ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാന്‍ങാന്‍ ഓട്ടോമൊബൈല്‍സ് ഇന്ത്യയിലേക്കെത്താന്‍ ഒരുങ്ങുകയായിരുന്നു. ഇതിനായി ചാന്‍ങാന്‍ കമ്പനി അധികൃതര്‍ നിരവധി തവണ ഇന്ത്യയിലെത്തി, വിപണി സാധ്യതയും മറ്റും വിലയിരുത്തി. ഒടുവില്‍ കമ്പനി ദില്ലിയിൽ ഒരു താൽക്കാലിക ഓഫീസും സ്ഥാപിച്ചു.

2022-23 ൽ കമ്പനി ഇന്ത്യൻ പ്രവർത്തനങ്ങൾ ആരംഭിക്കും എന്നും കഴിഞ്ഞ വർഷം ഓട്ടോ ചൈനയിൽ അരങ്ങേറ്റം കുറിച്ച CS75 പ്ലസ് എസ്‌യുവിയാവും കമ്പനിയുടെ ഇന്ത്യയിലെ ആദ്യ വാഹനം എന്നും ആയിരുന്നു റിപ്പോര്‍ട്ടുകള്‍. 

പക്ഷേ ലോകത്തിന്‍റെ അടിത്തറയിളക്കിയ കൊവിഡ് 19 വൈറസ് ചാന്‍ങാന്‍റെ ഇന്ത്യന്‍ സ്വപ്‍നങ്ങള്‍ക്കും വിലങ്ങുതടിയാകുകയാണ്. കമ്പനി ഉടന്‍ ഇന്ത്യയിലേക്ക് ഇല്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ വാഹന വിപണിയിലെ റിസ്‌ക് പരിഗണിച്ച് ഏതെങ്കിലും പ്രദേശിക വാഹന നിര്‍മാതാക്കളുമായി സഹകരിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യതയും ചങ്കാന്‍ ഓട്ടോമൊബൈല്‍സ് പരിശോധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഇന്ത്യന്‍ കമ്പനിയായ ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആയിരുന്നു ചാന്‍ങാന്‍ ധാരണയിലെത്തിയത്. ഗുരുഗ്രാം കേന്ദ്രീകരിച്ച് ഇന്ത്യയിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ചാന്‍ങാന്‍റെയും ലക്ഷ്യം. ഇതിനായി 4,000 കോടിയുടെ നിക്ഷേപം കമ്പനി ഇന്ത്യയില്‍ നടത്തിയേക്കും എന്നുമായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. SAIC ഉടമസ്ഥതയിലുള്ള എം‌ജി മോട്ടോർ, ഗ്രേറ്റ് വാൾ മോട്ടോർസ് (GWM) എന്നിവയുമായി ചേര്‍ന്നാവും കമ്പനി ഇന്ത്യയില്‍ പ്രവർത്തിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഹെക്ടറാണ് ഇന്ത്യയിലെ ആദ്യ ചൈനീസ് വാഹനം. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ച് കിടിലന്‍ ഫീച്ചറുകളോടെ മോഹവിലയില്‍ 2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തിയത്. 

ചാന്‍ങാന്‍ ഓട്ടോമൊബൈല്‍സിന് റഷ്യ, ഇറാന്‍, ബ്രസീല്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വാഹന നിര്‍മാണ പ്ലാന്റുകളുണ്ട്. ഈ രാജ്യങ്ങളില്‍ ഫോര്‍ഡ്, മസ്‍ദ, സുസുക്കി, പിഎസ്എ ഗ്രൂപ്പ് തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് ചങ്കാന്റെ പ്രവര്‍ത്തനം.