2022 ഫെബ്രുവരിയിലെ ബ്രാൻഡുകളുടെയും അവയുടെ മോഡലുകളുടെയും വിൽപ്പന പ്രകടനത്തെ കുറിച്ച് കൂടുതലറിയാം

2021 ഫെബ്രുവരിയിലെ 3,08,593 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 2022 ഫെബ്രുവരിയിൽ 3,02,756 യൂണിറ്റ് വിൽപ്പനയോടെ 1.9 ശതമാനം ഇടിവോടെ അവസാനിച്ചു. 2022 ജനുവരിയിലെ 2,94,768 യൂണിറ്റ് വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യവസായം കഴിഞ്ഞ മാസം 3,02,756-യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. മാത്രമല്ല, സർക്കാർ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുകയും കൊവിഡ് 19 കേസുകളുടെ കുറവുകളിൽ ഗണ്യമായ പുരോഗതി കൈവരിക്കുകയും ചെയ്‌തതോടെ, കഴിഞ്ഞ മാസം രാജ്യത്ത് നിരവധി പുതിയ കാർ ലോഞ്ചുകളും നടന്നു. 

വില്‍പ്പന കണക്കുകള്‍ പ്രകാരം മാരുതി സുസുക്കി രാജ്യത്തെ മുൻനിര വാഹന നിർമ്മാതാക്കളായി തുടരുന്നു, ഹ്യുണ്ടായ് , ടാറ്റ മോട്ടോഴ്‌സ് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. മൊത്തത്തിൽ, ടാറ്റ മോട്ടോഴ്‌സും മഹീന്ദ്രയും വിൽപ്പനയിൽ വലിയ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു. 2022 ഫെബ്രുവരിയിലെ ബ്രാൻഡുകളുടെയും അവയുടെ മോഡലുകളുടെയും വിൽപ്പന പ്രകടനത്തെ കുറിച്ച് കൂടുതലറിയാം

മാരുതി സുസുക്കി
2022 ഫെബ്രുവരിയിൽ മാരുതി സുസുക്കി 1,33,948 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിലെ 1,44,761 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 7.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. സെമി കണ്ടക്ടര്‍ ചിപ്പുകളുടെ വിതരണത്തിലെ ദൗർലഭ്യം ബാധിച്ച പ്രധാന വാഹന നിർമ്മാതാക്കളിൽ ഒന്നാണ് മാരുതി സുസുക്കി. 

ഹ്യുണ്ടായി
2021 ഫെബ്രുവരിയിലെ 51,600 യൂണിറ്റ് വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 ഫെബ്രുവരിയിൽ 44,050 യൂണിറ്റ് വിൽപ്പനയുമായി 14.6 ശതമാനം ഇടിവുണ്ടായിട്ടും ഹ്യുണ്ടായി രണ്ടാം സ്ഥാനത്ത് തുടരുന്നു. മാരുതി സുസുക്കിയെപ്പോലെ, ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യൂണ്ടായിയും രാജ്യത്ത് കാര്യമായ സ്വാധീനം ചെലുത്തുന്നു. 

ടാറ്റ മോട്ടോഴ്‍സ്
2021 ഫെബ്രുവരിയിലെ 27,224 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം 39,980 യൂണിറ്റ് വിൽപ്പനയുമായി 46.9 ശതമാനം വളർച്ചയോടെ ടാറ്റ മോട്ടോഴ്‌സ് ശക്തമായി മുന്നോട്ടു കുതിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ടാറ്റ മോട്ടോഴ്‌സ് ഒരു ജനപ്രിയ ഉൽപ്പന്നവുമായി ഇന്ത്യൻ വിപണിയിൽ ശക്തമായി വളരുകയാണ്. 

മഹീന്ദ്ര
2021 ഫെബ്രുവരിയിലെ 15,380 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 2022 ഫെബ്രുവരിയിൽ 27,563-യൂണിറ്റ് വിൽപ്പനയുമായി മഹീന്ദ്ര ഈ പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുന്നു, അതുവഴി 79.2 ശതമാനം വളർച്ച കൈവരിച്ചു. 

കിയ ഇന്ത്യ
2021 ഫെബ്രുവരിയിലെ ഇതേ കാലയളവിലെ 16,702 യൂണിറ്റ് വിൽപ്പനയിൽ നിന്ന് കഴിഞ്ഞ മാസം 18,121 യൂണിറ്റ് വിൽപ്പനയുമായി രാജ്യത്തെ അഞ്ചാമത്തെ വലിയ വാഹന നിർമ്മാതാക്കളായി കിയ ഇന്ത്യ ഉയർന്നു. അതുവഴി കമ്പനി 8.5 ശതമാനം വളർച്ച കൈവരിക്കുന്നു. 

