ചീറിപ്പാഞ്ഞു വരുന്ന എസ്‍യുവിയുടെ അടിയില്‍ നിന്നും തലനാരിഴയ്‍ക്ക് രക്ഷപ്പെടുന്ന ബൈക്ക് യാത്രികരായ ദമ്പതികളുടെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. ബാംഗ്ലൂര്‍ - ചൈന്നൈ ദേശീയ പാതയില്‍ ചിറ്റൂരിനു സമീപം നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ഹൈവേയില്‍ അശ്രദ്ധമായി യൂടേണ്‍ എടുത്ത ബൈക്ക് യാത്രികരാണ് അപകടത്തില്‍പ്പെട്ടത്. നാലുവരിപ്പാതയില്‍ ആദ്യം വലത്തേക്ക് തിരിയുകയും തുടര്‍ന്ന് സിഗ്നല്‍ ഒന്നും നല്‍കാതെ ഇടത്തേക്ക് തിരിക്കുകയും ചെയ്യുന്ന ബൈക്ക് വീഡിയോയില്‍ കാണാം. ഈ ബൈക്കിനെ പിന്നാലെയെത്തുന്ന മെഴ്‍സിഡസ് ബെന്‍സ് എസ്‍യുവി ഇടിച്ചു തെറിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. 

ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്‍റെ അടിയിലേയ്ക്കാണ് ഇരുവരും വീഴുന്നത്. ഇവരെയും വലിച്ച് കുറച്ചുദൂരം മുന്നോട്ടോടിയ ശേഷമാണ് വാഹനം നില്‍ക്കുന്നത്. തുടര്‍ന്ന് എസ്‌യുവിയിലെ ഡ്രൈവറും യാത്രക്കാരും ഇറങ്ങി ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഇവരെ വാഹനത്തിന് അടിയിൽ നിന്നും പുറത്തെടുത്തത്.  എസ്‍യുവിയുടെ അമിതവേഗവും അപകടത്തിനു കാരണമായെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. ഇരുവരും കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.