എല്ലാ മേഖലയിലുമുള്ള ചൈനയുടെ കോപ്പിയടി കുപ്രസിദ്ധമാണ്. വാഹന മോഡലുകളുടെ കോപ്പിയടിയാവും അതില്‍ ഭൂരിഭാഗവും. ലോകത്തിലെ മുന്‍നിര കമ്പനികളുടെ കാറുകളെ അതേ രൂപത്തില്‍ കോപ്പിയടിക്കുന്ന ചൈനയുടെ പരിപാടിക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. തങ്ങളുടെ വാഹന മോഡൽ കോപ്പിയടിച്ചതിന് ചൈനീസ് വാഹന നിർമാതാവിനെതിരെ ജഗ്വാർ ലാൻഡ് റോവർ കോടതിയിൽ നിന്ന് അനുകൂല വിധി നേടിയത് അടുത്തിടെയാണ്. റേഞ്ച് റോവർ ഇവോക്കിനെ അനുകരിച്ച ചൈനീസ് നിർമാതാക്കളായ ജിയാങ്‍ലിങ് മോട്ടോഴ്‍സ് കോർപറേഷനെതിരെയായിരുന്നു ജെഎൽആറിന്റെ നിയമയുദ്ധം. 

എന്നാല്‍ ഇതൊന്നും കൂസാതെ മുന്നോട്ടുപോകുകയാണ് ചൈനീസ് കമ്പനികളെന്നാണ് ചൈനയില്‍ നിന്നും പുറത്തുവരുന്ന പുതിയ വാര്‍ത്തകളും വ്യക്തമാക്കുന്നത്. ഇപ്പോള്‍ ഇന്ത്യയുടെ ജനപ്രിയ വാഹനം ടാറ്റ നെക്‌സോണ്‍ എസ്‌യുവിയെ അതേപടി കോപ്പിയടിച്ചിരിക്കുകയാണ് ഒരു ചൈനീസ് വണ്ടിക്കമ്പനി. ചൈനീസ് വാഹനഭീമന്മായാ ഗീലിയുടെ അനുബന്ധ കമ്പനിയായ ഫെന്‍ഷെങ് എന്ന വാഹനനിര്‍മാതാക്കളായ നെക്‌സോണിന്റെ ഡിസൈന്‍ കോപ്പിയടിച്ച് മേപ്പിള്‍ 30X എന്ന ഇലക്ട്രിക് എസ്‌യുവി എത്തിച്ചിരിക്കുന്നത്. 

എന്നാല്‍ പലപ്പോഴും ചെയ്യാറുള്ളതുപോലെ കണ്ണടച്ചുള്ള കോപ്പിയടിയല്ല മേപ്പിൾ 30X ഇവി. അതെ സമയം വശങ്ങൾ ശ്രദ്ധിച്ചാൽ ഇത് നമ്മുടെ ടാറ്റ നെക്‌സോൺ ഇവിയുടെ ചൈനീസ് അപരൻ എന്ന് വ്യക്തമാകുകയും ചെയ്യും. 

ഹെഡ്‌ലൈറ്റിലും റേഡിയേറ്റര്‍ ഗ്രില്ലിലും വരുത്തിയിട്ടുള്ള മാറ്റങ്ങളും നീളത്തിലുള്ള ഫോഗ് ലാമ്പും മാറ്റിനിര്‍ത്തിയാല്‍ ഈ വാഹനം നെക്‌സോണിന്റെ തനി കോപ്പിയാണെന്ന് പറയാന്‍ കഴിയും. ബോഡിയുടെ ഘടനയും വീലുകളും പിന്നിലെ ഡിസൈനുമെല്ലാം ടാറ്റ നെക്‌സോണുമായി വലിയ സാമ്യം തോന്നിക്കുന്നവയാണ്.

