ദില്ലി: പുതിയ കാറുകള്‍ വാങ്ങുവാന്‍ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. വിവിധ ക്യാബിനറ്റ് സെക്രട്ടറിമാര്‍, വിവിധ വകുപ്പുകളിലെ സാമ്പത്തിക ഉപദേശകര്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നീതി ആയോഗ് വൈസ് ചെയര്‍മാന്‍ എന്നിവരെ അറിയിച്ചാണ് പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത് എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖലയിലെ മാന്ദ്യം പരിഹരിക്കാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച ഉത്തേജന രീതികളുടെ ഭാഗമായാണ് പുതിയ തീരുമാനം. മുന്‍പ് കേന്ദ്രം വകുപ്പുകള്‍ കാര്‍ വാങ്ങുന്നത് സംബന്ധിച്ച് ഇറക്കിയ ഉത്തരവ് പ്രകാരം കാറുകള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സപ്ലെസ് ആന്‍റ് ഡിസ്പോസല്‍ വഴി മാത്രമേ സാധിക്കൂ.  എന്നാല്‍ പുതിയ ഓഡര്‍ പ്രകാരം ആവശ്യമുള്ളപ്പോള്‍ വകുപ്പുകള്‍ക്ക് കാര്‍ വാങ്ങാനുള്ള രീതികള്‍ ലഘൂകരിക്കും. 

എന്നാല്‍ ഇത്തരത്തിലുള്ള സ്റ്റാഫ് കാറുകള്‍ അടക്കമുള്ളവയുടെ വാങ്ങല്‍ അതാത് ഡിപ്പാര്‍ട്ട്മെന്‍റിലെ ഒഴിവാക്കുന്ന വാഹനങ്ങള്‍ക്ക് അനുസരിച്ചും, സാമ്പത്തിക ചിലവുകള്‍ കണക്കാക്കിയും നടത്തണമെന്നാണ് ഓഡറിലെ നിര്‍ദേശം.