2021 ഏപ്രിലില്‍ C5 എയര്‍ക്രോസ് എസ്‌യുവിയുടെ 230 യൂണിറ്റുകള്‍ വിറ്റഴിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണിന്‍റെ സി5 എയര്‍ക്രോസ് എസ്‌യുവി 2021 ഏപ്രിലില്‍ ആണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലെ സിട്രോണിന്റെ ആദ്യത്തെ മോഡൽ കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ വാഹനത്തിന്‍റെ ആദ്യ വില്‍പ്പന കണക്കുകളും പുറത്തു വന്നിരിക്കുന്നു. 2021 ഏപ്രിലില്‍ C5 എയര്‍ക്രോസ് എസ്‌യുവിയുടെ 230 യൂണിറ്റുകള്‍ വിറ്റഴിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ മാസം തമിഴ്നാട്ടിലെ പ്ലാന്റില്‍ 280 വാഹനങ്ങള്‍ കമ്പനി എസ്റ്റിമേറ്റ് ചെയ്‍തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. വാഹനം വില്‍പ്പനയ്ക്ക് എത്തുന്നതിന് മുമ്പ് തന്നെ 1,000 പ്രീ ബുക്കിംഗുകള്‍ ലഭിച്ചതായി കമ്പനി അവകാശപ്പെട്ടിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനിടയിലും വാഹനത്തിന്‍റേത് മികച്ച പ്രകടമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

CKD യൂണിറ്റായിട്ടാണ് മോഡലിനെ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഫീല്‍, ഷൈന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. പ്രാരംഭ പതിപ്പിന് 29.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ടോപ്പ്-സ്‌പെക്ക് ഷൈന്‍ വേരിയന്റിന് 31.90 ലക്ഷം രൂപയോളമാണ് എക്‌സ്‌ഷോറൂം വില. 

177 എച്ച്പി പവറും 400 എൻഎം ടോർക്കും നിർമ്മിക്കുന്ന 2.0-ലിറ്റർ ഡീസൽ എൻജിനിൽ മാത്രമാണ് ഇന്ത്യയ്ക്കായി തയ്യാക്കിയിരിക്കുന്ന സി5 എയർക്രോസ്സ് വാങ്ങാൻ സാധിക്കുക. 8-സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഈ എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്. 18.6 കിലോമീറ്റർ ആണ് ലിറ്ററിന് സി5 എയർക്രോസ്സ് നൽകുന്ന ഇന്ധനക്ഷമത എന്ന് സിട്രോൺ അവകാശപ്പെടുന്നത്.

എക്‌സ്റ്റീരിയറിലെ ചുവപ്പ് ഹൈലൈറ്റുകൾ, വലിപ്പമേറിയ ഗ്രിൽ, ഹെഡ്‍ലാംപ് ക്ലസ്റ്റർ എന്നിവ സിട്രോൺ സി5 എയർക്രോസിൻ്റെ പ്രത്യേകതകളാണ്. 4500 മില്ലീമീറ്റർ നീളവും 2099 മില്ലീമീറ്റർ വീതിയും 1710 മില്ലീമീറ്റർ ഉയരവുമുള്ള 5 സീറ്റർ എസ്‌യുവിയാണ് സി5 എയർക്രോസ്സ്. 2730 എംഎം വീൽബേസും ടോപ്പ്-സ്പെക്ക് ഷൈൻ ട്രിമിന് ഹാൻഡ്സ് ഫ്രീ ഇലക്ട്രിക് ടെയിൽ‌ഗേറ്റ് ഫങ്ക്ഷനുമുണ്ട്.

പ്രീമിയം സോഫ്റ്റ്-ടച്ച് മെറ്റീരിയൽ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത ക്യാബിൻ ആണ് സി5 എയർക്രോസ്സിന്. എൻട്രി ലെവൽ ഫീൽ വേരിയന്റിൽ തന്നെ ഓട്ടോ വൈപ്പറുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, 12.3 ഇഞ്ച് ഡിജിറ്റൽ ഡയലുകൾ, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പവർഡ് ഡ്രൈവർ സീറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഹാൻഡ്സ് ഫ്രീ പാർക്കിംഗ് തുടങ്ങിയ ഫീച്ചറുകളുണ്ട്. അതെ സമയം എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, പനോരമിക് സൺറൂഫ്, ഹാൻഡ്‌സ് ഫ്രീ ടെയിൽ‌ഗേറ്റ് എന്നിങ്ങനെയായുള്ള ശ്രദ്ധേയമായ ഫീച്ചറുകൾ ഷൈൻ പതിപ്പിൽ മാത്രമേയുള്ളൂ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona