E20 ഇന്ധനം ഉപയോഗിച്ചതിനെ തുടർന്ന് വ്യാപകമായ എഞ്ചിൻ തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. എഥനോൾ ബ്ലെൻഡഡ് പെട്രോൾ (EBP) പദ്ധതി ശാസ്ത്രീയമായി സ്ഥിരീകരിച്ചതാണെന്നും സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സർക്കാർ അറിയിച്ചു.

ന്ത്യയിൽ ഇന്ധനത്തിൽ എഥനോൾ ചേർത്ത് ഉപയോഗിക്കുന്ന E20 പെട്രോൾ സംബന്ധിച്ച ആശങ്കകൾക്ക് മറുപടി നൽകി കേന്ദ്ര സർക്കാർ. E20 ഇന്ധനം ഉപയോഗിച്ചതിനെ തുടർന്ന് വ്യാപകമായ എഞ്ചിൻ തകരാറുകളോ വാഹന തകരാറുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി. എഥനോൾ ബ്ലെൻഡഡ് പെട്രോൾ (EBP) പദ്ധതി ശാസ്ത്രീയ പരിശോധനകളിലൂടെ സ്ഥിരീകരിച്ചതും തുടർച്ചയായി നിരീക്ഷിക്കപ്പെടുന്നതുമായ പദ്ധതിയാണെന്ന് മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഇ20 ഇന്ധനത്തിനെതിരെ സോഷ്യൽ മീഡിയിയൽ പ്രചരിക്കുന്ന പല കാര്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതും അനാവശ്യ ഭീതി സൃഷ്‍ടിക്കുന്നതും ആണെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്ത് എഥനോൾ മിശ്രിത ഇന്ധന പദ്ധതി 2003-ൽ ആരംഭിച്ചതാണെന്നും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ ആശ്രയം കുറയ്ക്കുക, ഊർജ്ജസുരക്ഷ ശക്തിപ്പെടുത്തുക, പരിസ്ഥിതി സംരക്ഷണം എന്നിവയാണ് ലക്ഷ്യമെന്നും സർക്കാർ അറിയിച്ചു. ഘട്ടം ഘട്ടമായി നടപ്പാക്കിയ ഈ പദ്ധതി 2023 മുതൽ 20 ശതമാനം എഥനോൾ ചേർത്ത E20 പെട്രോളിലേക്ക് വ്യാപിപ്പിച്ചു.

വാഹനങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കകൾക്ക് മറുപടിയായി, E20 ഇന്ധനം അവതരിപ്പിച്ച ശേഷം എഞ്ചിൻ തകരാറുകളുമായി നേരിട്ട് ബന്ധിപ്പിക്കാവുന്ന വ്യാപകമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്റർനെറ്റിൽ പ്രചരിക്കുന്ന ‘എഥനോൾ ഈർപ്പം ആകർഷിക്കുന്നു’ എന്ന വാദവും സർക്കാർ തള്ളി. ജല മലിനീകരണം ഏത് ഇന്ധനത്തിനും ദോഷകരമാണെന്നും ആധുനിക വാഹനങ്ങളിൽ ഇതിനെ തടയാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെന്നും മന്ത്രാലയം അറിയിച്ചു.

കൂടാതെ, പെട്രോളിൽ നേരിട്ട് കരിമ്പ് ജ്യൂസ് ചേർക്കുന്നതുപോലുള്ള വീഡിയോകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഫ്യൂവൽ ഗ്രേഡ് എഥനോൾ വ്യാവസായിക പ്രക്രിയകളിലൂടെ ശുദ്ധീകരിച്ച ശേഷമാണ് ഉപയോഗിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. ഫർമെന്റേഷൻ, ഡിസ്റ്റില്ലേഷൻ, പ്യൂരിഫിക്കേഷൻ തുടങ്ങിയ ഘട്ടങ്ങൾ കടന്ന ശേഷമാണ് ഇത് പെട്രോളിൽ ചേർക്കുന്നത്. വാഹന ഇന്ധന ടാങ്കിൽ ഉള്ളിൽ പഞ്ചസാര അവശിഷ്ടങ്ങൾ ഉണ്ടാകുമെന്ന വാദവും ഭാരത് പെട്രോളിയം കോർപ്പറേഷൻ (BPCL) തള്ളി. ഫ്യൂവൽ എഥനോളിൽ പഞ്ചസാര ഇല്ലെന്നും ഇത് കീടങ്ങളെ ആകർഷിക്കുന്നില്ലെന്നും കമ്പനി അറിയിച്ചു.

ഇൻഷുറൻസ് റദ്ദാകില്ല, രാജ്യത്തിനും കർഷകർക്കും വലിയ നേട്ടം

 E20 ഉപയോഗം ഇൻഷുറൻസ് റദ്ദാക്കുമെന്ന് പറയുന്നതും അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ബ്രസീൽ, അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ഇതിനകം ഉയർന്ന എഥനോൾ മിശ്രിത ഇന്ധനം വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. എഥനോൾ ബ്ലെൻഡിംഗ് പ്രോഗ്രാം (EBP) ഇന്ത്യ അസംസ്‍കൃത എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ചുവെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ഈ പദ്ധതി ഇതുവരെ 1.4 ലക്ഷം കോടി രൂപയുടെ വിദേശനാണ്യ ലാഭം നൽകിയതായും കർഷകർക്ക് പുതിയ വരുമാന അവസരങ്ങൾ സൃഷ്‍ടിച്ചതായും മന്ത്രാലയം അറിയിച്ചു. കാർബൺ പുറന്തള്ളൽ കുറയ്ക്കുകയും ഊർജ്ജസുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ദേശീയ നയത്തിലെ പ്രധാന ഘടകമായി ഈ പദ്ധതി തുടരുമെന്നും സർക്കാർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലെ സ്ഥിരീകരിക്കാത്ത വാർത്തകളെ ആശ്രയിക്കുന്നതിനുപകരം ശാസ്ത്രീയ വസ്‍തുതകളെയും ഔദ്യോഗിക വിവരങ്ങളെയും ആശ്രയിക്കാൻ സർക്കാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.