ആധുനിക കാറുകളിലെ ഇലക്ട്രിക് ഫ്ലഷ് ഡോർ ഹാൻഡിലുകൾക്ക് ചൈന നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങുന്നു. അപകടസമയത്ത് വൈദ്യുതി നിലച്ചാൽ ഈ ഹാൻഡിലുകൾ പ്രവർത്തിക്കാതെ രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തുമെന്ന സുരക്ഷാ ആശങ്കകളാണ് ഇതിന് കാരണം.
ആധുനിക കാറുകളിൽ ഇലക്ട്രിക് ഫ്ലഷ് ഡോർ ഹാൻഡിലുകളുണ്ട്. ചില വാഹനങ്ങളിൽ, കീ അമർത്തുമ്പോൾ തന്നെ ഹാൻഡിൽ ഓട്ടോമാറ്റിക്കായി പുറത്തുവരും. ഇത് കാറിന് ഒരു ഫ്യൂച്ചറിസ്റ്റിക് ലുക്ക് നൽകുന്നു. ഇന്ത്യയിൽ ഇലക്ട്രിക് ഫ്ലഷ് ഡോർ ഹാൻഡിലുകളുള്ള കാറുകൾ ക്രമേണ വർദ്ധിച്ചുവരികയാണ്. എന്നാൽ ചൈന ഇപ്പോൾ അത്തരം ഡോർ ഹാൻഡിലുകൾക്ക് നിരോധനം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ.
3.5 ടണ്ണിൽ താഴെ ഭാരമുള്ള എല്ലാ പാസഞ്ചർ കാറുകളിലും പവർഡ് (ഇലക്ട്രിക്) ഡോർ ഹാൻഡിലുകൾ നിരോധിക്കാൻ ചൈന തീരുമാനിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഈ ഇലക്ട്രിക് ഡോർ ഹാൻഡിലുകൾ സ്റ്റൈലിഷും ഭാവിയിലേക്കുള്ളതുമായി കാണപ്പെടുന്നു. പക്ഷേ ഗുരുതരമായ ഒരു അപകടത്തിൽ കാറിന്റെ പവർ സപ്ലൈ വിച്ഛേദിക്കപ്പെട്ടാൽ അവ അപകടകരമായിരിക്കും എന്നാണ് ചൈനീസ് അധികൃതർ പറയുന്നത്. ചൈനീസ് ചട്ടങ്ങളിലെ പുതിയ മാറ്റങ്ങൾ അനുസരിച്ച്, 2027 ഓടെ ഇത്തരം ഡോർ ഹാൻഡിലുകൾ മാറ്റി സ്ഥാപിക്കേണ്ടിവരും എന്നാണ് റിപ്പോർട്ടുകൾ.
അപകടത്തിന് ശേഷം ഡോർ ഹാൻഡിലുകൾക്ക് മെക്കാനിക്കൽ സംവിധാനങ്ങൾ നിർബന്ധമാക്കാൻ ചൈനീസ് വ്യവസായ, വിവരസാങ്കേതിക മന്ത്രാലയം തീരുമാനിച്ചു. ഗുരുതരമായ റോഡപകടത്തിന് ശേഷം കാറിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷാപ്രവർത്തകർ പുറത്തെടുക്കാൻ ശ്രമിക്കുമ്പോൾ ഇലക്ട്രിക് ഡോർ ഹാൻഡിലുകൾക്ക് കാര്യമായ പ്രശ്‌നമുണ്ടാകും. അത്തരം നിരവധി സംഭവങ്ങൾ ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇലക്ട്രിക് ഡോർ ഹാൻഡിലുകൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് എന്നുമാണ് റിപ്പോർട്ടുകൾ.
എന്തുകൊണ്ടാണ് ഫ്ലഷ് ഡോർ ഹാൻഡിലുകൾ സ്ഥാപിച്ചിരിക്കുന്നത്?
