Asianet News MalayalamAsianet News Malayalam

മുങ്ങിക്കിടക്കുന്ന കപ്പലിൽ കണ്ടത് ടൺകണക്കിന് സ്വർണവും വെള്ളിയും മരതകവും! മുങ്ങിയെടുക്കാൻ അടിയോടടി!

കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന അവശിഷ്ടങ്ങളിൽ 200 ടൺ സ്വർണവും വെള്ളിയും മരതകവും ഉണ്ടെന്നാണ് കരുതുന്നത്. വെള്ളത്തിനടിയിലുള്ള നിധികൾ വീണ്ടെടുക്കാനുള്ള ദേശീയ ദൗത്യം കൊളംബിയ പ്രഖ്യാപിച്ചു.

Colombian president orders recovery of 20 billion dollar shipwreck treasure
Author
First Published Nov 8, 2023, 9:26 AM IST

തിനേഴാം നൂറ്റാണ്ടിൽ കടലിൽ മുങ്ങിയ കപ്പലിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ കൊളംബിയ. കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന അവശിഷ്ടങ്ങളിൽ 200 ടൺ സ്വർണവും വെള്ളിയും മരതകവും ഉണ്ടെന്നാണ് കരുതുന്നത്. വെള്ളത്തിനടിയിലുള്ള നിധികൾ വീണ്ടെടുക്കാനുള്ള ദേശീയ ദൗത്യം കൊളംബിയ പ്രഖ്യാപിച്ചു.

കൊളംബിയയുടെ നിലവിലെ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഇക്കാര്യം പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്‍റെ കാലാവധി 2026-ൽ അവസാനിക്കും, തന്‍റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിധിശേഖരം സ്വന്തമാക്കാനാണ് രാജ്യത്തിന്‍റെ പ്ലാനുകള്‍. 

1708-ൽ കൊളംബിയൻ തുറമുഖമായ കാർട്ടജീനയിൽ മുങ്ങിയ കപ്പൽ സ്പെയിന്‍റെതായിരുന്നു എന്ന് ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടീഷ് സർക്കാരിനെതിരെ കപ്പൽ ഉപയോഗിച്ചിരുന്നു. ഇതിനിടെ കപ്പൽ പൊട്ടിത്തെറിച്ചതിനെ തുടർന്ന് മുങ്ങുകയായിരുന്നു.  1708-ൽ പനാമയിലെ പോർട്ടോബെലോയിൽ നിന്ന് 14 വ്യാപാര കപ്പലുകളും മൂന്ന് സ്പാനിഷ് യുദ്ധക്കപ്പലുകളും അടങ്ങുന്ന കപ്പൽ യാത്ര ചെയ്യുകയായിരുന്നു. എന്നാൽ ബാറുവിൽ എത്തിയപ്പോൾ അത് ബ്രിട്ടീഷ് സ്ക്വാഡ്രനെ നേരിട്ടു. സ്‌പെയിനിലെ പിന്തുടർച്ചാവകാശത്തെച്ചൊല്ലി സ്‌പെയിനും ബ്രിട്ടനും തമ്മിൽ അക്കാലത്ത് യുദ്ധം നടന്നിരുന്നു. സ്പാനിഷ് കപ്പൽ കണ്ടയുടൻ ബ്രിട്ടൻ ആക്രമണം അഴിച്ചുവിടുകയും ഈ ആക്രമണത്തിൽ സ്പാനിഷ് കപ്പലിന് തീപിടിക്കുകയും കപ്പൽ മുങ്ങുകയും ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്നത്തെ കണക്കനുസരിച്ച് 20 ബില്യൺ ഡോളറാണ് നിധിയുടെ മൂല്യം. കപ്പൽ തകർച്ചയെ 'ഹോളി ഗ്രെയ്ൽ ഓഫ് ഷിപ്പ് റെക്ക്സ്' എന്നാണ് വിളിക്കുന്നത്. 2015ലാണ് കടലിൽ മുങ്ങിയ കപ്പൽ കണ്ടെത്തിയത്. കൊളംബിയൻ നാവികസേനയിലെ മുങ്ങൽ വിദഗ്ധരുടെ സംഘമാണ് 3100 അടി താഴ്ചയിൽ കപ്പൽ മുങ്ങിയതായി കണ്ടെത്തിയത്. 2022-ൽ പോലും ഒരു സംഘം കപ്പലിന് സമീപം പോയി കപ്പലിലുണ്ടായിരുന്ന നിധിയുടെ ഫോട്ടോ എടുത്തിരുന്നു.

ഒരു ദേശീയ ദൗത്യത്തിന് കീഴിൽ കപ്പലിൽ കിടക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ നിധിയാണ് കൊളംബിയ ഇപ്പോൾ പുറത്തെടുക്കാൻ പോകുന്നത്. നിധി വീണ്ടെടുക്കാനുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്ന് കൊളംബിയൻ സാംസ്കാരിക മന്ത്രി ജുവാൻ ഡേവിഡ് കൊറിയ പറഞ്ഞു. ഇത് സർക്കാരിന്റെ മുൻഗണനകളിലൊന്നാണെന്നും പണി വേഗത്തിലാക്കാൻ രാഷ്ട്രപതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബ്ലൂംബെർഗിനോട് സംസാരിച്ച ജുവാൻ ഡേവിഡ് കൊറിയ പറഞ്ഞു. 

അതേസമയം സ്പെയിൻ, കൊളംബിയ, ബൊളീവിയ എന്നിവിടങ്ങളിൽ നിന്നുള്ള ഗോത്രവർഗക്കാരായ ഖറ ഖരാ നേഷൻ കപ്പലിലെ ഈ നിധിയിൽ അവകാശവാദമുന്നയിച്ചതോടെ കപ്പലിന്റെ നിധിയെച്ചൊല്ലിയും തർക്കം ഉയർന്നിട്ടുണ്ട്. വിലയേറിയ ലോഹങ്ങൾ ഖനനം ചെയ്യാൻ സ്പാനിഷ് തങ്ങളുടെ പൂർവ്വികരെ നിർബന്ധിച്ചുവെന്ന് ഗോത്രവർഗ രാഷ്ട്രം അവകാശപ്പെടുന്നു. മുങ്ങിപ്പോയ കപ്പലിലെ അമൂല്യ നിധി തന്റെ പൂർവ്വികർ ഖനനം ചെയ്തതാണെന്നും അതിനാൽ അതിന്റെ മേൽ തനിക്ക് അവകാശം ലഭിച്ചെന്നും അദ്ദേഹം പറയുന്നു.

അതേ സമയം, അമേരിക്കൻ കമ്പനിയായ ഗ്ലോക്ക മോറയും ഈ നിധി അവകാശപ്പെട്ടു. 1981ൽ തങ്ങൾ ഇത് കണ്ടെത്തിയെന്നും തുടർന്ന് കപ്പൽ കടലിൽ മുങ്ങിയത് എവിടെയാണെന്ന് കൊളംബിയൻ സർക്കാരിനോട് പറഞ്ഞതായും അമേരിക്കൻ കമ്പനി പറയുന്നു. കപ്പലിന്റെ നിധിയുടെ പകുതി മൂല്യം നൽകാമെന്ന് കൊളംബിയ വാഗ്ദാനം ചെയ്തിരുന്നതായും കമ്പനി ആരോപിക്കുന്നു.

Follow Us:
Download App:
  • android
  • ios