Asianet News MalayalamAsianet News Malayalam

ഇൻഷുറൻസ് കിട്ടില്ല, ടിക്കറ്റ് നിരക്ക് മുതലാളി തീരുമാനിക്കും! വെളുക്കാൻ തേച്ച ബസ് നിയമം പാരയാകുമോ?!

വിനോദ സഞ്ചാരമേഖലയെ കൂടുതല്‍ ആകർഷകമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ നിയമം ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ ആശങ്ക. 

Concerns about new All India Tourist Bus Permit And Robin Bus Service
Author
First Published Nov 20, 2023, 3:15 PM IST

റോബിൻ ബസ് സർവ്വീസ് വിവാദമായ സാഹചര്യത്തില്‍ വീണ്ടും ചർച്ചയാകുകയാണ് പുതിയ ഓള്‍ ഇന്ത്യാ പെർമിറ്റ് നിയമവും അതിന്‍റെ ഗുണങ്ങളും ദോഷങ്ങളുമെല്ലാം. വിനോദ സഞ്ചാരമേഖലയെ കൂടുതല്‍ ആകർഷകമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ നിയമം ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ ആശങ്ക. 

ഓൾ ഇന്ത്യാ പെർമിറ്റ് എന്നാൽ
കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായിട്ടാണ് ഇത്രകാലവും ടൂറിസ്റ്റ് ബസ്സുകൾ ഓടിയിരുന്നത്. അപ്പോൾ പല സംസ്ഥാനങ്ങളിലും വേറെവേറെ നികുതി അടയ്ക്കണമായിരുന്നു. ആ അസൗകര്യം ഒഴിവാക്കാനാണ് 2023 ൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടം കൊണ്ടുവന്നത്. സംസ്ഥാനങ്ങളിലെ വ്യത്യസ്ത പെർമിറ്റ് വ്യവസ്ഥകൾ വിനോദസഞ്ചാരികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ കൂടിയായിരുന്നു കേന്ദ്രസർക്കാർ ഓൾ ഇന്ത്യാ പെർമിറ്റ് കൊണ്ടുവന്നത്. ഒരുവർഷത്തേക്ക്‌ മൂന്നുലക്ഷവും മൂന്നുമാസത്തേക്ക് 90,000 രൂപയുമാണ് ഫീസ്. അംഗീകൃത ടൂർ ഓപ്പറേറ്റർക്കോ സംഘമായോ ഈ ബസുകൾ വാടകയ്ക്ക് എടുക്കാം. പ്രതിഫലം സംബന്ധിച്ച് കരാറും യാത്രക്കാരുടെ പട്ടികയും വേണം.

ആശങ്ക ഇങ്ങനെ
ഇത്തരം ബസുകളില്‍ നിരക്കും റൂട്ടും സമയവും സ്റ്റോപ്പുകളും നിശ്ചയിക്കുന്നത് ബസ് ഉടമ ആയിരിക്കും. അമിതനിരക്ക് ഈടാക്കിയാലോ, യാത്ര പൂർത്തീകരിക്കാതിരുന്നാലോ, മത്സരിച്ച് ഓടിയാലോ പരാതിപ്പെടാനാകില്ല. ഇവയുടെ യാത്രയോ നിരക്കോ സർക്കാർനിയന്ത്രണത്തിലല്ല. ഏതുപാതയിലും ഉടമകൾക്ക് സൗകര്യമുള്ളവിധം ബസ് ഓടിക്കാനും യാത്രക്കാരിൽനിന്ന്‌ സൗകര്യംപോലെ പണം വാങ്ങാനും പെർമിറ്റ് ദുരുപയോഗത്തിലൂടെ കഴിയും.

പണി കിട്ടുമോ? റോബിൻ അടി ഓർമ്മിപ്പിക്കുന്നത് ചില ദുരനുഭവങ്ങളും, നെഞ്ചിടിച്ച് യാത്രികരും ഈ ബസുടമകളും!

