അപകടത്തില്‍ പറന്നുയര്‍ന്ന് കാര്‍. വീഡിയോ വൈറല്‍

തിരക്കൊഴിഞ്ഞ റോഡിലൂടെ നിങ്ങള്‍ വണ്ടിയോടിച്ചു പോകുന്നതിനിടെ പൊടുന്നനെ ഒരു വാഹനം അപ്രതീക്ഷിതമായി മുന്നിലേക്ക് പറന്നുവീണാലോ? ആരുമൊന്ന് നടുങ്ങും. അത്തരമൊരു വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 

അമേരിക്കയിലെ കാലിഫോർണിയിലെ യൂബ സിറ്റിയിൽ നടന്ന അപകടത്തിന്‍റെ വീഡിയോ ആണിതെന്ന് ഡയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓടിക്കൊണ്ടിരുന്ന മറ്റൊരു വാഹനത്തിന്റെ ഡാഷ് ബോർഡ് ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ദ ലൈഫ് ഓഫ് മൈക്ക് ആന്റ് ഫാം എന്ന യൂട്യൂബ് ചാനലാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. വാഹനമോടിച്ചിരുന്നത് ഒരു സ്ത്രീയാണെന്നും നിസാര പരിക്കുകളോടെ അവർ രക്ഷപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

തിരക്കില്ലാത്ത റോഡിലൂടെ പൊയ്ക്കൊണ്ടിരുന്ന ഒരു വാഹനത്തിന്‍റെ മുന്നിലേക്ക് മറ്റൊരു കാർ പറന്നുവന്ന്​ വീഴുകയായിരുന്നു. ഈ കാറിന്‍റെ ഡാഷ്​ ബോർഡ്​ ക്യാമറയിലാണ്​ അപകടം പതിഞ്ഞത്​. ഞെട്ടിക്കുന്ന ആ കാഴ്‍ച കണ്ട് ഈ കാറില്‍ ഉണ്ടായിരുന്നവർ അലറി വിളിക്കുന്നതും കേൾക്കാം. അതിവേഗത്തിലായിരുന്ന കാർ മണ്‍തിട്ടയിൽ ഇടിച്ച് ആകാശത്തേക്ക് ഉയർന്ന്​ സമീപത്തെ റോഡിൽ വന്ന്​ പതിക്കുകയായിരുന്നു. ഇലക്ട്രിക് ലൈനുകളുടെ ഇടിയിലൂടെ ഒരു പാലത്തിന് മുകളിലൂടെയാണ് കാർ പറന്നത് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റോഡില്‍ തിരക്ക്​ കുറവായതിനാൽ വൻ ദുരന്തമാണ്​ ഒഴിവായത്​. ഹൈവേയിലുണ്ടായ ഒരു അപകടത്തിന് ശേഷം നിർത്താതെ പോയ കാറാണ് അപകടത്തില്‍പ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona