ഇന്ത്യയുടെ അഡ്വാൻസ്‍ഡ് കെമിസ്ട്രി സെൽ (എസിസി) ബാറ്ററികൾ, ഓട്ടോമൊബൈലുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്കായുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്‍റീവ് (പിഎൽഐ) പദ്ധതികൾക്കെതിരെ ചൈന ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) പരാതി നൽകി.
ഇന്ത്യയുടെ അഡ്വാൻസ്‍ഡ് കെമിസ്ട്രി സെൽ (എസിസി) ബാറ്ററികൾ, ഓട്ടോമൊബൈലുകൾ, ഇലക്ട്രിക് വാഹനങ്ങൾ (ഇവി) എന്നിവയ്ക്കായുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്‍റീവ് (പിഎൽഐ) പദ്ധതികൾ ആഗോള വ്യാപാര നിയമങ്ങൾ ലംഘിക്കുന്നുവെന്ന് ആരോപിച്ച് ചൈന ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) പരാതി നൽകിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയുടെ സബ്‍സിഡികൾ തങ്ങൾക്ക് പ്രതികൂലമെന്ന് ചൈന
ഇറക്കുമതി ചെയ്യുന്നവയെക്കാൾ ആഭ്യന്തരമായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയുടെ പദ്ധതികൾ അനുകൂലമാണെന്നും അതുവഴി ചൈനയിൽ നിന്ന് ഉത്ഭവിക്കുന്ന വസ്‍തുക്കൾക്ക് വിവേചനം കാണിക്കുമെന്നും ചൈന പറഞ്ഞു. ഇന്ത്യ വ്യാപാര നിയമങ്ങൾ ലംഘിക്കുന്നതായി ചൈന ആരോപിച്ചു. ഡബ്ല്യുടിഒയുടെ തർക്ക പരിഹാര സംവിധാനത്തിന് കീഴിൽ ഇന്ത്യയുമായി ഈ നടപടികൾ ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യകത ചൈന പ്രകടിപ്പിച്ചതായി ഒക്ടോബർ 20 ന് ഡബ്ല്യുടിഒ പുറത്തിറക്കിയ ഒരു കത്തിൽ പറയുന്നു . അഡ്വാൻസ്‍ഡ് കെമിസ്ട്രി സെൽ ബാറ്ററി സംഭരണത്തിനുള്ള പിഎൽഐ, ഓട്ടോമൊബൈൽ, ഓട്ടോ ഘടക വ്യവസായത്തിനുള്ള പിഎൽഐ, രാജ്യത്ത് ഇലക്ട്രിക് കാറുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി എന്നിവയാണ് ചൈന ചോദ്യം ചെയ്ത മൂന്ന് നടപടികൾ.
യൂറോപ്യൻ യൂണിയൻ അവിടെ നിർമ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് 27 ശതമാനം താരിഫ് ഏർപ്പെടുത്തിയിരിക്കുന്ന സമയത്താണ് ചൈനയുടെ ഈ നീക്കം. ചൈനീസ് കമ്പനികൾ ഇന്ത്യയിൽ വിൽപ്പന വർദ്ധിപ്പിക്കാനുള്ള വഴികൾ തേടുന്നു. 2021 ജൂണിൽ ഇന്ത്യ ബാറ്ററി സംഭരണത്തിനായി ഒരു പിഎൽഐ പദ്ധതി ആരംഭിച്ചു. ഈ പ്രോത്സാഹനത്തിന് യോഗ്യത നേടുന്നതിന്, കമ്പനികൾ വിഹിതം അനുവദിച്ചതിന് ശേഷം രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കുകയും കുറഞ്ഞത് 25 ശതമാനം ആഭ്യന്തര മൂല്യവർദ്ധനവ് നേടുകയും വേണം. അതുപോലെ, 2021 സെപ്റ്റംബറിൽ ഓട്ടോമൊബൈലുകൾക്കും ഓട്ടോ ഘടകങ്ങൾക്കുമായി ഒരു പിഎൽഐ പദ്ധതി ആരംഭിച്ചു. കഴിഞ്ഞ വർഷം മാർച്ചിൽ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ഒരു പദ്ധതി അംഗീകരിച്ചു.
ഇന്ത്യയുടെ ഈ നടപടികൾ സബ്‌സിഡീസ് ആൻഡ് കൗണ്ടർവെയിലിംഗ് മെഷേഴ്‌സ് കരാർ, 1994 ലെ താരിഫ് ആൻഡ് ട്രേഡ് സംബന്ധിച്ച പൊതു കരാർ, വ്യാപാര സംബന്ധിയായ നിക്ഷേപ നടപടി കരാർ എന്നിവ പ്രകാരമുള്ള ബാധ്യതകൾക്ക് അനുസൃതമല്ലെന്നും ഈ കരാറുകൾ പ്രകാരം ചൈനയ്ക്ക് ലഭിക്കുന്ന നേരിട്ടോ അല്ലാതെയോ ആനുകൂല്യങ്ങൾ ഇന്ത്യയുടെ നടപടികളാൽ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുമെന്നും ചൈന പറയുന്നു.


