കുട്ടികളെ കാറില്‍ തനിച്ചിരുത്തി പുറത്തുപോകുന്ന പ്രവണത വരുത്തി വയ്ക്കുന്ന അപകടങ്ങള്‍ അടുത്തകാലത്ത് പതിവാണ്. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും ഇതിന്‍റെ അപകടത്തേക്കുറിച്ച് ഭൂരിഭാഗം മാതാപിതാക്കളും ബോധവാന്മാരല്ല എന്നു തെളിയിക്കുകയാണ് അടുത്തിടെ പഞ്ചാബില്‍ നിന്നും പുറത്തുവന്ന ഒരു വീഡിയോ.

ഉറങ്ങിയ കുട്ടിയ കാറിനുള്ളിലാക്കി മാതാപിതാക്കല്‍ അടുത്തുള്ള കടയിൽ പോയതാണ് ഈ അപകടത്തിന് കാരണം. സ്റ്റാർട്ടിങ്ങിലായിരുന്ന കാർ ലോക്ക് ആയതോടെ കുട്ടി ഉള്ളിൽ കുടുങ്ങി. ഉറക്കമുണർന്ന കുട്ടി കരഞ്ഞു തുടങ്ങിയപ്പോഴാണ് നാട്ടുകാർ കണ്ടത്. 

തുടര്‍ന്ന് നാട്ടുകാര്‍ കാറിന്റെ ചില്ല് തകർത്ത് കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചു. അപ്പോഴേക്കും തിരികെയെത്തിയ ദമ്പതികള്‍ വാഹനം തുറക്കാൻ ശ്രമിച്ചു. അപ്പോഴാണ് കാർ ലോക്കായി പോയതായി അറിയുന്നത്. തുടര്‍ന്ന് രണ്ടു മണിക്കൂറുകൾക്ക് ശേഷം ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ കൊണ്ടു വന്നാണ് വാഹനം തുറന്നത്. അതുവരെ കാറിനകത്തു കിടന്നു കരയുകയായിരുന്നു കുട്ടി. ഒപ്പം പുറത്തുനിന്ന് വിതുമ്പുന്ന അമ്മയെയും വീഡിയോയില്‍ കാണാം. കാറിന്റെ ഏസി ഓൺ ആയിരുന്നതിനാല്‍ കുട്ടിക്ക് വലിയ കുഴപ്പങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അമേരിക്കയില്‍ പൂട്ടിക്കിടന്ന കാറിലെ കൊടും ചൂടില്‍ അമ്മ മറന്നുവച്ച മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ദാരുണമായി കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഈ അപകടമെന്നതും ശ്രദ്ധേയമാണ്.

കുട്ടികളെ കാറിൽ തനിച്ചിരുത്തി പുറത്ത് പോകല്ലേ
കുഞ്ഞുങ്ങളെ വാഹനങ്ങളിൽ തനിച്ചാക്കി വാഹനം പൂട്ടി പുറത്തുപോകുമ്പോൾ കാറിനുള്ളില്‍ ആവശ്യമായ ഓക്സിജൻ ലഭിക്കില്ല. മാത്രമല്ല പൂട്ടിയിട്ട ഒരു കാറിനുള്ളില്‍ 10 മിനിട്ടിനുള്ളില്‍ 20 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഉണ്ടാകുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഇത് 40 ഡിഗ്രി ആയി ഉയരും. പുറത്തെ ചൂട് 70 ഡിഗ്രി ഫാരന്‍ ഹീറ്റിന് മുകളിലാണെങ്കില്‍ തന്നെ മനുഷ്യ ശരീരത്തിന് അപകടകരമാണ്. അപ്പോള്‍ മുതിര്‍ന്നവരുടെ ശരീരത്തേക്കാള്‍ മൂന്നുമുതല്‍ അഞ്ചിരട്ടിവരെ വേഗതയില്‍ ശരീരം ചൂടാകുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാകാന്‍ അധികം സമയം വേണ്ടെന്നു ചുരുക്കം. ചൂടുമൂലമുണ്ടാകുന്ന സ്ട്രോക്ക് തലച്ചോറിനെ തകരാറിലാക്കിയാണ് ഇത്തരം ശിശുമരണങ്ങളിലധികവും സംഭവിക്കുന്നത്.

മാത്രമല്ല വാഹനത്തിനകത്ത് കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുമ്പോൾ, അബദ്ധത്തിൽ വാഹനം സ്റ്റാർട്ട് ആയാലുള്ള അപകട സാധ്യതയുമുണ്ട്. ഇത് വന്‍ദുരന്തത്തിന് ഇടയാക്കും. അതുപോലെ വാഹനങ്ങളിൽ കുഞ്ഞുങ്ങൾ അറിയാതെ കുടുങ്ങിപ്പോയാൽ ധൈര്യം കൈവിടാതെ തുടർച്ചയായി വാഹനത്തിന്റെ ഹോൺ അടിക്കണമെന്ന് കുട്ടികളെ പറഞ്ഞു പഠിപ്പിക്കുക. തുടർച്ചയായ ഹോണ്‍ ശബ്ദം കേട്ട് മറ്റുള്ളവർ രക്ഷയ്ക്കെത്തുമെന്നും കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുക്കണം.

എന്തായാലും കുട്ടികളെ വാഹനത്തില്‍ തനിച്ചിരുത്താതെ ഇരിക്കുകയാണ് ഉചിതം. അബദ്ധത്തില്‍ വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്കിരുത്തി പുറത്തു പോകുന്ന രക്ഷിതാക്കള്‍ രണ്ടുവട്ടം ചിന്തിക്കുക. നിങ്ങളുടെ കുഞ്ഞിന്‍റെ വിലപ്പെട്ട ജീവനൊപ്പം അനേകരുടെ ജീവനും കൂടിയാവും നിങ്ങള്‍ അപകടത്തിലാക്കുന്നത്.