ഇറാൻ : പൊലീസിന് തലവേദനയാകുകയാണ് ഇറാനിലെ സെലിബ്രിറ്റികളുടെ പുതിയ തന്ത്രങ്ങൾ. ട്രാഫിക് ജാമുകൾ ഇറാനിലെ നഗരങ്ങളിൽ ഒരു സ്ഥിരം കാഴ്ചയാണ്. സമയത്തിന് പൊന്നും വിലയുള്ള വൻതോക്കുകൾക്ക് ആ ഗതാഗതക്കുരുക്കുകൾ സമ്മാനിക്കുന്നത് ലക്ഷങ്ങളുടെ നഷ്‍ടവും. അതുകൊണ്ട് അത്തരത്തിലുള്ള അസൗകര്യങ്ങളെ മറികടക്കാൻ അവർ വളരെ രഹസ്യമായി ഒരു പുതിയ സംവിധാനത്തെ ആശ്രയിക്കുകയാണ് കഴിഞ്ഞ കുറേ ആഴ്ചകളായി.

രാജ്യത്തെ സ്വകാര്യ ആംബുലൻസ് സേവനദാതാക്കളുടെ സഹായത്തോടെ അവർ തങ്ങൾക്ക് യാത്രചെയ്യാൻ വേണ്ട സൗകര്യങ്ങൾ ഉള്ളിൽ ഒരുക്കിയ പേഴ്‌സണൽ ആംബുലൻസുകൾ തയ്യാർ ചെയ്‍ത് അതിലാണ് നഗരത്തിലെ തിരക്കേറിയ വീഥികളിലൂടെ സൈറണും മുഴക്കി മറ്റെല്ലാരെയും പിന്നിലാക്കി മരണപ്പാച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നത്. 

സംഗതി ഉപയോഗിക്കുന്നത് പണക്കാരായ സെലിബ്രിറ്റികളാണ് എന്നതുകൊണ്ടുതന്നെ, ചില്ലറ വാഹനങ്ങളൊന്നും അല്ല ഈ സ്വകാര്യകമ്പനികൾ ആംബുലൻസുകൾക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. മെഴ്‌സിഡസ് ബെൻസിന്റെ ഒരു പുതിയ ലോട്ട് തന്നെ ഡെലിവറി എടുത്ത് അതിനുള്ളിൽ വിഐപി സജ്ജീകരണങ്ങൾ ഒരുക്കിയാണ് ഈ അനധികൃതദ്രുതയാത്രാ സംവിധാനത്തിന്റെ പ്രവർത്തനം. 


ഏറെ നാളായി രഹസ്യമായി തുടർന്നുകൊണ്ടിരുന്ന ഈ നിയമലംഘനത്തെപ്പറ്റിയുള്ള വിവരങ്ങൾ ഡോ. മോജ്താബ ലോഹ്റാസ്‌ബിയാണ് ഇറാൻ സ്റ്റുഡന്റസ് ന്യൂസ് ഏജൻസിയോട് വെളിപ്പെടുത്തിയത്. "നിർഭാഗ്യവശാൽ ടെഹ്‌റാൻ പൊലീസിന് ഇത്തരത്തിലുളള ഗുരുതരമായ നിയമലംഘനങ്ങളൊന്നും തടയാൻ നേരമില്ല..." 

എന്നാൽ മറ്റുള്ള രാജ്യങ്ങളെപ്പോലെ ഇറാനിലും പൊതുനിരത്തിലൂടെയുള്ള ആംബുലൻസുകളുടെ യാത്ര സംബന്ധിച്ച് വ്യക്തമായ നിയമങ്ങൾ നിലവിലുണ്ട്. യാത്രയുടെ തീയതിയും പോകുന്ന ആശുപത്രിയുടെ അഡ്രസ്സും അടക്കമുള്ള കൃത്യമായ ട്രാവൽ പ്ലാനോടുകൂടി മാത്രം, ജീവൻ രക്ഷിക്കാനുള്ള അടിയന്തര യാത്ര എന്ന നിലയ്ക്കുമാത്രമാണ് ആംബുലൻസിൽ യാത്ര അനുവദിച്ചിട്ടുള്ളത്. അത്തരത്തിൽ മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി നൽകിയിരിക്കുന്ന നിയമപരിരക്ഷകൾ ദുർവിനിയോഗം ചെയ്യുന്നതിനെതിരെ ശക്തമായ നടപടികൾ വേണമെന്ന് ഡോ. ലോഹ്റാസ്‌ബി പറഞ്ഞു. 

പ്രസിദ്ധരായ സെലിബ്രിറ്റി താരങ്ങളും, പ്രൈവറ്റ് ട്യൂഷൻ രംഗത്ത് വൻതുക പ്രതിഫലം പറ്റുന്ന അധ്യാപകരുമാണ് കാര്യമായി ഈ സർവീസിന് പണം മുടക്കുന്നത്. എന്നാൽ ഇപ്പോൾ ഈ രണ്ടു കൂട്ടരിൽ ഒതുങ്ങി നിൽക്കുന്നില്ല ഈ നിയമലംഘനം. ഇക്കാര്യം പരസ്യമായതോടെ, ആംബുലൻസ് സൈറൺ മുഴക്കിക്കൊണ്ട് പിന്നിൽ വന്നു നിന്നാലും ആളുകൾ വാഹനം മാറ്റിക്കൊടുക്കാത്ത അവസ്ഥയും വന്നിട്ടുണ്ട് ടെഹ്റാനിൽ. ഉടൻ തന്നെ പോലീസും മറ്റു ട്രാൻസ്‌പോർട്ട് അധികാരികളും മുന്നിട്ടിറങ്ങി ഇത്തരത്തിലുള്ള അനധികൃത സർവീസുകൾക്കെതിരെ കർശന നടപടികളെടുത്തില്ലെങ്കിൽ  അത് എത്രയോ മനുഷ്യജീവനുകൾ പൊലിയുന്നതിനും കാരണമായേക്കുമെന്നും ഡോ. ലോഹ്റാസ്‌ബി കൂട്ടിച്ചേർത്തു.