ഫെങ്‌യുൻ ബേസിക്, ഫെങ്‌ഫാൻ സ്റ്റൈൽ, ഫെങ്‌ഷാംഗ് പ്ലസ്, ഫെങ്‌വ പ്രീമിയം എന്നിങ്ങനെ നാല് വേരിയന്റുകളിലും അഞ്ച് കളർ ഓപ്ഷനിലുമാണ് മേപ്പിൾ 30X ഇവി വില്പനക്കെത്തിയിരിക്കുന്നത്. ഇലക്ട്രിക് കരുത്തിലെത്തുന്ന ഈ വാഹനത്തിന്റെ ബാറ്ററിയുടെ ശേഷിയും റേഞ്ചും പോലും ടാറ്റ നെക്‌സോണ്‍ ഇവിയുമായി സാമ്യമുള്ളതാണ്. 70 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് മേപ്പിള്‍ 30X -ല്‍ പ്രവര്‍ത്തിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 360 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

ഇന്റീരിയറിലും കൂടുതല്‍ ഫീച്ചര്‍ സമ്പന്നമായ വാഹനമാണ് മേപ്പിള്‍ 30X. ഇന്റഗ്രേറ്റഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മേപ്പിള്‍ 30X  ജികെയുഐ ഇന്റലിജെന്റ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങള്‍ ഈ കാറില്‍ നല്‍കിയിട്ടുണ്ട്. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 30 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനുള്ള ശേഷിയും ഇതിലുണ്ട്.  അതെ സമയം വിലയുടെ കാര്യത്തിൽ നെക്‌സൺ ഇവിയെക്കാൾ വളരെ കുറവാണ് മേപ്പിൾ 30X ഇവി. 9,778 യുഎസ് ഡോളർ ഏകദേശം 8 ലക്ഷം രൂപയ്ക്ക് താഴെ മാത്രമാണ് വില. ഇന്ത്യയിലെ ഇലക്ട്രിക് വാഹന ശ്രേണിയിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് എസ്‌യുവിയായ ടാറ്റ നെക്‌സോൺ-ഇവി 2020 ജനുവ രിയിലാണ് വിപണിയിലെത്തുന്നത്. 13.99 ലക്ഷം രൂപയാണ് ഇന്ത്യ ഒട്ടാകെയുള്ള എക്സ് ഷോറൂം വില.

ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണികളിൽ ഒന്നായ ചൈന.  മറ്റ് രാജ്യങ്ങളിലെ ജനപ്രിയ വാഹനങ്ങളുടെ ഡിസൈന്‍ മോഷ്ടിക്കുന്നുവെന്ന ചീത്തപ്പേര് ചൈനീസ് വാഹന നിര്‍മാതാക്കള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെയുണ്ട്. ലാന്‍ഡ് റോവര്‍, ടെസ്‌ല തുടങ്ങി ഇന്ത്യയിലും വിദേശത്തുമായുള്ള പല വാഹനങ്ങളുടെയും ഡിസൈനിലുള്ള വാഹനങ്ങള്‍ ചൈനീസ് നിരത്തുകളിലെത്തിയിട്ടുമുണ്ട്.  ജഗ്വാർ ലാൻഡ് റോവർ കോടതിയിൽ നിന്ന് അനുകൂല വിധി നേടിയതിനു പിന്നാലെ ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ജി310ജിഎസിനെ കോപ്പിയടിച്ച എവറസ്റ്റ് കയൂ 400X എന്ന അഡ്വഞ്ചര്‍ ബൈക്കുണ്ടാക്കിയതും വിവാദമായിരുന്നു. 

ഇത്തരം കോപ്പിയടികള്‍ ചൈനയിൽ സാധാരണവും വ്യാപകവുമാണെങ്കിലും ഇതിനെതിരെ മിക്ക വിദേശ നിർമാതാക്കളും മൗനം പാലിക്കുകയാണ് പതിവ്. ഈ സാഹചര്യത്തിലാണ് ലാന്‍ഡ് റോവറിന്‍റെ വിജയം ശ്രദ്ധേയമാകുന്നത്.