കൊവിഡ്19 വൈറസ് വ്യാപനം മൂലം പ്രതിസന്ധിയിലാണ്  എല്ലാ മേഖലകളും. നിയന്ത്രണങ്ങള്‍മൂലം ഇരുചക്ര വാഹന വിപണി നേരിടുന്നത് കടുത്ത പ്രതിസന്ധിയാണെന്ന് ഇരുചക്ര വാഹന ഡീലര്‍മാരുടെ സംഘടനയായ ഓള്‍ കേരള ടുവീലര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു.   

കേരളത്തില്‍ പ്രതിമാസം ശരാശരി 60,000 ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുന്നുണ്ടായിരുന്നു. വിറ്റുവരവിന്റെ 40 ശതമാനത്തോളം നികുതി ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ തുടര്‍ന്ന് ബിസിനസ് നടത്താന്‍ ബുദ്ധിമുട്ടാണെന്നും അസോസിയേഷന്‍ പറയുന്നു. വായ്‍പാ തിരിച്ചടവ് മുടങ്ങിയാല്‍ എന്‍.പി.എ. കാറ്റഗറിയില്‍പ്പെടുത്തരുതെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. 

പുനരധിവാസ പദ്ധതിയില്‍പ്പെടുത്തി ദീര്‍ഘകാല വായ്പ കുറഞ്ഞ പലിശയില്‍ ലഭ്യമാക്കുക, കെട്ടിട വാടക മൂന്നു മാസത്തേക്കെങ്കിലും ഒഴിവാക്കുക, വിവിധ നികുതിയില്‍ ഇളവ്, വൈദ്യുതി നിരക്കില്‍ ഇളവ് തുടങ്ങിയവയും സര്‍ക്കാരിനോട് അസോസിയേഷന്‍ ആവശ്യപ്പെടുന്നുണ്ട്.