Asianet News MalayalamAsianet News Malayalam

മൂന്ന് വര്‍ഷത്തിനകം 10 ലക്ഷം വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതിയിൽ പ്രവർത്തിക്കുന്ന രണ്ടുലക്ഷം ഇരുചക്രവാഹനങ്ങൾ, 3000 ബസുകൾ, 100 ഫെറി ബോട്ടുകൾ എന്നിവ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

Chief Minister Pinarayi Vijayan inaugurated  Evolve 2019 summit today
Author
Kochi, First Published Jun 29, 2019, 4:18 PM IST

കൊച്ചി: വൈദ്യുത ഗതാഗത നയം നടപ്പാക്കുന്നതിന്റെ ഭാഗമായി 2022ഓടെ സംസ്ഥാനത്ത് 10 ലക്ഷം വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ നടക്കുന്ന ഇവോൾവ് ഇ മൊബിലിറ്റി കോൺഫറൻസ് ആൻഡ് എക്സ്പോ 2019 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതിയിൽ പ്രവർത്തിക്കുന്ന രണ്ടുലക്ഷം ഇരുചക്രവാഹനങ്ങൾ, 3000 ബസുകൾ, 100 ഫെറി ബോട്ടുകൾ എന്നിവ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. 'പരിസ്ഥിതി വരും തലമുറയ്ക്ക് കൂടി' എന്ന മുദ്രാവാക്യം യാഥാർത്ഥ്യമാക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുത വാഹനങ്ങൾക്കുള്ള ധാരണാപത്രവും ഇവോൾവ് ഇമൊബൈലിറ്റി കോൺഫറൻസിൽ വച്ച് മുഖ്യമന്ത്രി കൈമാറി.

വൈദ്യുത വാഹന രംഗത്ത് നിക്ഷേപകർക്ക് വലിയ സാധ്യതകളാണ് ഇ മൊബിലിറ്റി കോൺഫറൻസ് തുറന്നു വയ്ക്കുന്നത്. വൈദ്യുത വാഹനങ്ങൾ നിർമ്മിക്കാൻ വേണ്ടി തുടങ്ങിയ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് 8000 ഓട്ടോറിക്ഷകൾ ഓരോ വർഷവും പുറത്തിറക്കും. കെഎസ്ആർടിസിക്ക് വേണ്ടി 3000 ഇ ബസുകൾ നിർമ്മിക്കാനും സംസ്ഥാനത്തിന് പദ്ധതിയുണ്ട്. ഇ ബസ് നിർമ്മാണത്തിന് യൂറോപ്യൻ നിക്ഷേപം ലഭിക്കുന്ന ആദ്യ പദ്ധതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടപ്പള്ളിയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പമ്പില്‍ തുടങ്ങിയ ചാർജിംഗ് സ്റ്റേഷന്റെ വെർച്വൽ ഉദ്ഘാടനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു. വൈദ്യുത വാഹനങ്ങളുടെ സബ്സിഡിക്കുള്ള ആദ്യ അപേക്ഷയും ചടങ്ങില്‍ സ്വീകരിച്ചു. നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ചീഫ് സെക്രട്ടറി ടോം ജോസ്, ഹൈബി ഈഡൻ എംപി, കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു. 

Follow Us:
Download App:
  • android
  • ios