തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച എയർ ഇന്ത്യൻ എക്സ് പ്രസ്സ് വിമാനം പറന്നുയരുന്നതിനു തൊട്ടുമുമ്പ് അടിയന്തരമായി തിരിച്ചെത്തിച്ചു. എഞ്ചിന്‍ തകരാറിനെ തുടര്‍ന്നായിരുന്നു നടപടി. 

രാവിലെ 8 .15 ന് തിരുവനന്തപുരത്തു നിന്നും കരിപ്പൂര്‍ വഴി ദോഹയിലേക്ക് പുറപ്പെട്ട ഐ എക്സ് 373 നമ്പർ വിമാനമാണ് സാങ്കേതിക തകരാർ കാരണം പതിനഞ്ച് മിനിട്ടിനു ശേഷം പാര്‍ക്കിംഗ് ബേയിലേക്ക് തിരിച്ചെത്തിച്ചത്. വിമാനം റണ്‍വേയിലേക്ക് കടക്കാനൊരുങ്ങിയപ്പോള്‍ ഒരുവശത്തുള്ള എഞ്ചിന് തകരാറുണ്ടെന്ന പൈലറ്റിന്‍റെ സംശയത്തെ തുടര്‍ന്നാണ് നടപടി. 

തകരാർ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരമായി വിമാനം തിരിച്ചെത്തിക്കുകയാണെന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ റൂമിനെ അറിയിച്ചു. തിരിച്ചിറക്കിയ വിമാനം പാര്‍ക്കിംഗ് ബേയില്‍ എത്തിച്ചു. പിന്നീട് യാത്രികരെ പുറത്തിറക്കാതെ തന്നെ തകരാർ പരിഹരിച്ചതിനു ശേഷം ഒൻപതരയോടെ വിമാനം കരിപ്പൂരിലേക്ക് തിരിച്ചു. മുഖ്യമന്ത്രിയും മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉള്‍പ്പെടെ 180 പേരുണ്ടായിരുന്നു വിമാനത്തില്‍.