കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെയാണ് സംഭവം. ലൊക്കേഷനില്‍ എത്തിയ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ഈ വാഹനങ്ങള്‍ പിടിച്ചെടുത്തത്

കൊച്ചി: മലയാള സിനിമയിലെ താരങ്ങൾക്കായി എത്തിച്ച കാരവാൻ ( Caravan) കസ്റ്റഡിയിൽ എടുത്ത് മോട്ടോര്‍ വാഹനവകുപ്പ് (MVD). നികുതി അടയ്ക്കാത്തതിനെ തുടര്‍ന്നാണ് സിനിമാതാരങ്ങൾക്ക് വിശ്രമിക്കാന്‍ എത്തിച്ച കാരവന്‍ കൊച്ചിയിലെ (Kochi) ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും പിടികൂടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുമ്പനം റോഡരികിലെ സിനിമ ചിത്രീകരണത്തിന് ഇടെയാണ് ഇതര സംസ്ഥാന രജിസ്‌ട്രേഷനിലുള്ള കാരവന്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുത്തത്. നികുതി അടയ്ക്കാതെ നിരത്തിലിറങ്ങിയ സാഹചര്യത്തിലാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്.

അത്യാധുനിക സൗകര്യങ്ങളുള്ള കാരവന്‍ മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ ഉള്ളതാണെന്നും കൊച്ചി സ്വദേശിയാണ് വാഹനം വാടകയ്ക്ക് നല്‍കിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു നടപടി. രണ്ട് പ്രമുഖ യുവതാരങ്ങള്‍ക്കായി എത്തിച്ചതായിരുന്നു ഈ കാരവാനുകള്‍. മധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറുടെ പ്രത്യേക സ്ക്വാഡ് ആണ് ഇരുമ്പനത്ത് നിന്ന് കാരവാൻ പിടികൂടിയത്. ഒരു വര്‍ഷത്തേക്ക് നികുതിയിനത്തില്‍ ഒരു ലക്ഷം രൂപ പിഴ അടക്കാന്‍ വാഹന ഉടമക്ക് നോട്ടീസ് നല്‍കി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അതേസമയം നികുതി അടക്കാതെ സിനിമ ഷൂട്ടിങ് ലൊക്കേഷനുകൾ തോറും കറങ്ങി നടക്കുന്ന കാരവനുകളെ പൂട്ടാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് അനധികൃതമായി വിവിധ ലൊക്കേഷനുകളിൽ ഉപയോഗിക്കുന്ന കാരവനുകൾക്കെതിരെ നടപടി കടുപ്പിക്കാനാണ് മോട്ടര്‍ വാഹന വകുപ്പിന്‍റെ നീക്കം. നികുതി അടക്കുന്നത് വരെ വാഹനം പിടിച്ചുവെക്കാനാണ് അധികൃതരുടെ തീരുമാനം. 

സിനിമകളിൽ യുവതാരങ്ങൾ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന കാരവനുകളാണ് ഇങ്ങനെ നികുതി വെട്ടിച്ച് മുങ്ങി നടക്കുന്നതിൽ അധികവും. ഇതര സംസ്ഥാന രജിസ്ട്രേഷൻ വാഹനങ്ങളാണ് നികുതി അടക്കാത്തവയിൽ ഭൂരിഭാഗവുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.