2020ലെ വേള്‍ഡ് കാര്‍ പേഴ്‌സണായി പിഎസ്എ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കാര്‍ലോസ് ടവാരെസിനെ തെരഞ്ഞെടുത്തു. 24 രാജ്യങ്ങളില്‍നിന്നുള്ള 86 അംഗ ജൂറിയാണ് രഹസ്യ ബാലറ്റിലൂടെ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 2020 വേള്‍ഡ് കാര്‍ അവാര്‍ഡ്‌സ് ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

കാര്‍ലോസ് ടവാരെസ് കഴിഞ്ഞ വര്‍ഷം നിരവധി സുപ്രധാന നേട്ടങ്ങള്‍ കൈവരിച്ചതാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പിഎസ്എ ഗ്രൂപ്പിനെയും ഗ്രൂപ്പിന് കീഴിലെ ഓപല്‍ ബ്രാന്‍ഡിനെയും ലാഭവഴിയില്‍ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതാണ് പ്രധാന നേട്ടങ്ങളിലൊന്ന്. പിഎസ്എ ഗ്രൂപ്പും എഫ്‌സിഎയും തമ്മിലുള്ള ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കും അദ്ദേഹം നിര്‍ണായ പങ്ക് വഹിച്ചു. ലയനം പൂര്‍ത്തിയാകുന്നതോടെ പുതിയ സംരംഭം ലോകത്തെ നാലാമത്തെ വലിയ വാഹന നിര്‍മാതാക്കളായി മാറും. ഇലക്ട്രിക് മൊബിലിറ്റി സംബന്ധിച്ചും ചൈനീസ് വിപണിയിലെ വികാസം സംബന്ധിച്ചും കാര്‍ലോസ് ടവാരെസിന്റെ പ്രവര്‍ത്തനങ്ങള്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കി.

പിഎസ്എ ഗ്രൂപ്പിലെ എല്ലാ ജീവനക്കാര്‍ക്കും സൂപ്പര്‍വൈസറി ബോര്‍ഡിനും അവാര്‍ഡ് സമര്‍പ്പിക്കുന്നതായി കാര്‍ലോസ് ടവാരെസ് പ്രതികരിച്ചു.