ദേശീയ പാതകളിലെ എല്ലാ ടോള്‍ പ്ലാസകളും മാറ്റുമെന്നും ഓട്ടോമാറ്റിക്ക് നമ്പര്‍ പ്ലേറ്റ് റീഡര്‍ (എഎന്‍പിആര്‍) ക്യാമറകള്‍ സ്ഥാപിക്കുമെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കി അഭിമുഖത്തില്‍ ഗഡ്കരി പറഞ്ഞു.

ദില്ലി: രാജ്യത്തെ ടോള്‍ പ്ലാസകള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ ആലോചിക്കുന്നു. ടോള്‍ പ്ലാസകള്‍ക്ക് പകരമായി ക്യാമറകള്‍ സ്ഥാപിക്കുകയും അത് വഴി നമ്പര്‍ പ്ലേറ്റുകള്‍ റീഡ് ചെയ്യുന്ന സംവിധാനമാണ് കൊണ്ട് വരിക. റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കി കഴിഞ്ഞു.

ദേശീയ പാതകളിലെ എല്ലാ ടോള്‍ പ്ലാസകളും മാറ്റുമെന്നും ഓട്ടോമാറ്റിക്ക് നമ്പര്‍ പ്ലേറ്റ് റീഡര്‍ (എഎന്‍പിആര്‍) ക്യാമറകള്‍ സ്ഥാപിക്കുമെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കി അഭിമുഖത്തില്‍ ഗഡ്കരി പറഞ്ഞു. എല്ലാ കാറുകൾക്കും കമ്പനി ഘടിപ്പിച്ച നമ്പർ പ്ലേറ്റ് ഉണ്ടായിരിക്കണമെന്ന് 2019 ൽ സർക്കാർ നിയമം കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ പൂര്‍ണമായി ടോള്‍ പ്ലാസകള്‍ മാറ്റി, ക്യാമറകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ ക്യാമറകള്‍ നമ്പര്‍ പ്ലേറ്റുകള്‍ റീഡ് ചെയ്യുകയും അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് തുക ഡെബിറ്റ് ആവുകയും ചെയ്യുമെന്ന് ഗഡ്കരി പറഞ്ഞു.

റിപ്പോര്‍ട്ടില്‍ പറയുന്ന സുപ്രധാന കാര്യങ്ങള്‍ ഇങ്ങനെ

1. ക്യാമറകൾ വാഹന നമ്പർ പ്ലേറ്റുകൾ വായിക്കുകയും വാഹന ഉടമകളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോൾ ഫീസ് സ്വയമേവ ഈടാക്കുകയും ചെയ്യും. ടോൾ റോഡുകളുടെ എൻട്രികളിലും എക്സിറ്റുകളിലും ഈ ക്യാമറകൾ സ്ഥാപിക്കും. 

2. ഈ ക്യാമറകൾക്ക് എല്ലാ നമ്പർ പ്ലേറ്റുകളും വായിക്കാൻ കഴിയുമോ എന്ന വലിയ ചോദ്യമാണ് ഉയരുന്നത്. 2019ന് ശേഷം വരുന്ന നമ്പർ പ്ലേറ്റുകൾ മാത്രമേ ഈ ക്യാമറകളിൽ രജിസ്റ്റർ ചെയ്യൂ എന്നാണ് ഇതിനുള്ള മറുപടി.

3. വാഹനങ്ങൾക്ക് കമ്പനി ഘടിപ്പിച്ച നമ്പർ പ്ലേറ്റ് നിർബന്ധമാക്കി കേന്ദ്രം നിയമം കൊണ്ടുവന്നിരുന്നുവെന്നുള്ളതാണ് ഗ‍ഡ്കരി ചൂണ്ടിക്കാട്ടുന്നത്.

4. പുതിയ സംവിധാനത്തിനായി പഴയ നമ്പർ പ്ലേറ്റുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള പദ്ധതി കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നു. 

5. പുതിയ പദ്ധതിയുടെ പരീക്ഷണം നടക്കുന്നുണ്ടെന്നും മാറ്റം സുഗമമാക്കുന്നതിനുള്ള നിയമ ഭേദഗതികളും ടോൾ ഫീസ് അടയ്ക്കാത്ത ഉടമകൾക്ക് പിഴ ചുമത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പട പേടിച്ചുചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട, സിഎൻജി വണ്ടിക്കച്ചവടവും ഇടിയുന്നു!