കൊവിഡ് 19 വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധത്തിലാണ് ലോകം. നമ്മുടെ രാജ്യവും വൈറസിനെതിരെ ഒറ്റക്കെട്ടായുള്ള പോരാട്ടത്തിലാണ്.  സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ചും രോഗത്തിന്റെ കാഠിന്യത്തെക്കുറിച്ചുമൊക്കെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനായി വ്യത്യസ്‍തമായ ആശയങ്ങളുമായി പലരും എത്തുന്നുണ്ട്. ഇപ്പോഴിതാ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ കൊറോണയുടെ രൂപത്തില്‍ കാര്‍ പുറത്തിറക്കിയിരിക്കുകയാണ് ഒരു ഹൈദരാബാദുകാരന്‍. 

കൊറോണ വൈറസിന്റെ മാതൃകയിലുള്ള ഒരു കാറാണ് ഹൈദരാബാദ് സ്വദേശിയായ കെ സുധാകര്‍ നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കൊറോണ കാര്‍ സുധാകര്‍ പുറത്തിറക്കിയത്. കൊറോണ വൈറസിനെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ആളുകളോട് വീടുകളില്‍ തന്നെ ഇരിക്കാനും ഈ കാറിലൂടെ ആഹ്വാനം ചെയ്യുകയാണ് സുധാകര്‍. ഗൗരവമേറിയ സാമൂഹ്യ പ്രശ്‌നത്തില്‍ സമൂഹത്തിന് ഒരു മികച്ച സന്ദേശം നല്‍കാനാണ് ശ്രമം. 100 സിസി എഞ്ചിനില്‍ ഒരൊറ്റ സീറ്റ് മാത്രമുള്ള കാറിന് ആറ് വീലുകളും ഫൈബറില്‍ തയാറാക്കിയ ബോഡിയുമാണുള്ളത്.

പത്ത് ദിവസം കൊണ്ടാണ് സുധാകര്‍ ഈ കാര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. മണിക്കൂറില്‍ 40 കിലോമീറ്ററാണ് കൊറോണ കാറിന്റെ പരമാവധി വേഗത. കൊറോണ വൈറസിന്റെ രൂപത്തിലുള്ള കാര്‍ ഇതിനകം വാഹനപ്രേമികളും ജനങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. കൊവിഡ് 19 ഏതുവിധേനയും തടയണം, അതിനായി സാമൂഹിക അകലം പാലിക്കണം. ഈ സന്ദേശമാണ് കൊറോണ വൈറസിന്റെ രൂപത്തിലുള്ള കാറിന്റെ നിര്‍മാണത്തിലൂടെ ലക്ഷ്യമിട്ടതെന്നു സുധാകര്‍ വ്യക്തമാക്കി. രാജ്യമാകെ കൊറോണ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി തന്റെ കാര്‍ ഹൈദരാബാദ് പോലീസിനു നല്‍കാനാണ് സുധാകറിന്‍റെ പദ്ധതി. 

അവിശ്വസനീയ രൂപങ്ങള്‍ തയാറാക്കുന്നതില്‍ മുമ്പേ തന്നെ പ്രശസ്‍തനാണ് കന്യാബോയിന സുധാകര്‍ എന്ന കെ സുധാകര്‍. സമൂഹത്തിന് ഗുണകരമാകുന്ന സന്ദേശം ഉള്‍പ്പെടുത്തി ഇതാദ്യമായല്ല, സുധാകര്‍ കാര്‍ നിര്‍മിക്കുന്നത്.  ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ബഹാദൂര്‍പുരയിലെ സുധാ കാര്‍ മ്യൂസിയം വിചിത്ര രൂപങ്ങളില്‍ തയാറാക്കിയ നിരവധി വാഹനങ്ങളാല്‍ സമ്പന്നമാണ്.  ലോകത്തിലെ ഏറ്റവും വലിയ മുച്ചക്ര സൈക്കിള്‍ നിര്‍മാണത്തിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചിട്ടുള്ള വ്യക്തി കൂടിയാണ് കെ സുധാകര്‍. 

പക്ഷികളെ കൂട്ടിലടയ്ക്കുന്നതിനെതിരായ പക്ഷിക്കൂടിന്‍റെ മാതൃകയില്‍ സുധാകര്‍ കാര്‍ നിര്‍മിച്ചിരുന്നു. പുകവലിക്കെതിരായ സന്ദേശം പ്രചരിപ്പിക്കാന്‍ സിഗരറ്റ് മാതൃകയില്‍ ബൈക്കും ഇദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. എയ്‍ഡ്‍സിനെതിരെ അവബോധം സൃഷ്ടിക്കാന്‍ കോണ്ടെ ബൈക്കുകള്‍, ഹെല്‍മറ്റ് ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കാന്‍ ഹെല്‍മറ്റ് കാറുകളും ഇദ്ദേഹത്തിന്‍റെ കരവിരുതില്‍ ഉടലെടുത്തിട്ടുണ്ട്. ബര്‍ഗര്‍, കാമറ, ഫുട്‌ബോള്‍, കംപ്യൂട്ടര്‍ എന്നിവയുടെ രൂപത്തിലും കാറുകള്‍  സുധാകര്‍ നിര്‍മിച്ചിട്ടുണ്ട്.