ഇൻഷുറൻസ് കിട്ടില്ല
പെർമിറ്റ് ലംഘിക്കുന്നതോടെ ഇൻഷുറൻസ് അസാധുവാകും. ടിക്കറ്റാണ് നഷ്‍ടപരിഹാരത്തിനുള്ള ആധികാരികരേഖ. എന്നാൽ  പെർമിറ്റ് ലംഘിച്ചതിന്റെ തെളിവാകുമെന്നതിനാൽ ഇത്തരം ബസുകള്‍ ടിക്കറ്റ് നൽകാറുമില്ല.

നിരക്ക് കൊള്ള
പുതിയ നിയമം മികച്ച യാത്രാസൗകര്യം ലഭിക്കുമെന്ന് വാദിക്കുന്ന യാത്രക്കാരുമുണ്ട്. എന്നാല്‍ നിരക്കിന്‍റെ പേരില്‍ നടക്കുന്ന കടുത്ത കൊള്ളയെക്കുറിച്ച് ഇവര്‍ ബോധവാന്മാരല്ലെന്ന് മറുവിഭാഗം പറയുന്നു. അന്തര്‍സംസ്ഥാന പാതകളിലെ സ്വകാര്യ ആഡംബര ബസുകൾക്ക് അംഗീകൃതടിക്കറ്റ് നിരക്കില്ല. തിരക്കിനനുസരിച്ച് കൂട്ടിയും കുറച്ചുമാണ് അവർ ടിക്കറ്റ് തുക ഈടാക്കുന്നത്. നിലവിൽ ഇവരെ സർക്കാർ നിയന്ത്രിക്കുന്നത്  പെർമിറ്റില്ലാതെ ഓടുന്നതിന്റെ പേരിൽ കേസെടുത്തും മറ്റുമാണ്. എന്നാല്‍ പെർമിറ്റ് ആവശ്യമില്ലെന്നുവന്നാൽ ഈ ബസുകളുടെ മേല്‍ സംസ്ഥാന സർക്കാരിന് ഒരു നിയന്ത്രണവും ഉണ്ടാകില്ലെന്നും പറയുന്ന പണം നല്‍കി സഞ്ചരിക്കേണ്ടി വരുമെന്നും ആശങ്കപ്പെടുന്നവര്‍ ഏറെയാണ്. അത്യാവശ്യത്തിന് സഞ്ചരിക്കേണ്ട സാധാരണക്കാരെയാകും ഈ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും യാത്രികര്‍ പറയുന്നു. 

ഹർജി നീട്ടി
അതേസമയം ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ ചില ഭേദഗതികൾ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി നൽകിയ ഹർജി ഹൈക്കോടതി നീട്ടി. കേസ് വ്യാഴാഴ്ചയായിരിക്കും പരിഗണിക്കുക. ഹർജിയിൽ മറുപടി നൽകാൻ  കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നല്‍കി. ഹർജി പരിഗണിക്കുന്നതിനിടെ കേന്ദ്ര നിയമത്തിനെതിരെ ഹർജി നൽകാൻ സർക്കാരിന് കീഴിൽ ഉള്ള  കെഎസ്ആര്‍ടിസിക്ക് എങ്ങനെ സാധിക്കും എന്ന സംശയം കോടതി പ്രകടിപ്പിച്ചു. നിയമത്തെ ചോദ്യം ചെയ്യാൻ എന്തെങ്കിലും കാരണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. 2023 ലെ ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ രണ്ട് വകുപ്പുകൾ 1988 ലെ മോട്ടോർ വാഹന നിയമത്തിനെതിരാണെന്നാണ് കെഎസ്ആര്‍ടിസിയുടെ ആരോപണം. ദേശസാത്കൃത റൂട്ടിലൂടെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉപയോഗിച്ചുകൊണ്ട് സ്റ്റേജ് കാര്യേജായി ഓടിക്കുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യമുണ്ട്.

youtubevideo

Follow Us:
Download App:
  • android
  • ios