കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ സ്‌കൂട്ടര്‍ ഓടിച്ചതിന് അമ്മമാരെ 25,000 രൂപ വീതം പിഴയടപ്പിച്ച് പൊലീസ്. കഴിഞ്ഞ ദിവസം കാസര്‍കോടാണ് സംഭവം.

രണ്ട് വീട്ടമ്മമാര്‍ക്കാണ് വാഹന പരിശോധനക്കിടെ പൊലീസ് നോട്ടീസ് നല്‍കിയത്. പുതുക്കിയ മോട്ടോര്‍വാഹന നിയമം അനുസരിച്ച് ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാലും കുട്ടികള്‍ വാഹനം ഓടിച്ചാലും കനത്ത ശിക്ഷയാണ് ലഭിക്കുക.  നേരത്തേ കുട്ടികള്‍ വണ്ടിയോടിച്ചാല്‍​ പിഴ മാത്രമായിരുന്നു ശിക്ഷയെങ്കില്‍ പുതിയ നിയമഭേദഗതിയോടെ രക്ഷാകർത്താവിന്​ മൂന്നുവർഷം തടവും 25000 രൂപ പിഴയുമാണ്​ ശിക്ഷ.

കുട്ടികള്‍ വാഹനമോടിച്ചുണ്ടാകുന്ന അപകടം വര്‍ധിച്ചതിനെ തുടര്‍ന്നാണ് സ്‌കൂളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കിയിട്ടുള്ളത്. ഹൈസ്​കൂൾ പരിസരങ്ങളിൽ ലൈസൻസില്ലാത്ത ഇരുചക്ര വാഹനയാത്ര വ്യാപകമാണെന്നും രക്ഷിതാക്കളുടെ അനുമതിയോടെയാണ്  പല കുട്ടികളും വാഹനങ്ങളുമായി റോഡിലിറങ്ങുന്നതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇത്തരത്തിൽ പിടികൂടുന്നവർക്കെതിരെ വിട്ടുവീഴ്​ചയില്ലാത്ത നടപടിക്കാണ്​ നിർദേശം.