ഇന്ത്യയില്‍ ഇറക്കുമതി തീരുവ ഭീമമാണെന്ന് ആരോപിച്ച അമേരിക്കന്‍ വാഹന ഭീമന്‍റെ ഉടമയ്ക്ക് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ ഇറക്കുമതി തീരുവ ഭീമമാണെന്ന് ആരോപിച്ച അമേരിക്കന്‍ ഇലക്ട്രിക് വാഹന ഭീമനായ ടെസ്‌ലയുടെ മേധാവി ഇലോണ്‍ മസ്‍കിന് മറുപടിയുമായി കേന്ദ്രം. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ചേരൂ എന്നാണ് അമേരിക്കന്‍ വാഹന ഭീമനോട് കേന്ദ്രം ആവശ്യപ്പെട്ടത്. ടെസ്‌ല ഇന്ത്യയില്‍ കാറുകള്‍ നിര്‍മ്മിക്കുകയാണെങ്കില്‍ നികുതി ഇളവുകള്‍ ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ജ്ര സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഉന്നതന്‍ ഇക്കാര്യം വ്യക്തമാക്കിയതായി ഇക്കണോമിക്ക് ടൈംസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ ടെസ്‌ലയുടെ വാഹനങ്ങള്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ട്വീറ്റിന് മറുപടിയായാണ് ഇലോണ്‍ മസ്‌ക് ഇന്ത്യയിലെ നികുതിയെക്കുറിച്ച് പരാമര്‍ശിച്ചത്. ഇന്ത്യയിൽ എത്താൻ തങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കിലും ലോകത്തിലെ മറ്റ് വലിയ രാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് ഇന്ത്യ ഈടാക്കുന്നതെന്നുമായിരുന്നു മസ്‍കിന്‍റെ കുറ്റപ്പെടുത്തല്‍. മാത്രമല്ല, പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളെ പോലെയാണ് ഇലക്ട്രിക്ക് വാഹനങ്ങളെയും ഇന്ത്യ പരിഗണിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.

വിദേശത്ത് പൂര്‍ണമായും നിര്‍മിച്ച് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു വാഹനങ്ങളില്‍ 40,000 ഡോളറില്‍ താഴെ വില വരുന്നവയുടെ നികുതി 60 ശതമാനത്തില്‍ നിന്ന് 40 ശതമാനം ആക്കി കുറയ്ക്കണമെന്നായിരുന്നു ടെസ്‌ല കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത്തരത്തില്‍ നികുതി കുറയ്ക്കുക ആണെങ്കിൽ ഇത് കൂടുതല്‍ വരുമാനം സർക്കാറിന് നേടി നല്‍കുമെന്നാണ് ടെസ്‌ല പറയുന്നത്.

ആഡംബര കാറുകളായി പരിഗണിക്കാതെ, ഇലക്ട്രിക് കാറുകളായി ടെസ്‍ലയെ പരിഗണിക്കണമെന്നും ഇറക്കുമതി തീരുവ കുറയ്ക്കണമെന്നും നേരത്തെ ഇലോൺ മസ്‍ക് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ തന്നെ ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്ന കമ്പനികൾക്ക് കേന്ദ്രസർക്കാർ ഇതിനോടകം നിരവധി ഇൻസെന്റീവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൊന്നായിരുന്നു ഇലക്ട്രിക് കാറുകൾക്ക് മുകളിലെ ജിഎസ്‍ടി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona