കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കിയും നിര്‍മാണ പ്ലാന്റുകള്‍ അടച്ചിടുന്നു. ഗുരുഗ്രാം, മനേസര്‍ എന്നിവിടങ്ങളിലെ യൂണിറ്റുകളാണ് മാരുതി അടച്ചിടുമെന്ന് അറിയിച്ചിരിക്കുന്നത്. 

മാര്‍ച്ച് 31 വരെ ജില്ലയിലെ കോര്‍പ്പറേറ്റ്, സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അടച്ചിടണമെന്ന് ഗുരുഗ്രാം ഡിസ്‌ക്ട്രിക് മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെ തുടര്‍ന്നാണ് മാരുതിയുടെ ഈ തീരുമാനം. ഇതിനുപുറമെ, റോഹ്തക്കിലുള്ള മാരുതിയുടെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് യൂണിറ്റും അടച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

സാനിറ്റൈസേഷന്‍ ഉറപ്പാക്കുകയും കമ്പനിയുടെയും പരിസരത്തിന്റെയും വൃത്തി ഉറപ്പാക്കുകയും, സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് ഉറപ്പാക്കുകയും, കൂടുതല്‍ കൂടിക്കാഴ്ചകള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ആക്കുകയും ചെയ്തത് ഉള്‍പ്പെടെ കൊവിഡ് 19-ന്റെ വ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട് മാരുതി അറിയിച്ചു. 

മാരുതിക്ക് പുറമെ രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളെല്ലാം തങ്ങളുടെ പ്ലാന്‍റുകള്‍ അടച്ചിടുന്നുണ്ട്. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്, ഫിയറ്റ് ക്രൈസ്ലര്‍ എന്നീ വാഹന നിര്‍മാതാക്കളുടെ മഹാരാഷ്ട്രയിലെ പ്ലാന്റുകളും ഹ്യുണ്ടായിയുടെ ചെന്നൈയിലെ പ്ലാന്റും ടൊയോട്ടയുടെ ബെംഗളൂരുവിലെ പ്ലാന്റും ഇതിനകം അടച്ചു കഴിഞ്ഞു.