ചിരുന്ന കാര്‍ പാലമറ്റം - നേര്യമംഗലം റോഡിലെ ചാരുപാറയിൽ പുതുക്കിപ്പണിയാൻ പൊളിച്ചുനീക്കിയ പാലത്തിന്റെ വലിയ കിടങ്ങിൽ കാർ വീണിരുന്നു. ഈ അപകടത്തിലും യാത്രികര്‍ അത്ഭുതകരമായി രക്ഷപെട്ടിരുന്നു. ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ചതായിരുന്നു ഈ അപകടങ്ങളുടെയൊക്കെ കാരണം.