കത്തിക്കരിഞ്ഞു പോയ ഒരു വാഹനത്തിന് ഉടമകള്‍ ചോദിക്കുന്ന വിലയുടെ ഞെട്ടലിലാണ് വാഹനലോകം.  212,000 ഡോളർ അതായത് ഏകദേശം 1.5 കോടി രൂപ ആണ്​ 90 ശതമാനം കത്തിപ്പോയി ലോഹക്കൂമ്പാരമായി മാറിയ ഒരു വാഹനത്തി​ന്‍റെ വിൽപ്പന മൂല്യം നിശ്​ചയിച്ചിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അമേരിക്കയിലെ ടെക്സാസിലാണ് ഒരു 2021 മോഡല്‍  മക്​ലാരൻ ജിടി കത്തിയെരിഞ്ഞ്​ ചാരമായിട്ടും അമ്പരപ്പിക്കുന്ന വില കൊണ്ട് ഞെട്ടിക്കുന്നത്. ടെക്സാസ് ആസ്ഥാനമായുള്ള യൂസ്‍ഡ് കാർ വിപണന കേന്ദ്രമായ കോപാർട്ടിലാണ്​ ഈ മക്​ലാരൻ ജിടി വിൽക്കാന്‍ വച്ചിരിക്കുന്നത്​. 90 ശതമാനവും കത്തിപ്പോയ വാഹനം തിരിച്ചറിയാനാകാത്ത ലോഹക്കൂമ്പാരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബ്രിട്ടീഷ് സ്‍പോര്‍ട്‍സ് കാര്‍ നിര്‍മ്മാതാക്കളായ മക്ലാരന്‍റെ ഹൈപ്പര്‍ സൂപ്പര്‍ കാറാണ് മക്ലാരന്‍ ജിടി. ലോകത്തിലെ ഏറ്റവും വിലയേറിയതും കാഠിന്യമേറിയതും ഭാരം കുറഞ്ഞതുമായ ലോഹമായ​ കാർബൺ ഫൈബർ കൊണ്ടാണ് വാഹനത്തിന്‍റെ നിര്‍മ്മാണം. വാഹന ഭാരം കുറക്കാനും ദൃഡത വർധിപ്പിക്കാനും​ സഹായിക്കുന്ന വസ്‍തുവാണ് കാര്‍ബണ്‍ ഫൈബര്‍. 

വിലകൂടിയ വാഹനങ്ങളിൽ ചെറിയ അളവിൽ കാർബൺ ഫൈബർ ഉപയോഗിക്കാറുണ്ട്​. എന്നാൽ മക്​ലാര​ന്‍ ജ.ടി യിലെ പ്രധാന നിർമാണ വസ്​തു കാർബൺ ഫൈബര്‍ മാത്രമാണ്​. അതുകൊണ്ടുതന്നെ ലോകത്തിലെ​ ഏറ്റവും വിലകൂടിയതും വേഗതയേറിയ വാഹനമാണ് മക്ലാരന്‍ ജിടി. നിലവിൽ കത്തിക്കരിഞ്ഞ കാറിൽ ഭൂരിഭാഗവുംഉരുകിയതും കത്തിനശിച്ചതുമായ കാർബൺ ഫൈബർ അവശിഷ്​ടങ്ങളാണ്​. ഇതു തന്നെയാണ് ആക്രിയായി മാറിയിട്ടും വാഹനത്തിനു വിലയേറാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ മക്​ലാരൻ ജി ടി എങ്ങിനെയാണ്​ കത്തിനശിച്ചതെന്ന്​ വ്യക്തമല്ല. വീടിന് തീപിടിച്ചോമറ്റോ ആകാം കത്തിനശിച്ചതെന്നാണ്​ റിപ്പോര്‍ട്ടുകള്‍. എന്തായാലും വാഹനത്തിന്‍റെ പിന്നിലെ ചക്രങ്ങളും ടെയിൽ‌പൈപ്പുകളും റിയർ ഡിഫ്യൂസറും മാത്രമാണ് നിലവില്‍ തിരിച്ചറിയാനാവുന്നത്. 

നാല് ലിറ്റർ വി 8 എഞ്ചിനാണ്​ മക്​ലാരന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 721 ആർ‌പി‌എമ്മിൽ 612 എച്ച്പി കരുത്തും 5,500 - 6,500 ആർ‌പി‌എമ്മിൽ 630 എൻ‌എം ടോർക്കും ഉൽ‌പാദിപ്പിക്കും. പൂജ്യത്തിൽ നിന്ന്​ 100 കി​ലോമീറ്റർ വേഗത കൈവരിക്കാൻ ജി ടിക്ക്​ 2.5 സെക്കൻഡുകള്‍ മാത്രം​ മതി. ഏഴ് സ്‍പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍. റിയർ-വീൽ ഡ്രൈവ് സംവിധാനമാണ് വാഹനത്തില്‍. ഏകദേശം രണ്ടു കോടി രൂപയോളമാണ് പുത്തന്‍ സ്റ്റാന്‍ഡേര്‍ മക്ലാരന്‍ ജിടിയുടെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്തുതരത്തിലുള്ള കേടുപാടുകളും സംഭവിച്ച സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങൾ വിൽക്കുന്ന സ്​ഥാപനമാണ്​ കോപാർട്ട്. കഴിഞ്ഞ മാസം, പൂർണ്ണമായും തകർന്ന 2005 ഫോർഡ് ജിടിയെ കോപാര്‍ട്ട് വിൽപ്പനക്ക്​ വച്ചിരുന്നു. രണ്ട് ചക്രങ്ങളും എഞ്ചിനും മാത്രമായിരുന്നു ഈ വാഹനത്തി​ന്‍റെ  തിരിച്ചറിയാകുമായിരുന്ന ഘടകങ്ങൾ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona