Asianet News MalayalamAsianet News Malayalam

വാഹന ലോകത്തെ ഉലച്ച് ചിപ്പ് ക്ഷാമം, വില്‍പ്പനയില്‍ വന്‍ ഇടിവ്

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ (സിയാം) ഏറ്റവും പുതിയ റിപ്പോർട്ടിലാണ് വിവരങ്ങളുളളത്.  

Chip shortage hit vehicle production and sales
Author
Mumbai, First Published Sep 11, 2021, 4:38 PM IST
  • Facebook
  • Twitter
  • Whatsapp

മുംബൈ: വാഹന വ്യവസായത്തെ പിടിച്ചുലച്ച് ചിപ്പ് ക്ഷാമം.  വ്യവസായത്തിലുടനീളമുള്ള ഉൽപാദന പ്രക്രിയകളെ ബാധിച്ചതിനാൽ ഇന്ത്യയിലെ ഓട്ടോമൊബൈൽ മൊത്തവ്യാപാരം ഓഗസ്റ്റിൽ 11 ശതമാനം ഇടിഞ്ഞതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ (സിയാം) ഏറ്റവും പുതിയ റിപ്പോർട്ടിലാണ് വിവരങ്ങളുളളത്.  വാണിജ്യ വാഹനങ്ങൾ ഒഴികെയുള്ള സെ​ഗ്മെന്റുകളിലായി മൊത്തവ്യാപാരം കഴിഞ്ഞ മാസം 15,86,873 യൂണിറ്റായി കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ഓഗസ്റ്റിൽ ഇത് 17,90,115 യൂണിറ്റായിരുന്നു.

പ്രതിസന്ധി പരിഹരിക്കാൻ വിവിധ ഉൽപ്പാദകരുടെ ഭാ​ഗത്ത് നിന്ന് ശ്രമം തുടരുകയാണ്. മിക്ക വാഹന നിർമാതാക്കളും ചിപ്പ് ക്ഷാമത്തെ തുടർന്ന് ഉൽപ്പാദനം കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ വരും മാസങ്ങളിൽ വീണ്ടും വ്യാപാരത്തിൽ ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

സെമി കണ്ടക്ടറുകള്‍ അഥവാ ചിപ്പുകള്‍ കിട്ടാക്കനിയായതോടെ ആഗോളതലത്തില്‍ വാഹന നിര്‍മ്മാണം വന്‍ പ്രതിസന്ധി നേരിടുകയാണ്. ഇതുകാരണം ടൊയോട്ട, മഹീന്ദ്ര തുടങ്ങിയ നിര്‍മ്മാതാക്കള്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുകയാണ്. വാഹന മേഖലയ്ക്ക് പുറമെ, മൊബൈല്‍ ഫോണ്‍, ലാപ്പ്‌ടോപ് തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ നിര്‍മാണത്തേയും ചിപ്പ് ക്ഷാമം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ അനുഭവപ്പെടുന്ന ചിപ്പ് ക്ഷാമം 2022 അവസാനത്തോടെ ഭാഗികമായി കുറയ്ക്കാന്‍ സാധിക്കുമെങ്കിലും 2023-ഓടെ മാത്രമേ പൂര്‍ണമായി പരിഹരിക്കപ്പെടൂവെന്നാണ് സെമി കണ്ടക്ടര്‍ ചിപ്പ് നിര്‍മാതാക്കളായ എസ്.ടി. മൈക്രോ ഇലക്ട്രോണിക്‌സ് മേധാവി ജീന്‍ മാര്‍ക്ക് അടുത്തിടെ അറിയിച്ചത്.

ചിപ്പ് ക്ഷാമം മൂലം 10 മുതല്‍ 15 ശതമാനം വരെ ഉത്പാദന നഷ്‍ടമുണ്ടാകുന്നതായാണ് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കള്‍ നല്‍കുന്ന കണക്കുകള്‍. കാറുകളുടെ കാത്തിരിപ്പുസമയം കൂടാനിത് ഇടയാക്കുന്നു. ടാറ്റ മോട്ടോഴ്സ്, ഫോര്‍ഡ് ഇന്ത്യ, മഹീന്ദ്ര, ഹ്യുണ്ടായ് എന്നിങ്ങനെ മിക്ക കമ്പനികളെയും ചിപ്പ് ക്ഷാമം കാര്യമായി ബാധിച്ചിച്ചുണ്ട്. സാംസങ് ഇന്ത്യ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയില്‍ ഈ മാസം സ്മാര്‍ട്ട്ഫോണ്‍ വിതരണം 70 ശതമാനം വരെ കുറഞ്ഞു.

ചിപ്പ് ക്ഷാമം മൂലം വണ്ടക്കമ്പനികളുടെ 2021 ലെ വരുമാനത്തില്‍ 110 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാകുമെന്ന് കണ്‍സള്‍ട്ടിംഗ് കമ്പനിയായ അലിക്‌സ് പാര്‍ട്‌ണേഴ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ 61 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഈ പ്രതിസന്ധി 3.9 ദശലക്ഷം വാഹനങ്ങളുടെ നിര്‍മ്മാണത്തെ ബാധിക്കുമെന്നും അലിക്‌സ് പാര്‍ട്‌ണേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona  

Follow Us:
Download App:
  • android
  • ios