ടൊയോട്ട
വിൽപ്പനയിൽ 37.8 ശതമാനം ഇടിവുണ്ടായിട്ടും ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട ആറാം സ്ഥാനത്താണ്. 2021 ഫെബ്രുവരിയിലെ 14,069 യൂണിറ്റ് വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ കമ്പനി കഴിഞ്ഞ മാസം 8,745 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. ഹോണ്ടയെയും റെനോയെയും മറികടന്ന് ഈ വർഷം ജനുവരിയിൽ എട്ടാം റാങ്കിൽ നിന്ന് കഴിഞ്ഞ മാസം ആറാം സ്ഥാനത്തേക്ക് മാറാൻ ടൊയോട്ടയ്ക്ക് കഴിഞ്ഞു.

ഹോണ്ട
23 ശതമാനം ഇടിവ് മൂലം ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2021 ഫെബ്രുവരിയിൽ 9,324 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ കമ്പനി കഴിഞ്ഞ മാസം 7,187 യൂണിറ്റുകൾ വിറ്റു. 

റെനോ
കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 11,043 യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് 2022 ഫെബ്രുവരിയിൽ 6,568 യൂണിറ്റ് വിൽപ്പനയുമായി റെനോയുടെ വിൽപ്പന കഴിഞ്ഞ മാസം 40.5 ശതമാനം കുറഞ്ഞു. 

എംജി മോട്ടോർ
എംജി മോട്ടോർ ഇന്ത്യ, കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ 4,329 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 2022 ഫെബ്രുവരിയിൽ 4,528 യൂണിറ്റ് വിൽപ്പനയുമായി രാജ്യത്ത് ഒമ്പതാം സ്ഥാനം അവകാശപ്പെടുന്നു, അതുവഴി 4.6 ശതമാനം വളർച്ച രേഖപ്പെടുത്തി. 

സ്കോഡ
സ്കോഡ ഇന്ത്യയ്ക്ക് ഒമ്പതാം സ്ഥാനം നഷ്‍ടമായത് വെറും 25 യൂണിറ്റുകൾക്ക് മാത്രമാണ്. 2021 ഫെബ്രുവരിയിലെ കേവലം 853-യൂണിറ്റ് വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ കമ്പനി കഴിഞ്ഞ മാസം ഇന്ത്യയിൽ 4,503-യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. അതുവഴി 428 ശതമാനം വളർച്ച രേഖപ്പെടുത്തി. 

ഫോക്സ്‍വാഗൺ
ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ ഒട്ടും പിന്നിലല്ല. വിൽപ്പനയിൽ ഫോക്സ്‍വാഗൺ 84.3 ശതമാനം വളർച്ച രേഖപ്പെടുത്തി എന്നാണ് കണക്കുകള്‍. 2022 ഫെബ്രുവരിയിൽ കമ്പനി 4,028 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 2,186 യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് വമ്പന്‍ വളര്‍ച്ച. 

നിസാൻ
ഈ പട്ടികയിലെ മറ്റൊരു ജാപ്പനീസ് വാഹന നിർമ്മാതാക്കളാണ് നിസാൻ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വിറ്റ 4,244 യൂണിറ്റുകളെ അപേക്ഷിച്ച് കമ്പനി കഴിഞ്ഞ മാസം 2,456 യൂണിറ്റുകൾ വിറ്റു, അതുവഴി 42.1 ശതമാനം ഇടിവ് രേഖപ്പെടുത്തി. മൊത്തം വിൽപ്പനയിൽ, 2,059-യൂണിറ്റ് വിൽപ്പന നിസാന്‍ മാഗ്‌നൈറ്റിൽ നിന്നുള്ളതാണ് .

ജീപ്പ്
ഇന്ത്യയിൽ കമ്പനിയുടെ വില്‍പ്പനയില്‍ വമ്പന്‍ എണ്ണം സൃഷ്ടിക്കുന്ന ജനപ്രിയ മോഡലാണ് ജീപ്പ് കോംപസ് . 2021 ഫെബ്രുവരിയിലെ 1,103 യൂണിറ്റ് വിൽപ്പനയിൽ നിന്ന് 2022 ഫെബ്രുവരിയിൽ കോംപസ് 1,020 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി, അതുവഴി എട്ട് ശതമാനം ഇടിവ് രേഖപ്പെടുത്തി.

സിട്രോണ്‍
ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോണിന് നിലവിൽ ഇന്ത്യയിൽ C5 എയർക്രോസ് എന്ന ഒരൊറ്റ മോഡൽ മാത്രമേ രാജ്യത്ത് വിൽപ്പനയ്‌ക്കുള്ളൂ. കഴിഞ്ഞ മാസം കമ്പനി C5 എയർക്രോസിന്റെ 59 യൂണിറ്റുകൾ രാജ്യത്ത് വിറ്റു. കമ്പനി തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നമായ C3 ഈ വർഷം അവസാനത്തോടെ രാജ്യത്ത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 


രാജ്യത്ത് പുതിയ കാർ ലോഞ്ചുകളുടെയും പുതിയ അനാച്ഛാദനങ്ങളുടെയും വിപുലമായ ശ്രേണിയിലൂടെ, വാഹന വ്യവസായം ഈ മാസം ശക്തമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല, സാമ്പത്തിക വർഷാവസാന ഡിസ്‌കൗണ്ടുകൾ രാജ്യത്തെ കാർ വിൽപ്പന കൂടുതൽ വർദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Source: Car Wale