അമിതവേഗതയില്‍ പാഞ്ഞ വാഹനം നിയന്ത്രണം വിട്ട് കുടിലുകളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ദിവസ വേതനക്കാരായ ആളുകൾ താമസിച്ചിരുന്ന താത്കാലിക കൂരകളിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. അമിത വേഗതയുടെ പേരിൽ നേരത്തെയും ഈ കാറിന് പിഴ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ്

പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ ഓടിച്ച എസ്‍യുവി റോഡരികിലെ കുടിലുകളിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് അമിതവേഗതയിൽ പാഞ്ഞുകയറി നാല് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‍ത സംഭവത്തില്‍ കുട്ടിയുടെ പിതാവിനെതിരെ നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. തെലങ്കാനയിലെ കരിംനഗർ നഗരത്തിലെ കോതിരംപൂരിന് സമീപം കഴിഞ്ഞ ദിവസം ആയിരുന്നു ഞെട്ടിപ്പിക്കുന്ന അപകടം.

ഹൈദരാബാദിൽ നിന്ന് കരിംനഗറിലേക്ക് പോവുകയായിരുന്നു എസ്‌യുവി. അമിതവേഗതയില്‍ പാഞ്ഞ വാഹനം നിയന്ത്രണം വിട്ട് കുടിലുകളിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ദിവസ വേതനക്കാരായ ആളുകൾ താമസിച്ചിരുന്ന താത്കാലിക കൂരകളിലേക്കാണ് വാഹനം ഇടിച്ചുകയറിയതെന്ന് പൊലീസ് പറഞ്ഞു. അവരിൽ ചിലർ കത്തികൾ, കോടാലികൾ തുടങ്ങിയ ഉപകരണങ്ങൾ നിർമ്മിക്കുന്നതിൽ ഏർപ്പെട്ടിരുന്നു. ഇടിയുടെ ആഘാതം ശക്തമായതിനാൽ ഒരു സ്ത്രീ വാഹനത്തിനും വൈദ്യുത തൂണിനുമിടയിൽ കുടുങ്ങി. ഈ സ്‍ത്രീ സംഭവസ്ഥലത്തും മറ്റ് മൂന്ന് പേർ ജില്ലാ ആശുപത്രിയിലും വച്ചാണ് മരിച്ചത്.

ലളിത (27),സുനിത (30), പരിയാങ് (32), എസ് ജ്യോതി (14) എന്നിവരാണ് മരിച്ചത്. വ്യവസായിയായ രാജേന്ദ്ര പ്രസാദിന്റെ 16 കാരനായ മകനാണ് കാർ ഓടിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ ആറുമണിയോടെ ഒമ്പതാം ക്ലാസുകാരൻ 14 വയസുള്ള രണ്ട് സുഹൃത്തുക്കളോടൊപ്പം ബാഡ്‍മിന്റൺ കളിക്കാൻ സമീപത്തെ സ്റ്റേഡിയത്തിലേക്ക് പോകുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതിനിടെ വാഹനം നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് ശേഷം കുട്ടികൾ ഓടി രക്ഷപ്പെട്ടു.

അപകടത്തെ തുടർന്ന് കുട്ടിയുടെ പിതാവിനെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ടെന്ന് കരിംനഗർ പൊലീസ് കമ്മീഷണർ വി സത്യനാരായണ പറഞ്ഞു. ഈ കുട്ടി ഇതിന് മുമ്പും ഇതേ റോഡിൽ വാഹനം ഓടിച്ചിട്ടുണ്ട്. അന്വേഷണത്തിൽ കാർ അമിത വേഗതയിലായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അമിത വേഗതയുടെ പേരിൽ നേരത്തെയും ഈ കാറിന് പിഴ ചുമത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അമിതവേഗത/അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ കുറ്റങ്ങൾക്ക് എസ്‌യുവിക്കെതിരെ എട്ട് ചലാനുകൾ നിലവില്‍ ഉണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കുട്ടിയുടെ പിതാവിനെയും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെയും പോലീസ് അറസ്റ്റു ചെയ്‍തതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥി കാറ് ഓടിക്കുന്ന വിവരം ബിസിനസുകാരനായ പിതാവിന് അറിവുണ്ടായിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമാതായി പൊലീസ് പറയുന്നു. 

2019ലെ പുതിയ ഗതാഗത നിയമം അനുസരിച്ച് പുതുക്കിയ മോട്ടോര്‍വാഹന നിയമം അനുസരിച്ച് കുട്ടികള്‍ വാഹനം ഓടിച്ചാലും കനത്ത ശിക്ഷയാണ് ലഭിക്കുക. നേരത്തേ കുട്ടികള്‍ വണ്ടിയോടിച്ചാല്‍​ പിഴ മാത്രമായിരുന്നു ശിക്ഷയെങ്കില്‍ പുതിയ നിയമഭേദഗതിയോടെ രക്ഷാകർത്താവിന്​ മൂന്നുവർഷം തടവും 25000 രൂപ പിഴയുമാണ്​ ശിക്ഷ.

വൈക്കോൽ ലോറിക്ക് തീപിടിച്ചു, നാട്ടുകാരൻ രക്ഷകനായപ്പോൾ വൻ അപകടമൊഴിവായി
കോടഞ്ചേരിയിൽ ഓടിക്കൊണ്ടിരിക്കെ തീപിടിച്ച വൈക്കോൽ ലോറി സ്കൂള്‍ മൈതാനത്തേക്ക് സാഹസികമായി ഓടിച്ചു കയറ്റിയ യുവാവിന്റെ ഇടപെടലിൽ വൻ അപകടം ഒഴിവായി. വയനാട്ടിൽ നിന്ന് വൈക്കോൽ കയറ്റി വന്ന വാഹനത്തിന് ഉച്ചയ്ക്ക് 12. 45 ഓടെയാണ് കോടഞ്ചേരി ടൗണിൽ വെച്ച് തീപിടിച്ചത്. വൈദ്യുതി ലൈനിൽ നിന്ന് തീപടർന്നതാണെന്നാണ് പ്രാഥമിക നിഗമനം. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ലോറി ഡ്രൈവറും സഹായിയും വാഹനത്തിൽ നിന്നിറങ്ങി വെള്ളമൊഴിച്ച് തീ അണയ്ക്കാൻ ശമം തുടങ്ങി. പിന്നാലെ നാട്ടുകാരും കോടഞ്ചേരി സ്റ്റേഷനില്‍ നിന്ന് പൊലീസുകാരുമെത്തി. ഇതിനിടെയാണ് സാധനം വാങ്ങാനെത്തിയ പ്രദേശവാസിയായ ഷാജി വൈക്കോൽ കത്തുന്നത് കണ്ടത്. ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചാല്‍ വന്‍ അപകടം ഉണ്ടാകുമെന്ന് മനസിലാക്കിയ ഷാജി തീ പടരുന്നത് വകവയ്ക്കാതെ ലോറിയില്‍ ചാടിക്കയറി. ലോറിയുമായി തൊട്ടടുത്ത സ്കൂള്‍ ഗ്രൗണ്ടിലേക്ക് നീങ്ങി. ലോറി വളച്ചും തിരിച്ചും ഓടിച്ചതോടെ തീപടര്‍ന്ന വൈക്കോല്‍ കെട്ടുകളിലേറെയും താഴെ വീണു. പിന്നാലെ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചു. കോടഞ്ചേരിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന ഷാജിക്ക് നേരത്തെ ലോറി ഡ്രൈവറായി ജോലി ചെയ്ത അനുഭവമാണ് അപകട ഘട്ടത്തില്‍ സഹായകരമായത്.