ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ ഗ്രൂപ്പ് പിഎസ്എയുടെ കീഴിലുള്ള സിട്രോണിന്‍റെ പൂര്‍ണ ഇലക്ട്രിക് കാര്‍ പുറത്തിറക്കി. അമി എന്നു പേരിട്ട ചെറിയ സിറ്റി കാറാണ് ആഗോള വിപണിയില്‍ അരങ്ങേറ്റം നടത്തിയത്. 

കഴിഞ്ഞ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ‘അമി വണ്‍ കണ്‍സെപ്റ്റ്’ അടിസ്ഥാനമാക്കി നിര്‍മിച്ചതാണ് അമി. ഈ വര്‍ഷം ഫ്രാന്‍സില്‍ വില്‍പ്പന ആരംഭിക്കും. ലൈറ്റ് ക്വാഡ്രിസൈക്കിള്‍ എന്ന് കമ്പനി വിളിക്കുന്ന വാഹനത്തെ യൂറോപ്യന്‍ വിപണിക്കായാണ് വികസിപ്പിച്ചത്. 

രണ്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന മനോഹര വാഹനമാണ് അമി. ഗതാഗതത്തിരക്കേറിയ നഗരങ്ങള്‍ക്ക് അനുയോജ്യമായ വലുപ്പമുള്ള വാഹനം. 

5.5 കിലോവാട്ട് അവര്‍ ബാറ്ററി പാക്കും 6 കിലോവാട്ട് മോട്ടോറുമാണ് സിട്രോയെന്‍ അമി ഉപയോഗിക്കുന്നത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 70 കിലോമീറ്റര്‍ സഞ്ചരിക്കാം. മണിക്കൂറില്‍ 45 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. ബാറ്ററി പാക്ക് പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് മൂന്ന് മണിക്കൂര്‍ മതി.

സിട്രോയെന്‍ അമിയുടെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 2,410 എംഎം, 1,390 എംഎം, 1,520 എംഎം എന്നിങ്ങനെയാണ്. താരതമ്യേന വലിയ 14 ഇഞ്ച് ചക്രങ്ങളാണ് ടോള്‍ സ്റ്റാന്‍സ് ലഭിച്ച ഇലക്ട്രിക് കാര്‍ ഉപയോഗിക്കുന്നത്. ബോഡി പാനലുകളുടെ രൂപകല്‍പ്പന ലളിതമാണ്. അതേസമയം സ്റ്റാന്‍ഡേഡായി പനോരമിക് സണ്‍റൂഫ് ലഭിച്ചു. വിന്‍ഡോകള്‍ മാന്വലായി തുറക്കണം. കാബിനില്‍, ബ്ലൂടൂത്ത് സ്പീക്കറുമായി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റ് ചെയ്യാം. ബാറ്ററിയുടെ ചാര്‍ജ് നില, റേഞ്ച്, മെയിന്റനന്‍സ് അലര്‍ട്ടുകള്‍ എന്നിവ അറിയുന്നതിന് മൊബീല്‍ ആപ്പ് ലഭിക്കും. ഏറ്റവുമടുത്ത ചാര്‍ജിംഗ് സ്റ്റേഷന്‍ എവിടെയെന്നും ആപ്പ് പറഞ്ഞുതരും. ഫുള്‍ സൈസ് കാറിന്റെ അതേ ബോഡി ഉയരവും ഡ്രൈവിംഗ് പൊസിഷനുമുള്ളതാണ് അമി എന്ന് സിട്രോയെന്‍ അവകാശപ്പെട്ടു.

ഈ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമില്ല എന്നതും പ്രത്യേകതയാണ്. ഫ്രാന്‍സില്‍ പതിനാല് വയസ് തികഞ്ഞവര്‍ക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ പതിനാറ് പൂര്‍ത്തിയായവര്‍ക്കും സിട്രോയെന്‍ അമി ഓടിക്കാം. 

6,000 യുഎസ് ഡോളറാണ് അമിയുടെ ഫ്രാന്‍സിലെ വില. അതായത് ഏകദേശം 4.76 ലക്ഷം ഇന്ത്യന്‍ രൂപ. പ്രതിമാസം 22 യുഎസ് ഡോളര്‍ (ഏകദേശം 1,500 ഇന്ത്യന്‍ രൂപ) അടച്ച് സബ്‌സ്‌ക്രിപ്ഷന്‍ രീതിയില്‍ അമി ഇലക്ട്രിക് കാര്‍ ഉപയോഗിക്കാനും സിട്രോയെന്‍ അവസരമൊരുക്കുന്നു. മാത്രമല്ല, ‘ഫ്രീ2മൂവ്’ കാര്‍ ഷെയറിംഗ് സംവിധാനം വഴി 0.26 യൂറോ (ഏകദേശം 20 ഇന്ത്യന്‍ രൂപ) നല്‍കി ഇലക്ട്രിക് കാര്‍ വാടകയ്ക്കും എടുക്കാം. 

അതേസമയം സിട്രോണ്‍ അമി ഇന്ത്യയിലെത്തുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ സ്ഥിരീകരണമില്ല. ഗ്രൂപ്പ് പിഎസ്എയുടെ കീഴിലുള്ള സിട്രോണിന്റെ ആദ്യ വാഹനം സി5 എയര്‍ക്രോസ് എസ്‌യുവി ഇന്ത്യന്‍ വിപണയിലിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. 2020 സെപ്റ്റംബറിലാണ് വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുക. ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളില്‍ മാത്രമായിരിക്കും ഈ വാഹനം ലഭ്യമാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ കൊച്ചിയുള്‍പ്പെടെ ഇന്ത്യയിലെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളിലായിരിക്കും തുടക്കത്തില്‍ ഷോറൂമുകള്‍ ഉണ്ടാവുക. തമിഴ്‌നാട്ടിലെ തിരുവെള്ളൂരിലെ പ്ലാന്റിലാണ് സി5 എയര്‍ക്രോസ് അസംബ്ലിള്‍ ചെയ്യുക.

വാഹനം 2020 സെപ്തംബറില്‍ അവതരിപ്പിക്കുമെന്ന് സിട്രോണ്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) റോളണ്ട് ബൗചറ കഴിഞ്ഞ നേരത്തെ വ്യക്തമാക്കിയിരുന്നു.  അതിനിടെ ഇന്ത്യന്‍ നിരത്തില്‍ വാഹനത്തിന്‍റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. പുതുച്ചേരിയിലെ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്.

വാഹനത്തിന്റെ എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുത്തുവിട്ടിട്ടില്ല. എന്നാല്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും വാഹനം എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.