Asianet News MalayalamAsianet News Malayalam

പുത്തന്‍ ക്ലാസിക്ക് 350ന്‍റെ ലോഞ്ച് വീണ്ടും നീട്ടി

കഴിഞ്ഞ വര്‍ഷം നവംബറില്‍ റോയല്‍ എന്‍ഫീല്‍ഡ് വില്പനക്കെത്തിച്ച മീറ്റിയോര്‍ തയ്യാറാക്കിയ ജെ-പ്ലാറ്റ്‌ഫോമിലേക്ക് മാറിയാണ് 2021 റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350യുടെ വരവ്...

Classic 350 launching extended
Author
Mumbai, First Published Aug 25, 2021, 11:25 PM IST

ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയൽ എൻഫീൽഡിന്‍റെ ക്ലാസിക് 350യുടെ പരിഷ്കരണ വാർത്ത ഏറെ നാളായി പറഞ്ഞുകേൾക്കുന്ന ഒന്നാണ്. വാഹനത്തിന്‍റെ ചിത്രങ്ങൾ പലതവണ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. എഞ്ചിനും ഷാസിയും ഉൾപ്പടെ മാറി പുതുപുത്തൻ വാഹനമായിട്ടാകും ക്ലാസിക് എത്തുക എന്നും വിവരങ്ങളുണ്ടായിരുന്നു.  ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെയോ അല്ലെങ്കില്‍ ആദ്യ പകുതിയ്ക്ക് മുന്‍പായോ ലോഞ്ച് ചെയ്യണം എന്ന് റോയല്‍ എന്‍ഫീല്‍ഡ് കണക്ക് കൂട്ടിയ ബൈക്ക് ആണ് 2021 ക്ലാസിക് 350. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം പദ്ധതികളെ അട്ടിമറിച്ചു. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷം പുത്തന്‍ ക്ലാസിക് 350 ആഗസ്റ്റ് 27ന് വിപണിയിലെത്തും എന്നായിരുന്നു കമ്പനി ഒടുവില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ തീയ്യതിയും മാറ്റിയിരിക്കുകയാണ് കമ്പനി എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ ഒന്നിനാണ് 2021 ക്ലാസിക് 350യുടെ ലോഞ്ച് എന്ന് റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ തന്നെയാണ് തീയതി അൽപ്പംകൂടി മുന്നോട്ട് നീട്ടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം നവംബറില്‍ റോയല്‍ എന്‍ഫീല്‍ഡ് വില്പനക്കെത്തിച്ച മീറ്റിയോര്‍ തയ്യാറാക്കിയ ജെ-പ്ലാറ്റ്‌ഫോമിലേക്ക് മാറിയാണ് 2021 റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350യുടെ വരവ്. ജെ-പ്ലാറ്റ്‌ഫോമില്‍ വിപണിലെത്തുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ രണ്ടാമത് ബൈക്കാണ് 2021 ക്ലാസിക് 350. പ്ലാറ്റ്‌ഫോം മാത്രമല്ല മീറ്റിയോര്‍ 350യില്‍ നിന്നും എന്‍ജിനും പുത്തന്‍ ക്ലാസിക് 350യ്ക്കായി കടമെടുത്തിട്ടുണ്ട്. 6,100 ആര്‍പിഎമ്മില്‍ 20.2 എച്ച്പി പവറും 4,000 ആര്‍പിഎമ്മില്‍ 27 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 349 സിസി, ഫ്യുവല്‍ ഇന്‍ജെക്ടഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് പുത്തന്‍ ക്ലാസിക് 350യില്‍ ഇടം പിടിക്കുക.

പൂർണമായും നിർമാണം പൂർത്തിയായ പുത്തന്‍ ക്ലാസിക്ക് 350ന്‍റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. രണ്ട് നിറങ്ങളിലുള്ള ക്ലാസിക്കുകളുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. പച്ച നിറത്തിലുള്ള മോട്ടോർ‌സൈക്കിളിന്‍റെ ടാങ്കിൽ‌ സ്വർ‌ണ്ണ നിറത്തിലുള്ള ഫിനിഷാണ് നൽകിയിരിക്കുന്നത്.‌ ക്രോം ഫിനിഷിലുള്ള ഹെഡ്‌ലൈറ്റ് ക്യാപ്പും ബ്രൗൺ സീറ്റും ആകർഷകമായ കോമ്പിനേഷനാണ്.  നാവിഗേഷൻ ഇല്ലാത്ത ഒരു വകഭേദവും മോഡലിനുണ്ടായിരിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പുതിയ നിറങ്ങളും ഗ്രാഫിക്സും ഉൾപ്പെടുത്തിയതും പ്രത്യേകതയാണ്.

ചിത്രങ്ങൾ അനുസരിച്ച് ക്ലാസിക്ക് 350യിൽ മീറ്റിയോറിന്‍റെ റെട്രോ സ്വിച്ച് ഗിയറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹെഡ്‌ലൈറ്റ് ബിനാക്കിളിലാണ് ട്രിപ്പർ നാവിഗേഷൻ പോഡ് സംയോജിപ്പിച്ചിരിക്കുന്നത്. പുതിയ ചിത്രങ്ങളിലെ ബൈക്കിൽ ട്രിപ്പർ നാവിഗേഷൻ കാണാനില്ല. പകരം അവിടെ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ലോഗോ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ട്രിപ്പർ നാവിഗേഷൻ ഇല്ലാത്ത വിലകുറഞ്ഞ ഒരു വകഭേദവും ബൈക്കിന് ഉണ്ടാകുമെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  മീറ്റിയോർ 350യിലെ അതേ എഞ്ചിനാണ് ക്ലാസിക്കിന്‍റെ ഹൃദയം.

മീറ്റിയോർ 350 പതിപ്പിനായി ഉപയോഗിച്ച പുതിയ ജെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതുതലമുറ ക്ലാസിക് 350 ഒരുങ്ങുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഡബിൾ ക്രാഡിൾ ചാസിയെ അടിസ്ഥാനാക്കി ഒരുങ്ങുന്ന പുത്തൻ ക്ലാസിക്കിനെ ക്ലാസിക് ബ്ലാക്ക്, ക്രോം ബ്ലാക്ക്, സ്റ്റെല്‍ത്ത് ബ്ലാക്ക്, സ്റ്റോംറൈഡര്‍ സാന്‍ഡ്, എയര്‍ബോണ്‍ ബ്ലൂ, ഗണ്‍മെറ്റല്‍ ഗ്രേ എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാൻ സാധിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 1.80 ലക്ഷം രൂപയ്ക്ക് അടുത്താണ് 2021 റോയൽ എൻഫീൽഡ് ക്ലാസിക് 350യുടെ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്.

2020ന്‍റെ തുടക്കത്തിലാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350യുടെ ബിഎസ്6 പതിപ്പ് വിപണിയില്‍ എത്തിച്ചത്. പരിഷ്‍കരിച്ച എൻജിനൊപ്പം അലോയ് വീലുകൾ, ട്യൂബ് ലെസ് ടയറുകൾ, പുതിയ നിറങ്ങൾ എന്നിവയുമായെത്തിയ ആണ് 2020 ക്ലാസിക് 350 എത്തിയത്. ഇതിന്റെ പുതിയ പതിപ്പാണ് എത്താന്‍ ഒരുങ്ങുന്നത്.  

Follow Us:
Download App:
  • android
  • ios