മുംബൈ: കടൽതീരത്ത്കൂടി വാഹനം ഓടിച്ച് പോകുന്നതിനിടെ തിരമാലകളില്‍ അകപ്പെട്ട് പോയ കാറിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. മഹാരാഷ്ട്രയിലെ വിരാർ ന​ഗരത്തിലെ ബീച്ചിലാണ് സംഭവം. തിരമാലകളിൽപ്പെട്ട് കാർ കടലിലേക്ക് ഒലിച്ച് പോകാൻ തുടങ്ങുമ്പോഴേക്കും കാറിന്റെ ഡോർ തുറന്ന് കരയിലേക്ക് ഓടിരക്ഷപ്പെടുന്ന യാത്രക്കാരനെയും വീഡിയോയിൽ കാണാം.
 
കടൽതീരത്ത്കൂടി കാറൊടിച്ച് പോകുന്നതിനിടെ കാർ മണ്ണില്‍ പൂണ്ടുപോകുകയായിരുന്നു. തീരത്ത് നിന്ന് കരയിലേക്ക് കാർ ഓടിക്കാൻ  ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതിനിടയിലാണ് ശക്തമായ തിരമാലയടിച്ച് കാർ കടലിലേക്ക് ഒലിച്ച് പോകാൻ തുടങ്ങിയത്. കാറില്‍ നിന്ന് യാത്രക്കാരൻ ഇറങ്ങി ഓടുന്നത് കണ്ട ചിലയാളുകൾ രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് പാല്‍ഘണ്ഡ് പൊലീസ് വ്യക്തമാക്കി.