Asianet News MalayalamAsianet News Malayalam

കാറിടിച്ച് കിണര്‍ഭിത്തി തകര്‍ന്നു, 32 അടി താഴ്‍ചയില്‍ പതിച്ച് കുട്ടികള്‍, പിന്നെ നടന്നത്..

കഴിഞ്ഞദിവസം രാവിലെ എട്ടിന് വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ നിന്ന് കാർ പുറത്തേക്ക് ഇറക്കുന്നതിനിടെയായിരുന്നു അപകടം. അബദ്ധത്തിൽ അമിതവേഗതയിൽ നീങ്ങിയ കാര്‍ മുറ്റത്തെ കിണറിന് നേരെ പാഞ്ഞു. 

Car hit on well wall and children fell in to well
Author
Ponkunnam, First Published Jul 13, 2021, 7:12 PM IST


വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ നിന്ന് മുന്നോട്ടെടുത്ത കാർ നിയന്ത്രണം വിട്ട് സമീപത്തെ കിണറി​ന്‍റെ ഭിത്തി ഇടിച്ചു തകർത്തു. ഇതോടെ കിണറിന്‍റെ വക്കത്ത് ഇരിക്കുകയായിരുന്ന രണ്ടു കുട്ടികൾ കിണറ്റിലേക്ക് വീണു. കിണറ്റിലേക്ക് എടുത്തു ചാടിയ പിതൃസഹോദരൻ ഇരു കുട്ടികളെയും രക്ഷിച്ചു. കഴിഞ്ഞ ദിവസം കോട്ടയം പൊന്‍കുന്നത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

പനമറ്റം ഇലവനാൽ മുഹമ്മദ് ഷബീർ തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ നിന്ന് കാർ പുറത്തേക്ക് ഇറക്കുന്നതിനിടെയായിരുന്നു അപകടം. അബദ്ധത്തിൽ അമിതവേഗതയിൽ നീങ്ങിയ കാര്‍ മുറ്റത്തെ കിണറിന് നേരെ പാഞ്ഞു. തുടര്‍ന്ന് കിണറിന്‍റെ ഭിത്തി തകർത്ത കാർ കിണറിന്‍റെറ വക്കിൽ തങ്ങി നിന്നു. ഈ സമയം കിണർ മൂടിയിരുന്ന കമ്പിവലയിൽ ഷബീറിന്‍റെ മകൾ 14കാരി ഷിഫാനയും മടിയില്‍ ഷബീറി​ന്‍റെ അനുജൻ സത്താറി​ന്‍റെ നാലര വയസുകാരന്‍ മകൻ മുഫസിനും ഇരിക്കുന്നുണ്ടായായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കിണര്‍ ഭിത്തി തകര്‍ന്നതോടെ കുട്ടികള്‍ കിണറിലേക്ക് തെറിച്ചുവീണു. 32 അടി ആഴമുള്ള കിണറിൽ എട്ടടിയോളം വെള്ളമുണ്ടായിരുന്നു. ശബ്​ദം കേട്ട് ഓടിയെത്തിയ ഷബീറി​ന്‍റെ ജ്യേഷ്‍ഠൻ ഇ ജെ സക്കീർ ഹുസൈൻ മൗലവി കിണറ്റിലേക്ക് ചാടി. തുടര്‍ന്ന് കുട്ടികളെ വെള്ളത്തിൽനിന്ന് ഉയർത്തിനിർത്തി. 

ഭിത്തി ഇടിച്ചു തകർത്ത കാർ കിണറ്റിലേക്കു വീഴാറായ നിലയിലായിരുന്നു. കാറി​ന്‍റെ വലതുവശത്തെ മുൻചക്രം കിണറിന്‍റെ നടുവിലായി താഴേക്ക്​ പതിക്കാതെ തട്ടിയായിരുന്നു കാറിന്‍റെ നില്‍പ്പ്. ഇതിനിടെ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ഷബീർ ഇടതുവശത്തെ വാതിലിലൂടെ സുരക്ഷിതമായി പുറത്തിറങ്ങി.

ഈ സമയം നാട്ടുകാർ എത്തുന്നതു വരെ കുട്ടികളെ കൈകളിൽ ഉയർത്തിപ്പിടിച്ചു മൗലവി കിണറിലെ വെള്ളത്തില്‍ നീന്തി നിന്നു. നാട്ടുകാര്‍ എത്തിയ ശേഷം കയറിൽ കസേര കെട്ടിയിറക്കിയാണ് ഷിഫാനയെ കയറ്റിയത്. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് സക്കീർ ഹുസൈനെയും മുഫസിനെയും  പുറത്തെത്തിച്ചത്. വലയിൽ കയറ്റിയാണ് ഇരുവരെയും കരയിലെത്തിച്ചത്. 

കുട്ടികളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. പരിക്കുകള്‍ ഇല്ലാത്തതിനാൽ വിട്ടയച്ചു. കാഞ്ഞിരപ്പള്ളി ബസ് സ്​റ്റാൻഡ് പള്ളിയിലെ ഇമാമാണ് കുട്ടികളുടെ രക്ഷകനായ സക്കീർ ഹുസൈൻ മൗലവി. 
 

Follow Us:
Download App:
  • android
  • ios