Asianet News MalayalamAsianet News Malayalam

ചിപ്പ് ക്ഷാമം തുടര്‍ക്കഥ, വാഹന നിര്‍മ്മാണ മേഖല പ്രതിസന്ധിയിൽ

ചിപ്പ് ക്ഷാമം മൂലം 10 മുതല്‍ 15 ശതമാനം വരെ ഉത്പാദന നഷ്‍ടമുണ്ടാകുന്നതായാണ് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കള്‍ നല്‍കുന്ന കണക്കുകള്‍.

Chip Shortage In Vehicle Industry Follow Up
Author
Mumbai, First Published Jul 13, 2021, 10:50 PM IST

സെമി കണ്ടക്ടറുകള്‍ അഥവാ ചിപ്പുകള്‍ കിട്ടാക്കനിയായതോടെ ആഗോളതലത്തില്‍ വാഹന നിര്‍മ്മാണം വന്‍ പ്രതിസന്ധി നേരിടുകയാണ്. വാഹന വിപണി മാത്രമല്ല, ചിപ്പ് ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ സ്‍മാര്‍ട്ട്ഫോണ്‍, ലാപ്‌ടോപ്പ്, ഗാര്‍ഹികോപകരണങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനും തിരിച്ചടിയായിരിക്കുകയാണ്.

നിലവിലുള്ള ലോക്ക് ഡൌണുകളില്‍ ഇളവുകൾ ലഭിച്ചതോടെ വാഹനം ഉള്‍പ്പെടെയുള്ള മറ്റ് ഉപകരണങ്ങളുടെ വില്‍പ്പനയില്‍ കാര്യമായ വര്‍ധനവുണ്ടാകുന്നുണ്ട്. എന്നാല്‍, ചിപ്പ് ക്ഷാമം നിലവിലുള്ളതിനാൽ തന്നെ അതിനനുസരിച്ച് ഉത്പാദനം നടത്താന്‍ കമ്പനികള്‍ക്ക് കഴിയുന്നില്ല. ചിപ്പ് ക്ഷാമം മൂലം പ്രതിസന്ധി നേരിടുന്ന പ്രധാന വിഭാഗം കാര്‍ ഉത്പാദന മേഖലയാണ്. കോവിഡിനു ശേഷം വാഹനങ്ങളുടെ ഡിമാന്റ് വര്‍ധിച്ചിട്ടുണ്ടെങ്കിലും ഈ ആവശ്യം നിറവേറ്റാന്‍ കമ്പനികള്‍ക്ക് കഴിയുന്നില്ല. വാഹന പ്ലാന്റുകളിലെ ഉത്പാദനശേഷി പൂര്‍ണമായി ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് പ്രധാന തിരിച്ചടി.

ചിപ്പ് ക്ഷാമം മൂലം 10 മുതല്‍ 15 ശതമാനം വരെ ഉത്പാദന നഷ്‍ടമുണ്ടാകുന്നതായാണ് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കള്‍ നല്‍കുന്ന കണക്കുകള്‍. കാറുകളുടെ കാത്തിരിപ്പുസമയം കൂടാനിത് ഇടയാക്കുന്നു. ടാറ്റ മോട്ടോഴ്സ്, ഫോര്‍ഡ് ഇന്ത്യ, മഹീന്ദ്ര, ഹ്യുണ്ടായ് എന്നിങ്ങനെ മിക്ക കമ്പനികളെയും ചിപ്പ് ക്ഷാമം കാര്യമായി ബാധിച്ചിച്ചുണ്ട്. സാംസങ് ഇന്ത്യ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയില്‍ ഈ മാസം സ്മാര്‍ട്ട്ഫോണ്‍ വിതരണം 70 ശതമാനം വരെ കുറഞ്ഞു.

ചിപ്പ് ക്ഷാമം മൂലം വണ്ടക്കമ്പനികളുടെ 2021 ലെ വരുമാനത്തില്‍ 110 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാകുമെന്ന് കണ്‍സള്‍ട്ടിംഗ് കമ്പനിയായ അലിക്‌സ് പാര്‍ട്‌ണേഴ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ 61 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഈ പ്രതിസന്ധി 3.9 ദശലക്ഷം വാഹനങ്ങളുടെ നിര്‍മ്മാണത്തെ ബാധിക്കുമെന്നും അലിക്‌സ് പാര്‍ട്‌ണേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.

