കൊവിഡ് 19 വൈറസിനെ ചെറുക്കുന്നതിന്‍റെ ഭാഗമായി വിമാനങ്ങള്‍ ലാൻഡ് ചെയ്യാതിരിക്കാൻ റൺവേയിൽ വാഹനങ്ങൾ നിരത്തിയിട്ട് ഒരു വിമാനത്താവളം. ദക്ഷിണ അമേരിക്കൻ രാജ്യമായ  ഇക്വഡോറിലെ ഗ്വായാക്വിലിലെ വിമാനത്താവളത്തിലാണ് റണ്‍വേയില്‍ പൊലീസ് വാഹനങ്ങൾ നിരത്തിയിട്ടത്. 

കോറോണ വൈറസ് പടർന്നു പിടിച്ച സ്പെയ്നിലെ മാൻഡ്രിഡിൽ നിന്നെത്തിയ വിമാനവും ആംസ്റ്റർഡാമിൽ നിന്നെത്തിയ കെഎൽഎം വിമാനവും ലാൻഡ് ചെയ്യാതിരിക്കാനാണ് ഗ്വായാക്വിലിലെ ജോസ് ജാക്വിലിൻ ഡേ ഓൽമെഡോ വിമാനത്താവളത്തിൽ ഈ നടപടി. ഗ്വായാക്വിലിലെ മേയറുടെ നിർദ്ദേശപ്രകാരമായിരുന്നു നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡ് 19 ബാധയെത്തുടർന്ന് ഇക്കഡോർ അതിർത്തികളെല്ലാം അടച്ചിരുന്നുവെങ്കിലും വ്യോമപാത അടച്ചിരുന്നില്ല. കൊറോണ വൈറസ് ബാധിച്ച വിദേശികളെ സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകുന്നതിനായി എത്തുന്ന വിമാനങ്ങളായിരുന്നു ഇക്കഡോറിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിച്ചിരുന്നത്. ഗായാക്വിലിലെ സ്പാനിഷ് പൗരൻമാരെ നാട്ടിലെത്തിക്കാനായിരുന്നു വിമാനം എത്തിയത്. 

കോറോണ വൈറസ് ബാധ ഏറെയുള്ള രാജ്യങ്ങളിൽ നിന്നെത്തുന്ന വിമാനങ്ങളിലെ ജീവനക്കാരെ നഗരത്തിൽ പ്രവേശിപ്പിക്കുന്നതും ഒരു ദിവസം താമസിപ്പിക്കുന്നതും അപകടകമായതിനാലാണ് റൺവേയിൽ വാഹനങ്ങൾ ഇട്ടതെന്നാണ് മേയർ പറയുന്നത്.