പൂർണമായി ഇറക്കുമതി ചെയ്‍ത കാറുകൾക്ക് നികുതിയിളവ് നൽകാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതായി ദ ഹിന്ദു ഉള്‍പ്പെടെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുംബൈ: ഇന്ത്യയിലേക്ക് ഇലക്ട്രിക്ക് കാറുകള്‍ ഇറക്കുമതി ചെയ്‍ത് വിൽക്കാനുള്ള അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‌ലയുടെ ശ്രമത്തിന് തിരിച്ചടി. പൂർണമായി ഇറക്കുമതി ചെയ്‍ത കാറുകൾക്ക് നികുതിയിളവ് നൽകാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതായി ദ ഹിന്ദു ഉള്‍പ്പെടെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതിന് നികുതിയിളവ് ആവശ്യമാണെങ്കിൽ ഇവിടെ അസംബ്ലിങ് തുടങ്ങാൻ അമേരിക്കൻ ഭീമനോട് കേന്ദ്രസർക്കാർ നിർദേശിച്ചു. രണ്ടോ മൂന്നോ വർഷത്തിനുശേഷം നിക്ഷേപം നടത്തുന്നത് പരിഗണിക്കാമെന്ന ഉറപ്പിൽ ഇറക്കുമതിത്തീരുവ കുറച്ചുകൊടുക്കാനാവില്ലെന്നും ഇത് ഏതാനുംവർഷങ്ങളായി തുടർന്നുവരുന്ന രാജ്യത്തിന്റെ നയങ്ങൾക്കെതിരാകുമെന്നും ഇന്ത്യയിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ച മറ്റ് കമ്പനികൾക്ക് നല്ല സൂചന നൽകില്ലെന്നും നിലവിൽ ഇവിടെ ഉത്പാദനം തുടങ്ങിയവരോടുകാണിക്കുന്ന അനീതിയുമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിദേശത്തുനിർമിച്ച കിറ്റുകൾ ഇറക്കുമതിചെയ്ത് ഇവിടെ അസംബ്ലിങ് തുടങ്ങിയാൽ നികുതിയിളവ് നേടാം. വിപണി മെച്ചപ്പെടുന്ന സാഹചര്യത്തിൽ പിന്നീട് ഉത്പാദനം തുടങ്ങിയാൽ മതിയെന്നും ഏതെങ്കിലും ഒരുകമ്പനിക്കുമാത്രമായി ഇറക്കുമതിത്തീരുവ കുറച്ചുനൽകാൻ കഴിയില്ലെന്നുമാണ് ഘനവ്യവസായമന്ത്രാലയത്തിന്റെ നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ടെസ്‍ല നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഒരു വാഹന നിർമാണക്കമ്പനിക്കും സർക്കാർ അത്തരം ഇളവുകൾ നൽകുന്നില്ലെന്നും ടെസ്‍ലയ്ക്ക് ഇറക്കുമതി തീരുവ ആനുകൂല്യങ്ങൾ നൽകുന്നത് ഇന്ത്യയിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ച മറ്റ് കമ്പനികൾക്ക് നല്ല സൂചന നൽകില്ലെന്നും ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം വ്യക്തമാക്കിയതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് ടുഡെയും റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ, പൂർണ്ണമായും നിർമ്മിച്ച യൂണിറ്റുകളായി (സിബിയു) ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 60 ശതമാനം മുതൽ 100 ശതമാനം വരെ കസ്റ്റംസ് തീരുവ സർക്കാർ ഈടാക്കുന്നു, എഞ്ചിൻ വലുപ്പവും ചെലവും, ഇൻഷുറൻസ്- ചരക്ക് (സിഐഎഫ്) മൂല്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ഇത് ചുമത്തുന്നത്. കസ്റ്റംസ് മൂല്യം കണക്കിലെടുക്കാതെ ഇലക്ട്രിക് കാറുകളുടെ തീരുവ 40 ശതമാനം എന്ന നിലയിൽ മാനദണ്ഡമാക്കണമെന്നാണ് സർക്കാരിനോട് ടെസ്‍ല ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ടാറ്റ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇതിനെതിരെ അടുത്തിടെ രംഗത്തെത്തിയിരുന്നു.
അതേസമയം ടെസ്‌ലയുടെ മോഡൽ 3, മോഡൽ വൈ വാഹനങ്ങൾ ഇതിനകം ഇന്ത്യൻ റോഡുകളിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ടെസ്‌ലയുടെ നാലു മോഡലുകൾക്ക് കൂടി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ അനുമതിയും കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇന്ത്യയില്‍ പൂര്‍ണമായും കമ്പനി ഉടമസ്ഥതയിലുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റ്‌സ് പദ്ധതിക്കും കമ്പനി ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി സര്‍ക്കാരുമായി കമ്പനി ചര്‍ച്ച നടത്തുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