മുന്‍കാലങ്ങളില്‍ ദീര്‍ഘകാലത്തേക്ക് സെമികണ്ടക്ടറുകളും മറ്റ് അസംസ്‌കൃത വസ്‍തുക്കളും വാങ്ങുന്നതിനും അത്തരം കരാറുകളുടെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കുന്നതിനും വാഹന നിര്‍മാതാക്കള്‍ വിമുഖത കാണിച്ചിരുന്നുവെന്ന് അലിക്സ് പാര്‍ട്‌ണേഴ്‌സ് പ്രതിനിധി പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനു മാറ്റം വന്നിരിക്കുന്നതായും സെമികണ്ടക്ടേഴ്‌സ് നിര്‍മാതാക്കളുമായി നേരിട്ടുള്ള ബന്ധം വളര്‍ത്തിയെടുക്കാനാണ് വാഹന നിര്‍മാതാക്കള്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും 
അലിക്‌സ് പാര്‍ട്‌ണേഴ്‌സ് വ്യക്തമാക്കുന്നു. സെമികണ്ടക്ടേഴ്‌സ് ക്ഷാമം മറികടക്കുന്നതിനുള്ള ശ്രമങ്ങളും വാഹന നിര്‍മ്മാണ കമ്പനികള്‍ നടത്തുകയാണ് ഇപ്പോള്‍. കൂടുതല്‍ ലഭ്യമാവുന്ന ചിപ്പുകള്‍ ഉപയോഗിക്കുന്നതിന് ഓട്ടോമോട്ടീവ് ഭാഗങ്ങള്‍ പുനര്‍രൂപകല്‍പ്പന ചെയ്യുകയാണെന്ന് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനി അടുത്തിടെ വ്യക്തമാക്കിയിരുന്നു. 

കാറുകള്‍ക്ക് മാത്രമല്ല, മൊബൈല്‍ ഫോണ്‍, ഗെയിമിംഗ് കണ്‍സോള്‍, മറ്റ് ഹാന്‍ഡി ഗാഡ്‌ജെറ്റ് സെഗ്മെന്റുകള്‍ എന്നിവയിലെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങളാണ് സെമി കണ്ടക്ടറുകള്‍. ഇത്തരം സാധനങ്ങളുടെ ആവശ്യം വളരെ കൂടുതലാണ്. ടയര്‍ പ്രഷര്‍ ഗേജുകള്‍, മൊബൈല്‍ സെന്‍സിംഗ് വൈപ്പറുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ കൂടാതെ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങള്‍ ആവശ്യമുള്ള കാര്‍ നിര്‍മ്മാതാക്കള്‍ക്കും ഈ ഭാഗങ്ങള്‍ പ്രധാനമാണ്. ഒപ്പം എഞ്ചിന്‍, ബ്ലൂടൂത്ത് സംവിധാനങ്ങള്‍, സീറ്റ് സിസ്റ്റം, കൊളിഷന്‍, ബ്ലൈന്റ് സ്‌പോട്ട് ഡിറ്റക്ഷന്‍, ട്രാന്‍സ്പിഷന്‍, വൈഫൈ, വീഡിയോ ഡിസ്‌പ്ലേ സിസ്റ്റം പോലെ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യകള്‍ക്കെല്ലാം ചിപ്പുകള്‍ ആവശ്യമാണ്. 

ആഗോള തലത്തില്‍ വളരെ കുറച്ച് ചിപ്പ് നിര്‍മാണ കമ്പനികള്‍ മാത്രമാണുള്ളത്. ഇവരെ ആശ്രയിച്ചാണ് ഇന്നുള്ള പല വ്യവസായ സംരംഭങ്ങളും നിലനില്‍ക്കുന്നത്. കൊവിഡ്-19 വൈറസ് വ്യാപനം ശക്തിപ്പെട്ടതോടെയാണ് സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം ആരംഭിച്ചത്. ആഗോള തലത്തില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍, കംപ്യൂട്ടിങ്, ഗെയിമിങ് ഉപകരണങ്ങളുടെ ആവശ്യമേറി. പിന്നീട് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീങ്ങുകയും വ്യവസായ സ്ഥാപനങ്ങളെല്ലാം ഒന്നിച്ച് ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്‍തതും ചിപ്പ് നിര്‍മാണ രംഗത്തെ പ്രതിസന്ധിക്ക് ഇടയാക്കി.  കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൗണില്‍ ഫാക്ടറികള്‍ അടച്ചുപൂട്ടിയ ഫോര്‍ഡ്, ജനറല്‍ മോട്ടോര്‍സ്, ടൊയോട്ട ഉള്‍പ്പടെയുള്ള വന്‍കിട വാഹന നിര്‍മ്മാതാക്കളെല്ലാം ഫാക്ടറികള്‍ ഒന്നിച്ച് തുറന്നതും ആവശ്യക്കാര്‍ കുത്തനെ വര്‍ധിക്കുന്നതിനിടയാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios