ഇന്ത്യയിൽ വാഹനത്തിന്‍റെ ആഗോള അരങ്ങേറ്റം നടത്തിയെങ്കിലും സിട്രോൺ സി 3 (Citroen C3) യുടെ പരീക്ഷണയോട്ടം കമ്പനി തുടരുന്നതായി ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണ്‍ (Citroen) അടുത്തിടെയാണ് പ്രീമിയം ഹാച്ച്ബാക്ക് എസ്‍യുവിയായ സി3 (Citroen C3)യെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ വാഹനത്തിന്‍റെ ആഗോള അരങ്ങേറ്റം നടത്തിയെങ്കിലും സിട്രോൺ സി 3 (Citroen C3) യുടെ പരീക്ഷണയോട്ടം കമ്പനി തുടരുന്നതായി ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇപ്പോല്‍ പുറത്തുവന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍ അനുസരിച്ച്, മൂടിക്കെട്ടിയ നിലയിലാണ് വാഹനം. പക്ഷേ ഒരു പ്രൊഡക്ഷൻ-റെഡി മോഡൽ ആണിതെന്നാണ് നിഗമനം. പിന്‍ ഭാഗത്ത് നിന്നാണ് ഈ വാഹനം ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. എല്‍ഇഡി ടെയിൽലൈറ്റുകളുടെ ഒരു ചെറിയ ഭാഗവും മേൽക്കൂരയിൽ ഘടിപ്പിച്ചിരിക്കുന്ന പിൻ സ്‌പോയിലറും പുറത്ത് കാണാം. 

അതേസമയം ഇന്ത്യയ്ക്കു വേണ്ടി ഇന്ത്യയില്‍ രൂപകല്‍പന ചെയ്‍ത് നിര്‍മിച്ച വാഹനമാണ് ഇതെന്നാണ് കമ്പനി നേരത്തെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ടുള്ള പുതിയ സി3 വരുന്ന മൂന്നു വര്‍ഷങ്ങളില്‍ അവതരിപ്പിക്കും. 

ശക്തിയും സ്വഭാവവും പ്രകടിപ്പിക്കുന്ന പുതിയ സി3 എസ്യുവികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഗ്രൗണ്ട് ക്ലിയറന്‍സ്, ഉയര്‍ന്ന ബോണറ്റ്, ഉയര്‍ന്ന നിലയിലെ ഡ്രൈവറുടെ സ്ഥാനം എന്നിവയെല്ലാം സ്വീകരിച്ചിട്ടുണ്ട്. സൗകര്യങ്ങള്‍ കണക്കിലെടുത്ത് വളരെ ശ്രദ്ധാപൂര്‍വ്വമാണ് ഇന്‍റീരിയറുകളും രൂപകല്‍പന ചെയ്തിട്ടുള്ളത്. ദൈനംദിന ജീവിതത്തെ ലളിതമാക്കാന്‍ സഹായിക്കുന്നതാണ് ഇതിന്‍റെ ബുദ്ധിപൂര്‍വ്വമായ രൂപകല്‍പനയും സിട്രോനിന്‍റെ ട്രേഡ്മാര്‍ക്ക് ആയ സൗകര്യവും വിപണിയിലെ മുന്‍നിര സ്ഥാനത്തോടു കൂടിയ സ്ഥലസൗകര്യവും. സ്മാര്‍ട്ട്ഫോണ്‍ സംയോജനവും എക്സ്എക്സ്എല്‍ പത്ത് ഇഞ്ച് സ്ക്രീനുമായുള്ള കണക്ഷനും എല്ലാം കൂടുതല്‍ സൗകര്യപ്രദവുമാക്കും.

2022-ന്‍റെ ഒന്നാം പകുതിയില്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്ന പുതിയ സി3 മുന്‍പെന്നുമില്ലാതിരുന്ന രീതിയിലെ ഉപഭോക്തൃ അനുഭവങ്ങളാവും പ്രദാനം ചെയ്യുക. ഏതു സമയത്തും എവിടേയും ഏത് ഡിവൈസും ഏതു വിഭാഗത്തിലും ഉറപ്പു നല്‍കുന്ന (എടിഎഡബ്ലിയുഎഡിഎസി) രീതിയിലുള്ള നവീനമായ ഉപഭോക്തൃ സേവനങ്ങള്‍, ഫിജിറ്റല്‍ ലാ മൈസണ്‍ സിട്രോന്‍ ഷോറൂമുകള്‍ എന്നിവയും ഈ അനുഭവങ്ങളെ കൂടുതല്‍ മികച്ചതാക്കും എന്നും കമ്പനി പറയുന്നു. 

വാഹനത്തിന്‍റെ എഞ്ചിനെ സംബന്ധിച്ച ഔദ്യോഗിക വിശദാംശങ്ങൾ വ്യക്തമല്ല. എന്നാല്‍ സിട്രോൺ സി 3 യ്ക്ക് 1.2 എൽ 3 സിലിണ്ടർ ടർബോ-പെട്രോൾ എൻജിനും 1.5 എൽ 4 സിലിണ്ടർ ടർബോ-ഡീസൽ മോട്ടോറും നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് സ്‍പീഡ് മാനുവലും ഡിസിടിയും ട്രാൻസ്‍മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെട്ടേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.