തിരുപ്പൂര്‍: കോയമ്പത്തൂര്‍ അവിനാശിയില്‍ ബസ് അപകടത്തില്‍പ്പെട്ടത് കെഎസ്ആര്‍ടിസിയുടെ 82ാം ജന്മദിനത്തില്‍. 1938 ഫെബ്രുവരി 20നാണ് സര്‍ക്കാര്‍ നേതൃത്വത്തില്‍ കേരളത്തില്‍ യാത്രാ സൗകര്യമെന്ന ആശയത്തിന് ടയറുരുളുന്നത്. തിരുവിതാംകൂര്‍ രാജവംശത്തിന്‍റെ ഭരണകാലത്ത് ശ്രീ ചിത്തിരത്തിരുനാളാണ് കെഎസ്ആര്‍ടിസിയുടെ പ്രാഥമിക രൂപമായ  ട്രാവന്‍കൂര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തിന് പച്ചക്കൊടി വീശി ഉദ്ഘാടനം ചെയ്തത്. ശ്രീചിത്തിരതിരുനാളും ബന്ധുക്കളുമുള്‍പ്പെടുന്നതായിരുന്നു ആദ്യ യാത്രക്കാര്‍. കവടിയാര്‍ സ്ക്വയറിന് വലം വച്ച സഞ്ചരിച്ച ഈ ബസില്‍ മുപ്പത്തിമൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ലണ്ടന്‍ പാസഞ്ചര്‍ ട്രാന്‍സ്പോര്ട്ട് ബോര്‍ഡിന്‍റെ ഓപ്പറേറ്റിംഗ് സൂപ്രണ്ടായിരുന്ന ഇ ജി സാള്‍ട്ടറിന്‍റെ നേതൃത്വത്തിലായിരുന്ന സര്‍വ്വീസ് ആരംഭിച്ചത്.  

പെര്‍കിന്‍സ് ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച 60 കോമറ്റ് ചേസിസ് വാഹനം ലണ്ടനില്‍ നിന്ന് എത്തിച്ചതും ഇ ജി സാള്‍ട്ടറായിരുന്നു. ദേശീയവല്‍ക്കരണവുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടമായ തിരുവനന്തപുരം കന്യാകുമാരി റൂട്ടിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളായിരുന്നു സര്‍വ്വീസിലെ ജീവനക്കാര്‍. നൂറോളം ബിരുദധാരികള്‍ക്ക് ഇന്‍സ്പെക്ടര്‍മാരായും കണ്ടക്ടര്‍മാരായും തൊഴില്‍ നല്‍കിയായിരുന്നു ട്രാവന്‍കൂര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തിന്‍റെ ഫസ്റ്റ്ബെല്‍. 

ഫസ്റ്റ്ക്ലാസ് സീറ്റ് സംവിധാനത്തോട് കൂടിയ 23സീറ്ററായ സലൂണ്‍ ടൈപ്പ് ബോഡിയോട് കൂടിയ ആദ്യവാഹനത്തിന്‍റെ വാതില്‍ പിന്നിലായിരുന്നു. നിരക്കുകള്‍ ആദ്യമേ പ്രഖ്യാപിച്ചിരുന്ന ട്രാവന്‍കൂര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വിഭാഗം പിന്നീട് പാര്‍സല്‍ സേവനവും സര്‍വ്വീസിനൊപ്പം ആരംഭിച്ചു. 1938ലെ മിനിമം ചാര്‍ജ് അരചക്രം ആയിരുന്നു. തിരുവനന്തപുരം നാഗര്‍കോവില്‍, നാഗര്‍കോവില്‍ കന്യാകുമാരി, നാഗര്‍കോവില്‍ കൊളച്ചല്‍ എന്നീ മൂന്ന് പാതയിലായിരുന്നു സര്‍വ്വീസ് പ്രധാനമായും നടന്നിരുന്നത്

തിരുപ്പൂർ അവിനാശിയിൽ വാഹനാപകടത്തിൽ 19 പേരാണ് മരിച്ചത്. 25 പേർ പരിക്കേറ്റിട്ടുണ്ട് ഇതിലെ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.  ടയർ പൊട്ടി നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കെഎസ്ആര്‍ടിസി വോള്‍വോ ബസിലിടിച്ചാണ് അപകടം. തമിഴ്നാട്ടിലേക്ക് ടൈല്‍സുമായി പോയ കണ്ടെയ്നർ ലോറി  ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ ശേഷം ബസില്‍ ഇടിച്ച് കയറുകയായിരുന്നു. പുലർച്ചെ മൂന്നേകാലോടെയുണ്ടായ അപകടത്തിൽപ്പെട്ടത് ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള ബസാണ്. ബസ്സിന്റെ വലതുവശത്തിരുന്നവരാണ് മരിച്ചവരിലേറെയും.