Asianet News MalayalamAsianet News Malayalam

"റോഡുകളില്‍ 275 ബ്ലാക്ക് സ്‍പോട്ടുകള്‍": മുഖ്യമന്ത്രി

സംസ്ഥാനത്തെ നിരത്തുകളില്‍ അടിക്കടി അപകടങ്ങള്‍ ഉണ്ടാകുന്ന 275 ബ്ലാക്ക് സ്പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

CM Pinarayi Vijayans Face Book Post About Road Safety
Author
Trivandrum, First Published Jun 13, 2019, 10:10 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകളില്‍ അടിക്കടി അപകടങ്ങള്‍ ഉണ്ടാകുന്ന 275 ബ്ലാക്ക് സ്പോട്ടുകള്‍ റോഡ് സേഫ്റ്റി അതോറിറ്റി കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്‍ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

സംസ്ഥാനത്ത് ഒരു വര്‍ഷം ശരാശരി 4000 പേരാണ് റോഡപകടങ്ങളില്‍ മരണപ്പെടുന്നതെന്നും ഇതില്‍ നല്ല പങ്ക് ചെറുപ്പക്കാരും കുട്ടികളുമാണെന്നും ഇത് അതീവ ദുഃഖകരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അമിതവേഗവും അശ്രദ്ധയും തന്നെയാണ് അപകടങ്ങള്‍ക്ക് മുഖ്യകാരണമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നതായും റോഡില്‍ മനുഷ്യജീവന്‍ പൊലിയുന്നത് ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ഇതിനായി കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ നേതൃത്വത്തില്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും പൊതുമരാമത്ത് വകുപ്പും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും വിവിധ പരിപാടികള്‍ നടപ്പാക്കി വരികയാണെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ വ്യക്തമാക്കുന്നു. 

പോസ്റ്റിന്‍റെ പൂര്‍ണരൂപം 

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് സര്‍ക്കാര്‍ ബഹുമുഖമായ നടപടികള്‍ എടുത്തുവരികയാണ്. റോഡില്‍ മനുഷ്യജീവന്‍ പൊലിയുന്നത് ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. ജൂണ്‍ 9-ന് പാലക്കാട് - കൊടുവായൂര്‍ സംസ്ഥാന പാതയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് എട്ടു പേരാണ് മരിച്ചത്. നാടിനെ നടുക്കിയ ഈ ദുരന്തത്തെക്കുറിച്ച് ഇന്ന് നിയമസഭയിലും പരാമര്‍ശിക്കുകയുണ്ടായി.

സംസ്ഥാനത്ത് ഒരു വര്‍ഷം ശരാശരി 4000 പേരാണ് റോഡപകടങ്ങളില്‍ മരണപ്പെടുന്നത്. മരണപ്പെടുന്നവരില്‍ നല്ല പങ്ക് ചെറുപ്പക്കാരും കുട്ടികളുമാണെന്നത് അതീവ ദുഃഖകരമാണ്. 2018-ല്‍ 4081 പേര്‍ അപകടങ്ങളില്‍ മരിച്ചു. ഇതിലുമെത്രയോ പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

അമിതവേഗവും അശ്രദ്ധയും തന്നെയാണ് അപകടങ്ങള്‍ക്ക് മുഖ്യകാരണമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അപകടങ്ങള്‍ കുറയ്ക്കുന്നതിന് കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ നേതൃത്വത്തില്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും പൊതുമരാമത്ത് വകുപ്പും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും വിവിധ പരിപാടികള്‍ നടപ്പാക്കി വരികയാണ്. അടിക്കടി അപകടങ്ങള്‍ ഉണ്ടാകുന്ന 275 ബ്ലാക്ക് സ്പോട്ട് അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. സമയബന്ധിതമായി ഈ ബ്ലാക്ക് സ്പോട്ടുകള്‍ അപകടം ഒഴിവാക്കുന്ന തരത്തില്‍ മെച്ചപ്പെടുത്തും.

ഹൈവേകളിലാണ് അപകടങ്ങള്‍ കൂടുതലുണ്ടാകുന്നത്. അത് കണക്കിലെടുത്ത് ഹൈവേകളില്‍ 24 മണിക്കൂറും ട്രാഫിക് പട്രോളിങ്ങിന് 'സേഫ് കേരള പ്രൊജക്ട്' നടപ്പാക്കുകയാണ്. ഇതിന്‍റെ ഫലമായി അടുത്ത മാസങ്ങളില്‍ അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിയും എന്ന് ഉറപ്പുണ്ട്.

അപകടങ്ങള്‍ കുറയ്ക്കുന്നതിന് പോലീസും മോട്ടോര്‍ വാഹന വകുപ്പും ശക്തമായി ഇടപെടുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിക്കുക, മദ്യപിച്ച് വാഹനം ഓടിക്കുക, അമിത വേഗം മുതലായ കുറ്റങ്ങള്‍ക്ക് 2017-ല്‍ 14,447 പേരുടെ ലൈസന്‍സാണ് റദ്ദാക്കിയത്. 2018-ല്‍ 17,788 ലൈസന്‍സ് റദ്ദാക്കി. റോഡില്‍ നിയമം ലംഘിക്കുന്നവരോട് ഒരു ദാക്ഷിണ്യവും ഉണ്ടാവില്ല.

സ്കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ അധ്യയന വര്‍ഷാരംഭം തന്നെ പ്രത്യേകം പരിശോധന നടത്തി വാഹനങ്ങളുടെ സരുക്ഷിതത്വം ഉറപ്പുവരുത്തുന്നുണ്ട്. പരിശോധന കഴിഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന 'ചെക്ക്ഡ്' സ്ലിപ്പ് പതിപ്പിച്ച വാഹനങ്ങള്‍ മാത്രമേ സ്കൂള്‍ വാഹനങ്ങളായി ഉപയോഗിക്കാന്‍ അനുവദിക്കൂ. സ്കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളില്‍ ജിപിഎസ്സും നിര്‍ബന്ധമാണ്.

വാഹനപ്പെരുപ്പം, നിയമങ്ങള്‍ അനുസരിക്കാനുള്ള വിമുഖത, അശ്രദ്ധ, കാലവര്‍ഷം എന്നിവയെല്ലാം അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അപകടങ്ങള്‍ കുറയ്ക്കുന്നതിന് സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍ യോജിച്ച് നീങ്ങുകയാണ്. ബോധവല്‍ക്കരണവും ഇതിന്‍റെ ഭാഗമായി നടക്കുന്നു. അപകടങ്ങള്‍ കുറയ്ക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളോട് സഹകരിക്കണമെന്ന് ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

അപകടഘട്ടങ്ങളില്‍ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങി സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ളവരുടെ സേവനം ആവശ്യമായിവരും. അതു കണക്കിലെടുത്ത് 'സാമൂഹ്യാധിഷ്ഠിത ദുരന്ത പ്രതികരണ സേന' (സിവില്‍ ഡിഫന്‍സ് ഫോഴ്സ്) രൂപീകരിക്കുന്ന കാര്യം സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണ്.

Follow Us:
Download App:
  • android
  • ios