ഇ-20 പെട്രോൾ നിർബന്ധമാക്കിയതോടെ പഴയ വാഹന ഉടമകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എഥനോൾ ജലാംശം വലിച്ചെടുക്കുന്നതിനാൽ പ്രധാനമായും ലോഹ ടാങ്കുകളിൽ തുരുമ്പെടുക്കാനും റബ്ബർ ഭാഗങ്ങൾ നശിക്കാനും ഇന്ധനക്ഷമത കുറയാനും സാധ്യതയുണ്ട്.

വാഹനം ഉപയോഗിക്കുന്നവരൊക്കെ ഈ ദിവസങ്ങളിൽ ആശങ്കയോടെ ചർച്ച ചെയ്യുന്നതാണ് എഥനോൾ ട്വന്‍റി പെട്രോളിന്‍റെ പ്രശ്നങ്ങൾ. എഥനോൾ ചേർക്കാത്ത പെട്രോളും വിപണിയിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. ഇ ട്വന്‍റി പെട്രോൾ അഥവാ 20 % എഥനോൾ ചേർത്ത പെട്രോൾ മാത്രമാണ് ഇനി പമ്പുകളിൽ നമുക്ക് ലഭിക്കുക. ഇ ട്വന്‍റിക്ക് അനുയോജ്യമല്ലാത്ത പഴയ വാഹനങ്ങളിൽ ഈ ഇന്ധനം ഉപയോഗിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ മറികടക്കാൻ എന്തൊക്കെ ചെയ്യാം?

YouTube video player

എഥനോൾ

ആൽക്കഹോൾ തന്നെയാണ് എഥനോൾ. കരിമ്പിൽ നിന്നാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഈ എഥനോൾ 20 ശതമാനം ചേർക്കുന്നതാണ് ഇ- 20 പെട്രോൾ. എളുപ്പം കത്തുമെന്നതുകൊണ്ട് മലിനീകരണം കുറവാണ്. എഥനോൾ ഉത്പാദനം കൂടിയാൽ കരിമ്പ് കർഷകർക്ക് പ്രയോജനവും ഉണ്ട്. പക്ഷേ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഇ- 20 പെട്രോൾ ഉപയോഗിക്കുമ്പോൾ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഈ പ്രശ്നങ്ങളിൽ നിന്ന് നമ്മുടെ വാഹനങ്ങളെ എങ്ങനെ സംരക്ഷിക്കാം? 2023ന് ശേഷമുള്ള എല്ലാ വാഹനങ്ങളും ഇ-20ക്ക് അനുയോജ്യമായാണ് നിർമിച്ചിരിക്കുന്നത്. ഹോണ്ട ഒരു പടി കൂടി കടന്ന് 2009 മുതലേ ഇ- 20ക്ക് അനുയോജ്യമായ വാഹനങ്ങളാണ് നിർമിക്കുന്നതെന്ന് അവകാശപ്പെടുന്നു. ഇ- 20 കോംപാക്റ്റിബിൾ അല്ലാത്ത വാഹനങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

എന്തൊക്കെ ശ്രദ്ധിക്കണം?

വായുവിലെ ജലാംശം എളുപ്പത്തിൽ വലിച്ചെടുക്കുന്ന സ്വഭാവം എഥനോളിനുണ്ട്. ഇങ്ങനെ വെള്ളവുമായി പ്രവർത്തിക്കുമ്പോൾ സ്വാഭാവികമായും ലോഹ ടാങ്കുകളിൽ തുരുമ്പ് വരികയും വേഗം നശിക്കുകയും ചെയ്യും. എഞ്ചിനെയും ബാധിച്ചേക്കാം. അതുകൊണ്ട് കുറേക്കാലം ഉപയോഗിക്കാത്ത വാഹനങ്ങളുടെ ഇന്ധന ടാങ്ക് പരമാവധി നിറച്ചിരിക്കുന്നത് നല്ലതാണ്. പെട്രോളിനൊപ്പം ഉപയോഗിക്കാവുന്ന അഡിറ്റീവുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എഥനോളും വെള്ളവും കൂടിച്ചേരുന്നത് തടയുന്ന അഡിറ്റീവ്സ് ഉപയോഗിക്കുകയാണെങ്കിൽ ലോഹഭാഗങ്ങൾ നശിച്ചു പോകാതെ സംരക്ഷിക്കാനാകും. പക്ഷേ ഇ- 20, പ്രശ്നങ്ങളെ മറികടക്കാൻ അഡിറ്റീവ്സ് എത്രത്തോളം സഹായിക്കും എന്ന കാര്യത്തിൽ ഇനിയും പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു.

പെട്രോൾ ടാങ്കിൽ കാൽ ഭാഗം പെട്രോളെങ്കിലും എപ്പോഴും സൂക്ഷിക്കുക. എഥനോളുമായി പ്രവർത്തിച്ച് ജലാംശം ഉണ്ടായാലും അത് ടാങ്കിന്‍റെ അടിവശത്തായിരിക്കും. കൃത്യമായ ഇടവേളകളിൽ ഫ്യുവൽ ടാങ്ക് അഴിച്ച് ക്ലീൻ ചെയ്യുന്നതും നല്ലതാണ്. സെർവീസ് സെന്‍ററിൽ നിന്ന് തന്നെ ഇത് ചെയ്യാം. എഥനോൾ അനുയോജ്യമായ റബ്ബറുകളിലേക്ക് മാറുക എന്നതാണ് ചെയ്യാവുന്ന മറ്റൊരു കാര്യം. പഴയ വാഹനങ്ങളിലെ റബ്ബർ പൈപ്പുകളും ഹോസുകളും ഗാസ്കിറ്റുകളും എഥനോളിന് അനുയോജ്യമായിരിക്കില്ല. മാരുതി സുസുക്കി അവരുടെ വാഹനങ്ങൾക്കായി ഇ- 20 കിറ്റ് ഇറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റുള്ള നിർമാതാക്കളും ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

ഫ്യുവൽ ഫിൽറ്ററുകളിൽ ഇ- 20 പെട്രോൾ ഉപയോഗിക്കുമ്പോൾ തടസമുണ്ടാകാൻ സാധ്യതയുണ്ട്. കൃത്യമായ ഇടവേളകളിൽ ഫിൽറ്റർ പരിശോധിക്കുകയും ഫിൽറ്റർ മാറുകയും ചെയ്താൽ ഇതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാം. പഴയ ഇലക്ട്രിക് ഫ്യുവൽ പമ്പുകൾ എഥനോൾ ചേർത്ത പെട്രോളിന് അത്ര കണ്ട് അനുയോജ്യമല്ല. വാഹനം തരുന്ന സൂചനകൾ ശ്രദ്ധിക്കുക. ആവശ്യമെങ്കിൽ പമ്പുകൾ മാറ്റുക.

ഇ20 വന്നതോടെ മൈലേജ് 20 ശതമാനം വരെ കുറഞ്ഞെന്നൊക്കെ പലരും പറയുന്നുണ്ട്. ഇന്ധനക്ഷമത പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെങ്കിലും ഇ-20യിൽ മൈലേജ് കുറയാൻ സാധ്യതയുണ്ടെന്ന് സർക്കാരും സമ്മതിക്കുന്നു. എഞ്ചിൻ ട്യൂൺ ചെയ്താൽ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറയുന്നത്. എന്നാൽ ട്യൂണിങ് കൊണ്ടൊക്കെ മൈലേജ് കൂടുമോയെന്ന് കണ്ടുതന്നെ അറിയേണ്ടിവരും.