കൊച്ചി: രാജ്യത്തെ മുൻനിര ടയർ നിർമ്മാതാക്കളായ സിയറ്റും  റോയൽ എൻഫീൽഡും സഹകരണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി പുതിയതായി നിരത്തിലെത്തുന്ന റോയൽ എൻഫീൽഡ് മീറ്റിയോർ 350യുടെ എല്ലാ മോഡലുകളിലും സിയറ്റിന്റെ അത്യാധുനിക രൂപകല്പനയോടുകൂടിയ സൂം പ്ലസ് ശ്രേണിയിലുള്ള ട്യൂബ്‌ ലെസ് ടയറുകൾ ഉപയോഗിക്കും എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ദൈർഘ്യമേറിയ റൂട്ടുകളിലെ ക്രൂയിസിംഗ് കഴിവുകൾക്ക് പേരുകേട്ട സൂം പ്ലസ് ശ്രേണി ടയറുകൾ ദേശീയപാതകളിലെ യാത്രകളെ കൂടുതൽ സുഖകരമാക്കുന്നു . കൂടാതെ, സൂം പ്ലസ് ശ്രേണിയിലുള്ള  ടയറുകളുടെ രൂപകൽപ്പനയും മോഡലുകളും റൈഡർ ബാലൻസും നനഞ്ഞതും, വരണ്ടതുമായ പ്രതലങ്ങളിൽ മികച്ച ഉറപ്പും നൽകുന്നു. ഫ്രണ്ട്, റിയർ ടയർ മോഡലുകൾ യഥാക്രമം 100/90-19 സൂം പ്ലസ് എഫ്,  140/70-17 സൂം പ്ലസ് എന്നിങ്ങനെ ലഭ്യമാകും.

റോയൽ എൻഫീൽഡ് മീറ്റിയോർ 350യുടെ  ഔദ്യോഗിക ടയർ വിതരണക്കാരെന്ന നിലയിൽ സിയറ്റ് സന്തോഷിക്കുന്നുവെന്ന് സിയറ്റ് ടയേഴ്‌സ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ അമിത് തോലാനി പറഞ്ഞു. മികച്ച നിലവാരമുള്ള ഉൽപ്പന്നങ്ങൾ നൽകാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത ആവർത്തിക്കുന്നുവെന്നും കാലക്രമേണ റോയൽ എൻഫീൽഡുമായുള്ള ഞങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണെന്നും ഭാവിയിലും ഇത് ഫലപ്രദമായി തുടരുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോയൽ എൻഫീൽഡ് ബുള്ളറ്റ് ക്ലാസിക് 350, റോയൽ എൻഫീൽഡ് ബുള്ളറ്റ് സ്റ്റാൻഡേർഡ് / ഇലക്ട്ര, റോയൽ എൻഫീൽഡ് ക്ലാസിക് 500, റോയൽ എൻഫീൽഡ് ഹിമാലയൻ തുടങ്ങിയ മോഡലുകൾക്കായും  സിയറ്റ്  റോയൽ എൻഫീൽഡുമായി സഹകരിച്ചിട്ടുണ്ട്.