വളരെ ജാഗ്രത ആവശ്യമുള്ള ഒരു പ്രവര്‍ത്തിയാണ് ഡ്രൈവിംഗ്. പലപ്പോഴും ചെറിയ അബദ്ധങ്ങളാവും ചെറുതും വലുതുമായ വാഹനാപകടങ്ങളിലേക്കും മറ്റും വഴിനയിക്കുന്നത്. അതുകൊണ്ടു തന്നെ അതീവ ശ്രദ്ധവേണം ഡ്രൈവിംഗില്‍. ഇക്കാര്യം ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്ന ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മെയിൻ റോഡിൽ നിന്ന് ചെറുറോഡിലെ ഇറക്കത്തിലേക്ക് യുടേൺ എടുത്ത കാറിന് സംഭവിച്ച അപകടത്തിന്‍റെ വീഡിയോ ആണിത്. വലതുവശത്തേക്ക് കൂടുതല്‍ ചേര്‍ത്തായിരുന്നു കാര്‍ ഡ്രൈവര്‍ വണ്ടി താഴേക്ക് ഇറക്കിയത്. ഇതിനിടെ താഴെ നിന്നുള്ള ചെറു റോഡിലൂടെ ഒരു ജീപ്പ് കയറ്റം കയറി വന്നു.

ഈ ജീപ്പിനെ കണ്ട് വശത്തേക്ക് ഒതുക്കുമ്പോൾ റോഡരികിലെ മൺതിട്ടയിലേക്ക് കാര്‍ പാഞ്ഞു കയറുകയും വാഹനം മറിയുകയുമായിരുന്നു. ഡ്രൈവിംഗിലെ പരിചയക്കുറവും ഡ്രൈവർ ഭയന്നു പോയതുമാകാം അപകടകാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവം നടന്ന സ്ഥലം വ്യക്തമല്ല. എന്നാല്‍ കാഞ്ഞിരപ്പള്ളി ഭാഗത്ത് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അവകാശപ്പെടുന്നുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

എന്തായാലും ഡ്രൈവിംഗില്‍ ആവശ്യമായ സൂക്ഷ്‍തയെക്കുറിച്ചും വളവുതിരിയുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമൊക്കെ ചില ഡ്രൈവര്‍മാരെയെങ്കിലും ജാഗരൂകരാക്കാന്‍ ഈ വീഡിയോ സഹായിക്കും എന്നുറപ്പ്.