മുംബൈ: ഇന്ത്യന്‍ നിരത്തും വിപണിയും കീഴടക്കിക്കൊണ്ടിരിക്കുന്ന എംജി ഹെക്ടറിനും ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യാനിരിക്കുന്ന ഗ്രേറ്റ് വാള്‍ മോട്ടോഴ്‍സിനും പിന്നാലെ മറ്റൊരു ചൈനീസ് വാഹന നിര്‍മ്മാതാക്കള്‍ക്കൂടി ഇന്ത്യയിലേക്ക്. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാന്‍ങാന്‍ ഓട്ടോമൊബൈല്‍സാണ് മൂന്നാമനായി ഇന്ത്യയിലേക്കെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ചാന്‍ങാന്‍ കമ്പനി അധികൃതര്‍ അടുത്തിടെ നിരവധി തവണ ഇന്ത്യയിലെത്തിയെന്നും വിപണി സാധ്യതയും മറ്റും വിലയിരുത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.  ഇന്ത്യന്‍ കമ്പനിയായ ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കമ്പനി ധാരണയിലെത്തിയതായും ഗുരുഗ്രാം കേന്ദ്രീകരിച്ച് ഇന്ത്യയിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ചാന്‍ങാന്‍ ലക്ഷ്യമിടുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ഇതിനായി 4,000 കോടിയുടെ നിക്ഷേപം കമ്പനി ഇന്ത്യയില്‍ നടത്തിയേക്കും. സെഡാന്‍, എസ്.യു.വി, ഇലക്ട്രിക്, പ്ലഗ് ഇന്‍ ഹൈബ്രിഡ്, എംപിവി എന്നീ നിരകളില്‍ നിരവധി വാഹനങ്ങള്‍ ചാന്‍ങാന്‍ നിരയില്‍ ചൈനയിലുണ്ട്. ഇതില്‍ എസ്.യു.വി മോഡലുകളായിരിക്കും ചാന്‍ങാന്‍ ആദ്യം ഇങ്ങോട്ടെത്തിക്കുക. 2022ഓടെ ഇന്ത്യയിലെ പ്രവര്‍ത്തനം ചാന്‍ങാന്‍ തുടങ്ങിയേക്കുമെന്നാണ് സൂചന. 

അതിനിടെ ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‍സിന്‍റെ ഇന്ത്യയിലെ അനുബന്ധ കമ്പനി രജിസ്റ്റര്‍ ചെയ്‍തു കഴിഞ്ഞു. ഹവല്‍ മോട്ടോര്‍ ഇന്ത്യ എന്ന പേരിലാണ് ഗുരുഗ്രാം കേന്ദ്രീകരിച്ച് കമ്പനി രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. ഏകദേശം 7000 കോടി രൂപയുടെ നിക്ഷേപം ഹവല്‍ ഇന്ത്യ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഏറെ ആവശ്യക്കാരുള്ള പാസഞ്ചര്‍ വാഹന ശ്രേണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ്‌ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് വരുന്നത്. 

ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഹെക്ടറാണ് ഇന്ത്യയിലെ ആദ്യ ചൈനീസ് വാഹനം. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ച് കിടിലന്‍ ഫീച്ചറുകളോടെ മോഹവിലയില്‍ 2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തിയത്.  

എന്തായാലും ചൈനയില്‍ നിന്നുള്ള വാഹനങ്ങളുടെ ഈ കുത്തൊഴുക്ക് ഇന്ത്യയിലെ മറ്റു വണ്ടിക്കമ്പനികളുടെ നില കൂടുതല്‍ പരുങ്ങലിലാക്കിയേക്കും. ചൈനീസ് വാഹനങ്ങളിലെ കിടിലന്‍ ഫീച്ചറുകളും ബജറ്റ് വിലയും തന്നെയാകും എതിരാളികളുടെ ഉറക്കംകെടുത്തുക.