കോട്ടക്കൽ-മലപ്പുറം റോഡിൽ പാറക്കോരിക്കും കുളത്തൂപറമ്പിനും ഇടയിലാണ് സംഭവം. കാര്‍ വളവ് തിരിയുന്നതിനിടെ തിരക്കുള്ള റോഡിലേക്കാണ് കുട്ടി വീണത്.  ബസിന്റെ മുന്നിലേക്ക് കുട്ടി വീഴുന്നതും ബസ് പെട്ടെന്ന് നിര്‍ത്തുന്നതും വീഡിയോയില്‍ കാണാം. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. കാറിന്റെ പിൻഡോർ പൂർണമായും അടക്കാതിരുന്നതോ കുട്ടി തുറന്നതോ ആവാം അപകട കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈൽഡ് ലോക്ക്
അപകടങ്ങള്‍ ഒഴിവാക്കാന്‍ കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. പിന്നിലെ ഡോർ പൂർണമായും അടഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കുട്ടികൾക്ക് ഡോർ തുറക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കാതിരിക്കുക.

കുട്ടികളുമൊത്തുള്ള യാത്രകളില്‍ ചൈൽഡ് ലോക്കുകൾ നിര്‍ബന്ധമായും ഉപയോഗിക്കുക. പിൻ സീറ്റിലിരിക്കുന്ന കുട്ടികൾക്ക് ഡോർ തുറക്കാൻ പറ്റാത്ത രീതിയിൽ നിയന്ത്രിക്കുന്നതാണ് ചൈൽഡ് ലോക്കുകൾ. ഡോർ ലോക്കിന്റെ സമീപത്തുള്ള ഈ സ്വിച്ച് ഓൺചെയ്‍താൽ പിന്നീട് വാഹനത്തിനുള്ളിൽ നിന്ന് ഡോർ തുറക്കാൻ സാധിക്കില്ല.