ചെന്നൈ: റോഡരികില്‍ പാര്‍ക്ക് ചെയ്‍ത സ്‍കൂട്ടറിനെ വലിയ വടി ഉപയോഗിച്ച് അടിച്ചു തകര്‍ക്കുന്ന പൊലീസുകാരന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ചെന്നൈ മറീന ബീച്ചിന് സമീപത്തെ റോഡില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വാഹന ഉടമയുടെ മുന്നിലിട്ടാണ് പൊലീസുകാരന്‍ സ്‍കൂട്ടര്‍ തല്ലിത്തകര്‍ത്തത്. സംഭവം പുറത്തായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിഐപിയുടെ അകമ്പടി വാഹനങ്ങള്‍ എത്തുന്നതിനു മുമ്പായി റോഡ് ക്ലിയര്‍ ചെയ്യുന്നതിനിടെയാണ് സംഭവം. മറീന ബീച്ചിലെ റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു സ്കൂട്ടര്‍. ഇതിനിടെ പട്രോളിംങ്ങ് ജീപ്പില്‍ വന്നിറങ്ങിയ പൊലീസുകാരന്‍ സ‍്‍കൂട്ടറിനു മേല്‍ തലങ്ങും വിലങ്ങും തല്ലുന്നത് കാണാം. വാഹനത്തിന്‍റെ ഡാഷ് ബോര്‍ഡും മറ്റും തല്ലിത്തകര്‍ത്ത പൊലീസുകാരന്‍ പിന്നീട് ഹെഡ് ലൈറ്റുകള്‍ തകര്‍ക്കുന്നതും വീഡിയോയില്‍ കാണാം.

നിമിഷങ്ങള്‍ക്കകം ഉടമ ഓടിയെത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഈ സമയം മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ കാഴ്ചക്കാരനായി നില്‍ക്കുന്നുണ്ട്. എതിര്‍പ്പൊന്നും കൂടാതെ ഉടമയായ യുാവവ് സ്‍കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി മുന്നോട്ട് നീങ്ങുന്നതിനിടയിലും പൊലീസുകാരന്‍ വാഹനത്തിന്‍റെ വശങ്ങളില്‍ ആഞ്ഞടിക്കുന്നതും വീഡിയോയില്‍ കണാം. സംഭവത്തിനിടെ ഒരു യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

സംഭവത്തില്‍ മോഹന്‍ എന്ന ഹോംഗാര്‍ഡിനെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. തദ്ദേശവാസിയായ ഒരു കോളേജ് വിദ്യാര്‍ത്ഥിയുടെതാണ് സ്‍കൂട്ടര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.