തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിൽ തെങ്ങ് കടപുഴുകി വീണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തലസ്ഥാനത്ത് നെടുമങ്ങാട് അഴിക്കോട് സമീപമാണ് ഓടിക്കൊണ്ടിരുന്ന മാരുതി 800 കാറിന്റെ മുകളിൽ തെങ്ങ് കടപുഴുകി വീണത്.

നെടുമങ്ങാട്-തിരുവനന്തപുരം റോഡിൽ അഴിക്കോട് ഗവണ്മെന്റ് സ്‍കൂളിന് സമീപമായിരുന്നു അപകടം. കനത്ത മഴയിലും കാറ്റിലും റോഡിന് സമീപം നിന്ന തെങ്ങ് കാറിനു മുകളിലേക്ക് വീഴുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ തലനാരിഴയ്ക്ക്  രക്ഷപെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ മാരുതി 800 പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഡ്രൈവര്‍ മാത്രമാണ് അപകട സമയത്ത് കാറില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഈ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.