ഇന്ത്യയിലെ ഏറ്റവും വലിയ വാഹന മേളയായ ദില്ലി ഓട്ടോ എക്സ്പോക്ക് ഗ്രേറ്റര്‍ നോയിഡയില്‍ അരങ്ങുണര്‍ന്നുകഴിഞ്ഞു. നിരവധി ചൈനീസ് ബ്രാന്‍ഡുകളുടെ പങ്കാളിത്തമാവും ഇത്തവണത്തെ എക്സ്പോയെ വേറിട്ടതാക്കുക എന്നതായിരുന്നു തുടക്കം മുതലുള്ള പ്രതീക്ഷകള്‍.  എന്നാല്‍ ഈ പ്രതീക്ഷകളൊക്കെ തകിടംമറിഞ്ഞത് പെട്ടെന്നായിരുന്നു. ചൈനയെ പിടിച്ചു കുലുക്കിയ കൊറോണ വൈറസ് തന്നെ കാരണം. 

എംജി, ഗ്രേറ്റ്‌വാൾ, എഫ്എഡബ്ല്യു എന്നീ ചൈനീസ് കാർ കമ്പനികളും ഏതാനും ചൈനീസ് ഇരുചക്രവാഹനക്കമ്പനികളും പങ്കെടുക്കുന്നുണ്ടെങ്കിലും അവയുടെ ചൈനീസ് പ്രതിനിധികൾ മേളയ്ക്കെത്തില്ല. പ്രദർശന സ്റ്റാളുകളിലെ സ്റ്റാഫും ഇന്ത്യക്കാരായിരിക്കും. എന്നാൽ, നേരത്തേതന്നെ ഇന്ത്യയിലുള്ള കമ്പനി പ്രതിനിധികൾ പങ്കെടുക്കുമെന്നും മേളയുടെ സംഘാടകരായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് (സിയം) അറിയിച്ചു. 

ഇക്കാര്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്‍ച കേന്ദ്ര ആരോഗ്യ വകുപ്പുമായി സിയാം ചർച്ച നടത്തിയിരുന്നു. ചൈനീസ് കമ്പനികളുടെ പ്രിതനിധികള്‍ എത്തിയാല്‍ സന്ദർശനങ്ങൾ നടക്കുമ്പോൾ സ്വീകരിക്കേണ്ടുന്ന മുൻകരുതലുകളെപ്പറ്റിയായിരുന്നു യോഗം ചർച്ച ചെയ്‌തത്. അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെപ്പോലെ തെർമൽ സ്ക്രീനിങ് ഏർപ്പെടുത്താനും സംഘാടകർ ആലോചിച്ചിരുന്നു.

എന്നാല്‍ തങ്ങളുടെ മാനേജ്‌മെന്റ് ടീം കഴിഞ്ഞ മൂന്നുമാസമായി ഇന്ത്യയിൽ തന്നെയാണ് എന്നും അവർ ചൈനയിലേക്ക് അതിനിടെ പോയിട്ടില്ലാത്തതിനാൽ അവരിൽ നിന്ന് കൊറോണാ വൈറസ് പടരുമെന്ന ആശങ്കവേണ്ട എന്നുമാണ് ചൈനീസ് കമ്പനികളുടെ വാദം. തങ്ങളുടെ സംഘത്തിലും ചൈനയിൽ നിന്ന് ആരുമില്ല എന്ന് എംജി മോട്ടോഴ്‍സും വ്യക്തമാക്കിയിട്ടുണ്ട്. 

2,35,000 ചതുരശ്ര മീറ്ററിൽ പരന്നു കിടക്കുന്ന പ്രദർശന മൈതാനത്ത് 51,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഇൻഡോർ ഏരിയയാണ് 2020 ഓട്ടോ എക്സ്പോക്കു വേണ്ടി തയ്യാറാക്കിയിരിക്കുന്നത്.  ഈ സ്റ്റാളുകളിൽ 20 ശതമാനവും വാടകയ്‌ക്കെടുത്തിരിക്കുന്നത് ചൈനീസ് കമ്പനികളാണ്. അതുകൊണ്ടുതന്നെ മേളയുടെ സാമ്പത്തിക വിജയത്തിനും ചൈനീസ് കമ്പനികളുടെ പ്രാതിനിധ്യം അനിവാര്യമാണ്. അവരെ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയാൽ അതോടെ തന്നെ മേള വലിയ നഷ്ടത്തിൽ കലാശിക്കും. സാങ്കേതികമായ പല കാരണങ്ങളും ചൂണ്ടിക്കാണിച്ച് ഫോർഡ്, ഹോണ്ട, ഓഡി, ബിഎംഡബ്ള്യു തുടങ്ങിയ പല അന്താരാഷ്ട്ര ബ്രാൻഡുകളും മേളയിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര പ്രതിനിധ്യത്തെ മുന്നിൽ നിന്ന് നയിക്കേണ്ടത് എംജി മോട്ടോഴ്‍സ്, ബിവൈഡി, സൈക്‌, ഗ്രേറ്റ് വാൾ, ഹൈമ തുടങ്ങിയ ചൈനീസ് കമ്പനികളാണെന്നതും ശ്രദ്ധേയമാണ്.