ഡിസൈൻ, സർഗ്ഗാത്മകത, മെച്ചപ്പെട്ട എയറോഡൈനാമിക്സ് എന്നിവയ്ക്കായി കാർ കമ്പനികൾ ഫ്ലഷ് ഡോർ ഹാൻഡിലുകൾ നൽകുന്നു. ഈ ഹാൻഡിലുകൾ കാറിന്റെ ബോഡിയിൽ സുഗമമായി യോജിക്കുന്നു, ഇത് സ്റ്റൈലിഷ് ലുക്ക് സൃഷ്ടിക്കുകയും വായു പ്രതിരോധം കുറയ്ക്കുകയും ചെയ്യുന്നു.
അപകടങ്ങളും ബുദ്ധിമുട്ടുകളും
ഈ ഇലക്ട്രിക് ഡോർ ഹാൻഡിലുകൾക്ക് നിരവധി പ്രശ്‌നങ്ങളുണ്ട്. ഇക്കാരണത്താൽ അടുത്തകാലത്തായി ചൈനയിൽ ഈ ഡോർ ഹാൻഡിലുകൾ ചർച്ചാ വിഷയമാണ്. ഏറ്റവും പ്രധാനപ്പെട്ട പ്രശ്‍നം, അതിശൈത്യത്തിലോ തണുപ്പിലോ അവ തുറക്കാൻ ബുദ്ധിമുട്ടാണെന്ന് പലരും പരാതിപ്പെടുന്നു. കൂടാതെ, ഒരു അപകടത്തിൽ കാറിന്റെ വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെട്ടാൽ, അവ പൂർണ്ണമായും പ്രവർത്തനരഹിതമാകും. ഇത് രക്ഷാപ്രവർത്തനങ്ങൾ ബുദ്ധിമുട്ടാക്കുന്നു. വൈദ്യുത സംവിധാനം തകരാറിലായാൽ പല കാർ നിർമ്മാതാക്കളും മെക്കാനിക്കൽ ബാക്കപ്പ് നൽകുന്നു. എന്നാൽ ഇത് എല്ലാ കാറുകളിലും ലഭ്യമല്ല. ചൈനയിലെ ചില അപകടങ്ങളിൽ, ആളുകളും രക്ഷാപ്രവർത്തകരും മെക്കാനിക്കൽ ബാക്കപ്പ് തിരിച്ചറിയാനോ ഉപയോഗിക്കാനോ പരാജയപ്പെട്ടു. ഇത് അപകടത്തിൽ വലിയതോതിൽ ജീവൻ നഷ്‍ടപ്പെടുന്നതിന് ഇടയാക്കി.
ലോകവിപണിയിൽ സ്വാധീനം ചെലുത്തും
ചൈനയിൽ ഇലക്ട്രിക് പോപ്പ്-ഔട്ട് ഫ്ലഷ് ഡോർ ഹാൻഡിലുകൾ നിരോധിച്ചാൽ, അത് ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ജപ്പാനെ പോലും മറികടന്ന് ചൈന ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ കാർ കയറ്റുമതിക്കാരാണ്. തൽഫലമായി, ചൈനയിൽ നടപ്പിലാക്കിയ നിയന്ത്രണങ്ങൾ ചൈനീസ് കമ്പനികളെ ആഭ്യന്തര വിപണിക്കും കയറ്റുമതിക്കും വേണ്ടി അവരുടെ കാറുകളിൽ മാറ്റങ്ങൾ വരുത്താൻ നിർബന്ധിതരാക്കും. അതുപോലെ, ചൈനയിൽ തങ്ങളുടെ വാഹനങ്ങൾ വിൽക്കുന്ന വിദേശ കാർ കമ്പനികളും ചൈനയുടെ പുതിയ സുരക്ഷാ ചട്ടങ്ങൾ പാലിക്കേണ്ടിവരും. ഫ്ലഷ് ഡോർ ഹാൻഡിലിന്റെ രൂപകൽപ്പനയിലല്ല, ഇലക്ട്രിക് പ്രവർത്തനത്തിലായിരിക്കും നിരോധനം എന്നത് ശ്രദ്ധിക്കേണ്ടതാണ്.

