ദില്ലി: രാജ്യത്ത് ബി എസ്-6(ഭാരത് സ്റ്റേജ്) ഇന്ധനം എപ്പോള്‍ ലഭിക്കുമെന്ന ചോദ്യം ഉയര്‍ന്നിട്ട് നാളുകള്‍ ഏറെയായി. ഇപ്പോഴിതാ അത്തരം ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരവുമായി കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ രംഗത്തെത്തിയിരിക്കുകയാണ്. 2020 ഏപ്രില്‍ മാസത്തോടെ ബി എസ് 6 ഇന്ധനം രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബി എസ് 6 പെട്രോള്‍ ഉപയോഗിക്കാന്‍ കഴിയുന്ന വാഹനങ്ങളും അടുത്തവര്‍ഷം ആദ്യം തന്നെ വിപണിയില്‍ എത്തുമെന്നും ജാവദേക്കര്‍ വിശദീകരിച്ചു. ബി എസ് 6 ഇന്ധനം സജീവമാക്കുന്ന പദ്ധതിയ്ക്കായി 6000 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വിവരിച്ചു.

ബി എസ് വാഹനങ്ങള്‍ നിരത്തില്‍ സജീവമാകുന്നതോടെ 90 ശതമാനം വരെ അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനായി രാജ്യത്തെ 122 പ്രമുഖ നഗരങ്ങളെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ബി എസ് 4 വാഹനങ്ങള്‍ വില്‍ക്കുന്നതില്‍ സുപ്രീംകോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ ബി എസ് 4 വാഹനങ്ങള്‍ക്ക് വില്‍പ്പനാനുമതിയില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബി എസ് 6 വാഹനങ്ങള്‍ക്ക് പ്രസക്തിയേറുന്നത്.