മലപ്പുറം: ഓരോദിവസവും റോഡപകടങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിയുന്നത്. നിരവധി നിരപരാധികള്‍ അംഗഭംഗത്തിനും ഇരയാകുന്നു. അപ്പോഴും നമ്മുടെ ഡ്രൈവര്‍മാരുടെ താന്‍പോരിമയ്ക്കും അശ്രദ്ധയ്ക്കും അക്ഷമയ്ക്കുമൊന്നും ഒരു കുറവുമില്ലെന്ന് തെളിയിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ.

മലപ്പുറം ഇടപ്പാളിൽ ചങ്ങരംകുളത്ത് അടുത്തിടെ ഉണ്ടായ ഒരപകടത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളം  മാർസ് തിയേറ്ററിനു സമീപമായിരുന്നു അപകടം. യൂടേൺ എടുക്കാൻ ശ്രമിച്ച കാറുകാരന്‍ അപകടത്തിലാക്കിയത് നിരപരാധിയായ ഒരു പെണ്‍കുട്ടിയുടെ ജീവനാണ്. 

യൂടേണ്‍ എടുത്ത കാറുകാരനെ രക്ഷിക്കാനുള്ള ബസ് ഡ്രൈവറുടെ ശ്രമത്തിനിടെ ബസ് നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിച്ച ശേഷം ഇലക്ട്രിക് പോസ്റ്റും ബൈക്കും തകര്‍ത്താണ് നിന്നത്. ബസിനടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോയിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്

യൂടേൺ എടുക്കുമ്പോൾ റോ‍ഡിൽ  മറ്റുവാഹനങ്ങളില്ലെന്ന് ഉറപ്പുവരുത്തണം എന്ന ഡ്രൈവിങ്ങിന്റെ പ്രാഥമികപാഠം പോലും മറന്നാണ് കാര്‍ ഡ്രൈവര്‍ പെരുമാറുന്നതെന്നും കാര്‍ ഡ്രൈവറുടെ അക്ഷമ തന്നെയാണ് അപകടത്തിന്‍റെ മുഖ്യ കാരണമെന്നും വീഡിയോയില്‍ നിന്നും വ്യക്തമാണ്.