ഉണ്ണാതെയും ഉറങ്ങാതെയും നല്ലതൊന്ന് ഉടുക്കാതെയുമൊക്കെയാവും പല മാതാപിതാക്കളും മക്കളെ വളര്‍ത്തുന്നത്.  മക്കളുടെ നല്ല ഭാവി മാത്രം സ്വപ്‌നം കാണുന്നവരാകും ലോകത്തെ മഹാഭൂരിപക്ഷം മാതാപിതാക്കളും. അതുകൊണ്ടു തന്നെ തങ്ങളുടെ പല ആഗ്രഹങ്ങളും സ്വപ്‍നങ്ങളുമൊക്കെ മാറ്റിവച്ചായിരിക്കും പല മാതാപിതാക്കളും മക്കള്‍ക്കു നല്ല ജീവിതം ഉണ്ടാക്കിക്കൊടുക്കുന്നത്. 

പിന്നീട് എന്നെങ്കിലുമൊരിക്കല്‍, ജീവിതത്തിന്‍റെ സായന്തനങ്ങളില്‍ ആ സ്വപ്‍നം മക്കൾ തന്നെ അവര്‍ക്ക് യാഥാർഥ്യമാക്കി കൊടുത്താലോ?  ആ മാതാപിതാക്കള്‍ ചിലപ്പോള്‍ പൊട്ടിക്കരഞ്ഞെന്നിരിക്കും. സന്തോഷം അവര്‍ക്ക് നിയന്ത്രിക്കാനായെന്നു വരില്ല. കാഴ്‍ച്ചക്കാരുടെ കണ്ണുപോലും ചിലപ്പോള്‍ നിറഞ്ഞേക്കും. ഇങ്ങനെ ആനന്ദാശ്രു പൊഴിക്കുന്ന ഒരു അച്ഛന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

അമേരിക്കയില്‍ നടന്ന, ഹൃദയത്തെ ആദ്രമാക്കുന്ന ഈ വീഡിയോ പ്രശസ്‍ത ബ്ലോഗർ സൂപ്പർകാർ ബ്ലോണ്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ചത്.  കാര്‍നിഴലുണ്ടും നിലാവ് പകര്‍ന്ന അച്ഛന് മക്കള്‍ നല്‍കിയത്  നാല് കോടിയുടെ സൂപ്പര്‍കാറാണ്. 

സൂപ്പര്‍കാറായ ഫെറാരി 458 സ്‍പൈഡറാണ് മക്കൾ അച്ഛന് സമ്മാനിച്ചത്. അച്ഛന്റെയും അമ്മയുടെയും കണ്ണുകെട്ടി കാറിൽ കയറ്റി ഇരുത്തിയാണ് സമ്മാനം നൽകിയത്.  തന്റെ സ്വപ്‍ന വാഹനമായ ഫെരാരിയാണ് മക്കൾ സമ്മാനിച്ചതെന്ന് തിരിച്ചറിഞ്ഞതോടെ ആ പിതാവ് കരയുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. അദ്ദേഹത്തെ ഭാര്യയും മക്കളും ചേര്‍ന്ന് സ്‍നേഹപൂര്‍വ്വം ആശ്വസിപ്പിക്കുന്നതും കാണാം. പിന്നീട് പിതാവ് വാഹനം ഓടിക്കുന്നതും വീഡിയോയിലുണ്ട്. 

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ഫെറാരിയുടെ ഏറ്റവും മികച്ച സൂപ്പർ കാറുകളിലൊന്നാണ് ഫെരാരി 458 സ്പൈഡർ . 4.5 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന കാറിന് 562 ബിഎച്ച്പി കരുത്തുണ്ട്. ഏകദേശം 4 കോടി രൂപയാണ് വാഹനത്തിന്റെ ഇന്ത്യൻ എക്സ്ഷോറൂം വില.